276 പന്തില്‍ 247 എണ്ണവും ഡോട്ട് ബോളുകള്‍; സതാംപ്റ്റണില്‍ ജമെയ്‌സണ്‍ന്റെ ക്ലാസ് പ്രകടനം

വിരാട് കോലിയോട് തമാശ പങ്കിടുന്ന കെയ്ല്‍ ജമെയ്‌സണ്‍| Photo: AP
വിരാട് കോലിയോട് തമാശ പങ്കിടുന്ന കെയ്ല്‍ ജമെയ്‌സണ്‍| Photo: AP

സതാംപ്റ്റൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ കുഴക്കിയത് ന്യൂസീലന്റ് ബൗളർ കെയ്ൽ ജമെയ്സണായിരുന്നു. തന്റെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജമെയ്സണ് മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിയർത്തു. രണ്ടിന്നിങ്സിലുമായി ഏഴു വിക്കറ്റാണ് ഈ ഉയരക്കാരൻ കിവീസ് പേസ് ബൗളർ നേടിയത്.

276 പന്തുകളാണ് ജമെയ്സൺ ഫൈനലിൽ ആകെ എറിഞ്ഞത്. അതിൽ 247 എണ്ണം ഡോട്ട് ബോളുകളായിരുന്നു. ഇക്കണോമി റേറ്റ് 1.5-ൽ താഴെ. ഒപ്പം പേസിലൂടേയും ഇരുഭാത്തേക്കും സ്വിങ് ചെയ്യിച്ചും കിവീസ് പേസർ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചു.

രണ്ട് ഇന്നിങ്സിലും വിരാട് കോലിയെ പുറത്താക്കിയതും ജമെയ്സൺ തന്നെ. ജമെയ്സൺന്റെ ഔട്ട്സ്വിങ്ങറിലാണ് രോഹിത് ശർമയുടെ വിക്കറ്റ് വീണത്. എന്നാൽ താരതമ്യേന മോശമായൊരു പന്തിലാണ് ഋഷഭ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എന്നാൽ കളിക്കാൻ അസാധ്യമായ ഒരു പന്താണ് ഔട്ട്സൈഡ് ഓഫ് സ്റ്റമ്പിൽ പിച്ച് ചെയ്ത് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് കീഴ്പ്പെടുത്തി ന്യൂസീലന്റ് കിരീടം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവെച്ച 139 റൺസ് വിജയലക്ഷ്യം 43 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലന്റ് മറികടന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസ് നേടിയപ്പോൾ ന്യൂസീലന്റ് മറുപടി ബാറ്റിങ്ങിൽ 249 റൺസ് അടിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 170 റൺസിന് പുറത്താക്കാനും കിവീസിന് കഴിഞ്ഞു.

Content Highlights: Kyle Jamieson Bowling Performance World Test Championship Final

Content Highlights: