പനി അവഗണിച്ച് ബാറ്റിങ്ങിനിറങ്ങി; ശര്‍ദുല്‍ താക്കൂറിനെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഇറാനി കപ്പ് മത്സരത്തിനിടെ മുംബൈ ഓള്‍ റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിനെ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മത്സരത്തിന്റെ രണ്ടാംദിവസത്തിലാണ് സംഭവം. കടുത്ത പനി വകവയ്ക്കാതെ താരം ബാറ്റിങ്ങിനിറങ്ങാനായി നിര്‍ബന്ധം പിടിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. മലേറിയ, ഡെങ്കി സാധ്യതകള്‍ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു.
മത്സരത്തില്‍ മുംബൈക്കായി സര്‍ഫറാസ് ഖാനൊപ്പം ഒന്‍പതാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു ശര്‍ദുല്‍. 36 റണ്‍സാണ് ശര്‍ദുല്‍ നേടിയത്. പക്ഷേ, രണ്ട് മണിക്കൂറിനടുത്ത് ക്രീസില്‍ ചെലവഴിച്ചതോടെ പനി കൂടുകയും ശരീരോഷ്മാവ് 102 ഡിഗ്രിയിലെത്തുകയും ചെയ്തു. ഇന്നിങ്‌സിനിടെ രണ്ടുതവണ ബ്രേക്കെടുത്ത് ടീം ഡോക്ടറുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യദിവസംതന്നെ താരത്തിന് ചെറിയ പനിയുണ്ടായിരുന്നു. തലേദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെട്ടിരുന്നുവെങ്കിലും പനി വകവയ്ക്കാതെ ബാറ്റിങ്ങിന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ താരം വിവിധ ടെസ്റ്റുകള്‍ക്ക് വിധേയനായി. തുടര്‍ന്ന് ഡിസ്ചാര്‍ജായി.
Content Highlights: shardul Thakur hospitalised due to high fever