'ആ യുവതാരത്തോട് കാണിച്ചത് വലിയ അനീതി'-ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അശ്വിൻ

മുംബൈ: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ യുവതാരം യശസ്വി ജയ്സ്വാളിന്റെ അഭാവം ക്രിക്കറ്റ് ആരാധാകരെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരം ആർ.അശ്വിൻ. ഏകദിനത്തിൽ നിന്ന് യശസ്വി ജയ്സ്വാളിനെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ആർ.അശ്വിൻ പ്രതികരിച്ചു. ഓപ്പണറായ ശുഭ്മാൻ ഗിൽ അവസാന ഏകദിനങ്ങൾ കളിക്കാത്തതിനാൽ ആ മത്സരങ്ങളിലെങ്കിലും അവസരം നൽകണമെന്ന് ആർ അശ്വിൻ വ്യക്തമാക്കി.
'ജയ്സ്വാളിന്റെ ആത്മവിശ്വാസം തകർക്കുന്ന ഇത്തരം പരിപാടികൾ ദൗർഭാഗ്യകരമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടാൽ മനസിലാകും. രണ്ടോ മൂന്നോ വർഷം മുമ്പ് ബാറ്റ് ചെയ്ത രീതിയിലല്ല ഇപ്പോൾ കളിക്കുന്നത്. അദ്ദേഹം ഒരു റൺ മെഷീനായിരുന്നു. യശസ്വി ജയ്സ്വാളിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ കിട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹത്തെ കളിപ്പിക്കേണ്ട ഉത്തരവാദിത്തം ബിസിസിഐയ്ക്കുണ്ട്.'-അശ്വിൻ വ്യക്തമാക്കി.
താൻ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നെങ്കിൽ യശസ്വിയെ വിളിച്ച് രണ്ട് മത്സരങ്ങൾ കളിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുമായിരുന്നുവെന്നും അശ്വൻ കൂട്ടിച്ചേർത്തു. 'ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിലാണ് യശസ്വി അവസാനമായി കളിച്ചത്. അതിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഏറ്റവും മികച്ച ഫോമിലാണെങ്കിൽ മികച്ച സ്കോറുകൾ കണ്ടെത്താൻ കഴിയുന്ന ബാറ്ററാണ് അദ്ദേഹം. യശസ്വിയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് ടീം മാനേജ്മെന്റിന്റേയും സെലക്ടർമാരുടേയും ഉത്തരവാദിത്തമാണ്.'-അശ്വിൻ വ്യക്തമാക്കി.
Content Highlights: Ravichandran Ashwin criticized the decision to exclude Yashasvi Jaiswal from the ODI squad against New Zealand., Ashwin stated that dropping in-form players destroys their confidence and urged the BCCI to give him proper chances., Jaiswal's recent form and lack of international matches since the Sri Lanka series were highlighted by Ashwin.