അതിവേഗം 50 ടി20 വിക്കറ്റുകൾ, റെക്കോഡ് നേട്ടവുമായി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി

#സ്പോർട്സ് ഡെസ്ക്
ശ്രീ ചരണി | AFP
ശ്രീ ചരണി | AFP

ദുബായ്: വനിതാ ടി20 ക്രിക്കറ്റിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ സ്പിന്നർ ശ്രീ ചരണി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അതിവേഗം 50 വിക്കറ്റുകൾ നേടുന്ന താരമെന്ന നേട്ടമാണ് ശ്രീ ചരണി സ്വന്തമാക്കിയത്. 29 മത്സരങ്ങളിൽ നിന്നാണ് ഇന്ത്യൻ സ്പിന്നറുടെ 50 വിക്കറ്റ് നേട്ടം.

ഏഷ്യാകപ്പ് സെമിയിൽ ബംഗ്ലാദേശ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ശ്രീ ചരണി റെക്കോഡ് സ്വന്തമാക്കിയത്. മത്സരത്തിൽ നാലോവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്. വനിതാ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 50 വിക്കറ്റുകളെടുക്കുന്ന പ്രായം കുറഞ്ഞ താരങ്ങളിൽ നാലാമതാണ് ശ്രീ ചരണി.

ചൈനയുടെ മെങ്ടിങ് ലിയൂ ആണ് ഏറ്റവും വേഗത്തിൽ 50 ടി20 വിക്കറ്റുകൾ നേടിയ താരം. 28 മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നേട്ടം. ശ്രീ ചരണിക്ക് പുറമേ 29 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ രണ്ട് താരങ്ങൾ കൂടിയുണ്ട്. ന്യൂസിലൻഡിന്റെ ലെയി കാസ്‌പെറക്, വിൻഡീസിന്റെ അനിസ മുഹമ്മദ് എന്നിവരാണ് പട്ടികയിൽ രണ്ടാമതുള്ളത്.

ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണാണ് 50 ടി20 വിക്കറ്റ് നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരം. ഈ നേട്ടത്തിലെത്തുമ്പോൾ 20 വർഷവും 300 ദിവസവുമാണ് എക്ലസ്‌റ്റോണിന്റെ പ്രായം. ഇന്ത്യയുടെ രാധ യാദവ് പട്ടികയിൽ രണ്ടാമതും ന്യൂസീലൻഡിന്റെ അമേലിയ കെർ പട്ടികയിൽ മൂന്നാമതുമാണ്.

Content Highlights: Shree Charani achieved 50 T20I wickets in 29 matches, the fastest by any Indian player