ആ മാധ്യമപ്രവര്‍ത്തകന്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കില്‍ താന്‍ രണ്ടാമത് ട്വീറ്റ് ചെയ്യില്ലായിരുന്നു - സാഹ

Photo: ANI
Photo: ANI

ന്യൂഡല്‍ഹി: തന്നെ ഭീഷണിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഇതുവരെ തന്നോട് ക്ഷമ ചോദിച്ചിട്ടില്ലെന്നും തന്റെ രണ്ടാമത്തെ ട്വീറ്റ് സൂചിപ്പിക്കുന്നത് അക്കാര്യമാണെന്നും വ്യക്തമാക്കി ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. 

ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സാഹ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബിസിസിഐ തന്നെ സമീപിച്ചിട്ടുണ്ടെന്നും എല്ലാ സംഭവങ്ങളും അവര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും സാഹ വ്യക്തമാക്കി.

ബിസിസിഐ നേരത്ത തന്നെ തന്നോട് സന്ദേശമയച്ചയാളുടെ പേര് ചോദിച്ചിരുന്നുവെന്നും എന്നാല്‍ പേര് വെളിപ്പെടുത്തുന്നതില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുകയുുമായിരുന്നുവെന്നും സാഹ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയ ആളുടെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും അത് അയാളുടെ കരിയര്‍ നശിപ്പിക്കാന്‍ കാരണമായേക്കുമെന്നും താരം വ്യക്തമാക്കി.

''ആ വ്യക്തി എന്നോട് മാപ്പ് പറഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തെ ട്വീറ്റ് വ്യക്തമാക്കുന്നത്. ബിസിസിഐ എനിക്ക് പിന്തുണ നല്‍കി, അയാളുടെ പേര് ചോദിക്കുകയും ചെയ്തു. എന്നാല്‍ ആ പേര് ഇതുവരെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും ഞാനവര്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ട്.'' - സാഹ വ്യക്തമാക്കി.

ആ വ്യക്തിക്ക് താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അവസരം നല്‍കുകയാണെന്നും സാഹ പറയുന്നു. വിവാദങ്ങളുണ്ടാക്കുകയല്ല തന്റെ ലക്ഷ്യമെന്ന് പറഞ്ഞ താരം ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ജനങ്ങളോട് പറയുക മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി മാറ്റി നിര്‍ത്തിയതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സാഹ വെളിപ്പെടുത്തിയിരുന്നു. തനിക്ക് അഭിമുഖം തരണമെന്നായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്റെ ആവശ്യം. എന്നാല്‍ സാഹ ഇതിന് പ്രതികരിക്കാതിരുന്നതോടെ മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാഹ പുറത്തുവിടുകയായിരുന്നു.
 

Content Highlights: second tweet clearly shows that the journalist has not apologised says Wriddhiman Saha