കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; അങ്കത്തട്ടിൽ 156 പ്രതിഭകൾ, ലേലം നിയന്ത്രിക്കാൻ ചാരു ശർമയെത്തും

#സ്പോർട്സ് ഡെസ്ക്
ചാരു ശർമ
ചാരു ശർമ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ശനിയാഴ്ച 'ദി ലീലാ റാവിസി'ൽ നടക്കും. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ലേല നടപടികൾക്ക് അന്താരാഷ്ട്ര തലത്തിലും ഐപിഎലിലും ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള ഓക്ഷനിയർ ചാരു ശർമയാണ് നേതൃത്വം നൽകുന്നത്. ലേല നടപടികൾക്ക് ശേഷം ആറു മണിക്ക് കെ.സി.എ ഭാരവാഹികൾ മാധ്യമങ്ങളെ കാണും. ആരാധകർക്കായി ലേലത്തിന്റെ തത്സമയ സംപ്രേഷണം ജിയോ ഹോട്ട്സ്റ്റാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ തത്സമയം ലഭ്യമാക്കും.

നാളെയുടെ വാഗ്ദാനങ്ങളായ കൗമാര പ്രതിഭകൾ മുതൽ രഞ്ജി ട്രോഫി കളിച്ച മുൻനിര താരങ്ങൾവരെ അണിനിരക്കുന്ന ലേലപ്പട്ടികയിൽ ആകെ 173 കളിക്കാരാണുള്ളത്. ഇതിൽ വിവിധ ഫ്രാഞ്ചൈസികൾ ഇതിനകംതന്നെ തങ്ങളുടെ പ്രിയപ്പെട്ട 17 താരങ്ങളെ നിലനിർത്തിക്കഴിഞ്ഞു. ഏരീസ് കൊല്ലം സെയിലേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നിവർ പരമാവധി അനുവദനീയമായ നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൺഡ്രം റോയൽസ് എന്നിവർ മൂന്ന് താരങ്ങളെ വീതവും നിലനിർത്തിയപ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടുപേരെയും ആലപ്പി റിപ്പിൾസ് ഒരു താരത്തെയുമാണ് ഒപ്പം നിർത്തിയത്. ബാക്കിയുള്ള 156 പ്രതിഭകളെ സ്വന്തമാക്കാനായാണ് ആറ് ഫ്രാഞ്ചൈസികളും നാളെ ലേലഹാളിൽ തന്ത്രങ്ങളുമായി നേർക്കുനേർ വരുന്നത്.

ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമിൽ കുറഞ്ഞത് പതിനാറും പരമാവധി 20 താരങ്ങളെയും ഉൾപ്പെടുത്താം. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക.

പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ മത്സരങ്ങൾ കളിച്ച പരിചയസമ്പന്നരായ 'എ' കാറ്റഗറി താരങ്ങൾക്ക് 3 ലക്ഷം രൂപയാണ് അടിസ്ഥാന വില. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ തിളങ്ങിയ 'ബി' കാറ്റഗറി താരങ്ങൾക്ക് 1.5 ലക്ഷം രൂപയും, ജില്ലാ-സോണൽ-കെസിഎ ടൂർണ്ണമെന്റുകളിൽ മികവ് തെളിയിച്ച 'സി' കാറ്റഗറിയിലെ വളർന്നുവരുന്ന പ്രതിഭകൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക നിശ്ചയിച്ചിട്ടുള്ളത്. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെത്തുമ്പോൾ ഇന്ത്യയിലെ മുൻനിര ലീഗുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ 1,30,40,000 പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് (TNPL) കഴിഞ്ഞ വർഷം 2,00,54,000 കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് 2,010,0000 കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്റെ കുതിപ്പ്.

Content Highlights: KCL 2026 player auction held at Leela Raviz featuring 173 players., Auctioneer Charu Sharma to lead the proceedings., Live streaming available on JioHotstar.