‘ഇങ്ങനെ കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യും, പോസ്റ്റ് ഇഷ്ടപ്പെടുന്നില്ലെങ്കിൽ പോകൂ’; രൂക്ഷപ്രതികരണവുമായി നടി സമ്രീൻ കൗർ

#സ്പോർട്സ് ഡെസ്ക്
അർഷ്ദീപ് സിംഗും സമ്രീൻ കൗറും | Instagram/samreenkaur
അർഷ്ദീപ് സിംഗും സമ്രീൻ കൗറും | Instagram/samreenkaur

ന്യൂഡൽഹി: ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സാമൂഹികമാധ്യമങ്ങളിലെ കമന്റുകൾക്കെതിരേ നടിയും മോഡലുമായ സമ്രീൻ കൗർ. പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് നടി പേസറുമായി ഡേറ്റിങ്ങിൽ ഏർപ്പെടുന്നതെന്ന ആരോപണങ്ങളോട് നടി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. താൻ നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ സന്തോഷവതിയാണെന്നും സാമൂഹികമാധ്യമങ്ങളിലെ അപരിചിതർക്ക് മുന്നിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും സമ്രീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. പിന്നാലെ അർഷ്ദീപ് ഈ സ്റ്റോറി പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

“ഞാൻ ലോകത്തെ എത്രയധികം കാണുന്നുവോ, അത്രയധികം സാമൂഹികമാധ്യമങ്ങളിലെ ആളുകൾ എത്രകണ്ട് കാപട്യമുള്ളവരാണെന്ന് ഞാൻ തിരിച്ചറിയുന്നു. നിങ്ങൾ നിങ്ങളുടെ പങ്കാളിയെ ഒളിപ്പിച്ചുവെച്ചാൽ, നിങ്ങൾ അവനെക്കുറിച്ച് അഭിമാനിക്കുന്നില്ലെന്നാവും പറയുക. നിങ്ങൾ നിങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചാൽ, നിങ്ങൾ പ്രശസ്തിക്ക് വേണ്ടിയാണ് അത് ചെയ്യുന്നതെന്ന് പറയും. നിങ്ങൾ അവരെ ആത്മാർത്ഥമായി സ്നേഹിച്ചാൽ, ഏതായാലും നിങ്ങൾ അവരെ ഉപേക്ഷിച്ചുപോകും എന്ന് പറയും.”-സമ്രീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

“ഞാൻ എന്റെ 17-ാം വയസ്സു മുതൽ ജോലി ചെയ്യുന്നുണ്ട്, സാമ്പത്തികമായും തൊഴിൽപരമായും ഞാൻ തന്നെയാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. 20-ലധികം രാജ്യങ്ങൾ സന്ദർശിച്ചു, ഒരു ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും സന്തോഷകരമായ ഒരു ജീവിതം കെട്ടിപ്പടുത്തു,” സമ്രീൻ കൂട്ടിച്ചേർത്തു

ഇത്തരം അഭിപ്രായങ്ങളെ താൻ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടി, തന്റെ പേജിൽ ഇത്തരം കമന്റുകളിടുന്നവരെ ബ്ലോക്ക് ചെയ്യുമെന്നും വ്യക്തമാക്കി. ഞാൻ എന്നെക്കുറിച്ചും അവനെക്കുറിച്ചും ഞങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കാരണം ഇതാണ് എന്റെ ജീവിതം. അത് ഇഷ്ടമില്ലാത്തവർക്ക് പേജിൽ നിന്ന് പോകാം. ഇവിടെ വന്ന് അവരുടെ വ്യക്തിപരമായ നീരസവും വെറുപ്പും പറയുന്നവരെ ബ്ലോക്ക് ചെയ്യും. താൻ തന്റെ ജീവിതത്തിലും ബന്ധത്തിലും സന്തോഷവതിയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlights: Punjabi actor Samreen Kaur addressed constant online judgment regarding her relationship with cricketer Arshdeep Singh