ഇംഗ്ലണ്ടിനോട് നാണംകെട്ട് പാകിസ്താൻ; രണ്ടിന്നിങ്സിലും പൂജ്യത്തിന് വിക്കറ്റ് വീണതോടെ മോശം റെക്കോർഡും

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താന് നാണക്കേട്. ഇന്നിങ്സിനും 103 റൺസിനുമാണ് പാകിസ്താൻ ആതിഥേയരോട് തോറ്റത്. ജോഷ് ടങ്ങിന്റേയും ഒലി റോബിൻസണിന്റേയും ബൗളിങ്ങിന് മുന്നിൽ തകർന്ന പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 171 റൺസിനും രണ്ടാം ഇന്നിങ്സിൽ 135 റൺസിനും പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് അടിച്ചെടുത്തത് 409 റൺസാണ്.
ഇതിനൊപ്പം ഒരു മോശം റെക്കോർഡും പാകിസ്താന്റേ പേരിലായി. രണ്ടിന്നിങ്സിലും സ്കോർ ബോർഡിൽ റണ്ണെത്തും മുമ്പ് പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിങ്സിൽ ഓപ്പണർ ആസാൻ അവെയ്സിനെ ഒലി റോബിൻസൺ വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇമാമുൽ ഹഖാണ് പൂജ്യത്തിന് പുറത്തായത്. ഇത്തരത്തിൽ ഇന്നിങ്സ് തുറക്കും മുമ്പ് ഏഴാമത്തെ തവണയാണ് പാകിസതാന് വിക്കറ്റ് നഷ്ടപ്പെടുന്നത്. അഞ്ച് തവണ നഷ്ടമായ ഇംഗ്ലണ്ട്, നാല് തവണ നഷ്ടമായ ഓസ്ട്രേലിയ, രണ്ട് തവണ നഷ്ടമായ ഇന്ത്യ, ഒരു തവണ നഷ്ടമായ ന്യൂസീലൻഡ് എന്നിവരാണ് ഈ മോശം റെക്കോർഡിൽ പാകിസ്താന് പിന്നിലുള്ളത്.
മൂന്ന് ദിവസത്തിനുള്ളിലാണ് പാകിസ്താനെ ഇംഗ്ലണ്ട് തരിപ്പണമാക്കിയത്. അഞ്ച് വിക്കറ്റ് വീതം നേടിയ ജോഷ് ടങ്, ഒലി റോബിൻസൺ എന്നിവരുടെ ബൗളിങ് മികവിൽ പാകിസ്താനെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 171 റൺസിന് ഒതുക്കി. 61 റൺസ് നേടിയ അബ്ദുല്ല ഷഫീഖ്, 42 റൺസ് അടിച്ച ഇമാമുൽ ഹഖ് എന്നിവർ മാത്രമാണ് ബാറ്റിങ്ങിൽ പിടിച്ചുനിന്നത്. പിന്നാലെ ആദ്യ ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് 409 റൺസ് അടിച്ചു 238 റൺസിന്റെ ലീഡ് നേടി. 73 റൺസ് നേടിയ ജോർദാൻ കോക്സ്, 66 റൺസടിച്ച ജോ റൂട്ട്, 91 റൺസ് നേടിയ ഹാരി ബ്രൂക്ക്, 51 റൺസ് അടിച്ച ഡാൻ ലോറൻസ് എന്നിവരാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പാകിസ്താനായി അലി ഉസ്മാൻ അഞ്ചും ഖുറാം ഷഹ്സാദ് മൂന്നും വിക്കറ്റ് വീഴ്ത്തി.
238 റൺസ് പിന്നിൽ രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയ പാകിസ്താൻ വീണ്ടും തകർന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഒലി റോബിൻസൺ, ജോഷ് ടങ്, ജോഫ്ര ആർച്ചർ എന്നിവർ പാകിസ്താന്റെ നടുവൊടിച്ചു. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പോലും പറ്റാതെ അവർ 135 റൺസിന് കൂടാരം കയറി. 41 റൺസ് അടിച്ച മുഹമ്മദ് റിസ്വാനാണ് അൽപമെങ്കിലും ചെറുത്തു നിന്നത്. ഓഗസ്റ്റ് 27-ന് ലോർഡ്സിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.
Content Highlights: Pakistan lost the first Test against England by an innings and 103 runs within three days., Josh Tongue and Ollie Robinson starred with the ball for England, taking five wickets each in the first innings., Pakistan set an unwanted record by losing their first wicket before scoring a run in both innings., The second Test is scheduled to begin at Lord's on August 27