ഇങ്ങനെ അപമാനം നേരിട്ട് ടീമിൽ തുടരണോ?; രോഹിത് വിരമിക്കുന്നത് ആലോചിക്കണമെന്ന് മുൻ ഇന്ത്യൻ താരം

ന്യൂഡൽഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് രോഹിത് ശർമയെ അപമാനിക്കുന്നതായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇങ്ങനെ അപമാനം സഹിച്ച് ടീമിൽ തുടരണമോയെന്നും വിരമിക്കലിനെ കുറിച്ച് രോഹിത് ആലോചിക്കണമെന്നും തിവാരി പറഞ്ഞു.
രോഹിത് ശർമയ്ക്ക് പകരം ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായി നിയമിച്ചത്. കഴിഞ്ഞ മേയിൽ ടെസ്റ്റ് ടീമിന്റെ ക്യാപ്‌റ്റനായി ഗിൽ നിയമിതനായിരുന്നു. ഇനി വരാനിരിക്കുന്ന ഏകദിന ടൂർണമെന്റുകളിലെല്ലാം ഗിൽ ഇന്ത്യയെ നയിക്കും.
‘രോഹിത് ഇനി അവരുടെ പദ്ധതികളിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം അദ്ദേഹത്തിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ഞാനായിരുന്നു രോഹിത് ശർമയുടെ സ്ഥാനത്തെങ്കിൽ, വിരമിക്കലിനെക്കുറിച്ച് ആലോചിക്കുമായിരുന്നു. അദ്ദേഹത്തെപ്പോലൊരു കളിക്കാരൻ ഇത്തരമൊരു അപമാനം അർഹിക്കുന്നില്ല’- തിവാരി പറഞ്ഞു.
അദ്ദേഹം ഒരു ഐസിസി ട്രോഫി മാത്രമല്ല, രണ്ടെണ്ണം നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പിലും കിരീടത്തിനരികെ എത്തി. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ, അദ്ദേഹത്തിൻ്റെ പേരിൽ അഞ്ച് ഐപിഎൽ കിരീടങ്ങളുണ്ടെന്ന കാര്യവും മറക്കരുത്. ഇത്രയൊക്കെ നേടിയിട്ടും ഇങ്ങനെ കാണിക്കുന്നത് ശരിയല്ല. ഇങ്ങനെ അപമാനിക്കപ്പെട്ടതിന് ശേഷവും ടീമിൽ തുടരണമെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല.- മനോജ് തിവാരി പറഞ്ഞു.
അവർ പുറത്താക്കുന്നതിന് മുൻപ് അദ്ദേഹം സ്വയം മാറി നിൽക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കിൽ, അദ്ദേഹത്തിന് അന്തസ്സോടെ പടിയിറങ്ങാമെന്നും തിവാരി കൂട്ടിച്ചേർത്തു.
മൂന്ന് ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റൻ എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബിസിസിഐ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ടെസ്റ്റ് ടീം ക്യാപ്റ്റൻ ഗില്ലിന് ഏകദിന ടീമിന്റെ ചുമതലകൂടി ലഭിച്ചതോടെ ഇനി ട്വന്റി-20 ടീമിന് മാത്രമാണ് മറ്റൊരു ക്യാപ്റ്റനുള്ളത്. ടി-20 ടീമിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ഗിൽ അവിടെ വൈസ് ക്യാപ്റ്റനായതിനാൽ സ്വഭാവികമായും സൂര്യകുമാറിന്റെ പിൻഗാമിയാകും.
Content Highlights: rohits captaincy removal manoj tiwary response