എല്ലാവർക്കും ക്രിക്കറ്റ് കൊണ്ട് ജീവിക്കാം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തം:പി.ബാലചന്ദ്രന്‍

By: കെ.എസ്. കൃഷ്ണരാജ്
'ജീവിതത്തിന്റെ മറ്റു വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഒരിക്കലും ക്രിക്കറ്റിലേക്കിറങ്ങരുത്' കളിക്കാരനായും പരിശീലകനായും 50 വര്‍ഷമായി ക്രിക്കറ്റ് ജീവിതമാക്കിയ പി.ബാലചന്ദ്രന്റെ വാക്കുകള്‍.
''ഇന്ന് ക്രിക്കറ്റ് ഒരു ജീവിത മാര്‍ഗമായി തീര്‍ന്നിരിക്കുന്നു എന്നതില്‍ സംശയമില്ല. എന്നു കരുതി ക്രിക്കറ്റ് കളിക്കുന്ന എല്ലാവരും ഈ ഗെയിം കൊണ്ട് ജീവിക്കാം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. ഇന്ന് ക്രിക്കറ്റിനോട് താല്പര്യമുള്ള കുട്ടികള്‍ 12-13 വയസ്സില്‍ കളിച്ചു തുടങ്ങുന്നുണ്ട്. അവര്‍ 2-3 വര്‍ഷം കഴിഞ്ഞ് സ്വയം ഒന്നു വിലയിരുത്തണം. പരിശീലകരുമായും ചര്‍ച്ച ചെയ്യണം. ഏതു ലെവല്‍ വരെ പോകാനുള്ള പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് സ്വയം മനസ്സിലാക്കണം. ക്രിക്കറ്റ് ഒരു കരിയറാക്കി മാറ്റാന്‍ സാധ്യതയുള്ള ആളാണെന്ന് ബോധ്യപ്പെടുന്നുവെങ്കില്‍ മാത്രം ഗെയിമിലേക്ക് പൂര്‍ണമായി ഇറങ്ങുക. അല്ലാത്തപക്ഷം വിദ്യാഭ്യാസവും ജീവിതത്തില്‍ ഉയര്‍ച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും മുന്നില്‍ കണ്ടുമാത്രം കളിക്കുക'' മാതൃഭൂമി ഡോട്ട് കോമിന്റെ Yours Truly യോട് കേരളാ ടീമിന്റെ മുന്‍പരിശീലകന്‍ കൂടിയായ ബാലചന്ദ്രന്‍ പറയുന്നു.
കളിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ പഠനമുപേക്ഷിച്ച് ക്രിക്കറ്റിലേക്കിറങ്ങുന്നു എന്ന് പറയുന്ന ഒരാളെ ഒരു പരിശീലകനോ ക്ലബ് അധികാരിയോ പ്രോത്സാഹിപ്പിക്കരുത്. ക്രിക്കറ്റിനോടുള്ള ഭ്രമം കൊണ്ടുമാത്രം കളിക്കാന്‍ എത്തുന്നവര്‍ അനവധിയാണ്. അത്തരക്കാരുടെ കളി കണ്ട് വിലയിരുത്തിയശേഷം മാത്രം അത്തരം കുട്ടികളെ ഉപദേശിക്കുക. അല്ലാത്തപക്ഷം ആ കുട്ടിയോടു ചെയ്യുന്ന മഹാഅപരാധമായി അതു മാറും.
കളിക്കും പഠനത്തിനും ഇടയിലൊരു ബാലൻസ് കണ്ടെത്താനാവണം. എന്റെ പക്കലെത്തുന്ന കുട്ടികളോടുള്ള ആദ്യ ഉപദേശമാണിത്. തുടങ്ങുന്ന കാലത്ത് മൂന്നുമൂന്നര മണിക്കൂര്‍ പരിശീലനം തന്നെ ധാരാളമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വളര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ പരിശീലന സമയം കൂട്ടുക. ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് മുഖ്യസ്ഥാനമുണ്ട്.
ദ്രാവിഡും കുംബ്ലെയും ലക്ഷ്മണുമൊക്കെ അതു തെളിയിച്ചവരാണ്. ആ ഘടകങ്ങളെയും മാതൃകയാക്കണം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതാണ് സ്വപ്നം എന്നു പറയുന്നതു കൊണ്ട് മാത്രം ഒരാളെ പ്രോത്സാഹിപ്പിക്കരുത്. ഒരു കളിക്കാരനെയും അയാളെ പിന്തുണയ്ക്കുന്ന സംവിധാനത്തെയും നല്ല പോലെ വിലയിരുത്തിയശേഷം തീരുമാനമെടുക്കുക. ജീവിതത്തിന്റെ മറ്റു വാതിലുകള്‍ ഒരിക്കലും കൊട്ടിയടച്ചുകൊണ്ട് ക്രിക്കറ്റിലേക്കിറങ്ങരുത്.


VIEW ON mathrubhumi.com