തോറ്റെങ്കിലും തലയുയര്‍ത്തി നബി, പുതിയ രണ്ട് റെക്കോഡ് സ്വന്തമാക്കി

Photo: PTI
Photo: PTI

ലാഹോര്‍: 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ മനം കവര്‍ന്നാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീം തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഫ്ഗാന്‍ വെറും രണ്ട് റണ്‍സിനാണ് പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായത്. 

മത്സരത്തില്‍ അഫ്ഗാനുവേണ്ടി മുഹമ്മദ് നബിയുടെ വെടിക്കെട്ട് പ്രകടനം നിര്‍ണായകമായി. മത്സരത്തില്‍ 32 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത നബി ആറ് ഫോറും അഞ്ച് സിക്‌സും അടിച്ചെടുത്തു. പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. എങ്കിലും തലയുയര്‍ത്തിയാണ് താരം മടങ്ങുന്നത്. ഒപ്പം പുതിയ രണ്ട് റെക്കോഡും സ്ഥാപിച്ചു. 

അഫ്ഗാനിസ്താന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി 5000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് നബി സ്വന്തമാക്കിയത്. 259 മത്സരങ്ങളിലെ 238 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഒരു സെഞ്ചുറിയും 21 ഫിഫ്റ്റികളും നബിയുടെ ബാറ്റില്‍ നിന്ന് പിറന്നു. നിലവില്‍ നബിയുടെ അക്കൗണ്ടില്‍ 5011 റണ്‍സാണുള്ളത്. മുഹമ്മദ് ഷഹ്‌സാദ് (4811), അസ്ഗര്‍ അഫ്ഗാന്‍ (4246) എന്നിവരാണ് റണ്‍ വേട്ടക്കാരില്‍ നബിയ്ക്ക് പിന്നിലുള്ളത്. 

ശ്രീലങ്കയ്‌ക്കെതിരേ വെറും 24 പന്തുകളില്‍ നിന്നാണ് നബി അര്‍ധസെഞ്ചുറി നേടിയത്. ഇതും റെക്കോഡാണ്. ഏകദിനത്തില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന അഫ്ഗാന്‍ താരം എന്ന റെക്കോഡ് നബി സ്വന്തമാക്കി. 26 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ മുജീബുര്‍ റഹ്‌മാന്റെ റെക്കോഡാണ് നബി തകര്‍ത്തത്. നിലവില്‍ അഫ്ഗാന് വേണ്ടി മൂന്ന് ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും 109 ട്വന്റി 20 മത്സരങ്ങളിലും കളിക്കാന്‍ നബിയ്ക്ക് സാധിച്ചു. ആകെ 249 വിക്കറ്റുകളും വീഴ്ത്തി.

Content Highlights: Mohammed Nabi Shatters Record Books