അരങ്ങേറ്റം നേരത്തെയായിരുന്നെങ്കില്‍ സച്ചിനേക്കാള്‍ 5000 റണ്‍സ് കൂടുതല്‍ നേടിയേനെ - മൈക്കല്‍ ഹസ്സി

മൈക്കല്‍ ഹസ്സി, സച്ചിൻ തെണ്ടുല്‍ക്കര്‍ | Photo: AP, ANI
മൈക്കല്‍ ഹസ്സി, സച്ചിൻ തെണ്ടുല്‍ക്കര്‍ | Photo: AP, ANI

കാന്‍ബറ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നെങ്കില്‍ റണ്‍നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ താന്‍ മറികടക്കുമായിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ ഹസ്സി. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന് വിളിക്കുന്ന ഹസ്സി 29-ാം വയസിലാണ് ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. യൂട്യൂബിലെ ഗ്രേഡ് ക്രിക്കറ്റര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഹസ്സി.

ഓസീസ് ദേശീയ ടീമിലെത്തും മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ അറിയപ്പെടുന്ന താരമായിരുന്നു ഹസ്സി. ഓസീസിനായി അരങ്ങേറ്റം കുറിച്ച ശേഷം എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ താരത്തിനായിരുന്നു. എട്ടു വര്‍ഷം മാത്രമാണ് താരം ഓസീസിനായി കളിച്ചത്.

അഭിമുഖത്തിനിടെ നേരത്തേ അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ തന്റെ ക്രിക്കറ്റിലെ കണക്കുകള്‍ വ്യത്യസ്തമാകുമായിരുന്നുവെന്ന് പറഞ്ഞ ശേഷമാണ് ഹസ്സി തന്നെ സച്ചിന്റെ റെക്കോഡുമായി താരതമ്യം ചെയ്തത്. ''ഞാന്‍ ഇതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറെക്കാള്‍ ഞാന്‍ ഏകദേശം 5,000 റണ്‍സ് കൂടുതല്‍ നേടുമായിരുന്നു. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കൂടുതല്‍ ആഷസ് വിജയങ്ങള്‍, ഏറ്റവും കൂടുതല്‍ ലോകകപ്പ് വിജയങ്ങള്‍, ഒരുപക്ഷേ ഇതെല്ലാം. പിന്നെ, നിര്‍ഭാഗ്യവശാല്‍, ഞാന്‍ രാവിലെ ഉണരുമ്പോള്‍ അത് ഒരു സ്വപ്നം മാത്രമാണ്. നേരത്തേ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ഏറെ സന്തോഷിച്ചേനേ. പക്ഷേ നല്ല കാര്യം എന്തായിരുന്നു എന്നുവെച്ചാല്‍, എന്നെ തിരഞ്ഞെടുക്കുമ്പോള്‍ എന്റെ കളിയെക്കുറിച്ച് എനിക്ക് മികച്ച ധാരണയുണ്ടായിരുന്നു എന്നതാണ്.'' - ഹസ്സി പറഞ്ഞു.

അന്താരാഷ്ട്ര കരിയറില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 12,398 റണ്‍സാണ് ഹസ്സിയുടെ സമ്പാദ്യം. 79 ടെസ്റ്റില്‍ നിന്ന് 19 സെഞ്ചുറികളടക്കം 6235 റണ്‍സും 185 ഏകദിനങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികളടക്കം 5442 റണ്‍സും 38 ടി20 മത്സരങ്ങളില്‍ നിന്ന് 721 റണ്‍സും ഹസ്സി നേടിയിട്ടുണ്ട്.

16-ാം വയസില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 24 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്ന താരമാണ്. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സും സച്ചിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 51 സെഞ്ചുറികളും ഏകദിനത്തില്‍ 49 സെഞ്ചുറികളും നേടിയ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയ ഏക താരമാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ഹസ്സിയുടെ റെക്കോഡുകള്‍ ഞെട്ടിക്കുന്നതാണ്. 273 മത്സരങ്ങളില്‍ നിന്നായി 52 റണ്‍സ് ശരാശരിയില്‍ 23,000 റണ്‍സോളം താരം നേടിയിട്ടുണ്ട്. 61 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: Former Australian cricketer Michael Hussey believes he would have scored 5000 more runs than Sachin Tendulkar if he had debuted earlier in international cricket