152 റൺസ് കൂട്ടുകെട്ടും തുണച്ചില്ല, ആലപ്പിയെ തകർത്ത് കാലിക്കറ്റ് ഫൈനലിൽ

#സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനലിൽ. സെമിയിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിലേക്ക് പ്രവേശിച്ചത്. കാലിക്കറ്റ് ഉയർത്തിയ 219 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആലപ്പി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. തൃശ്ശൂർ ടൈറ്റൻസാണ് ഫൈനലിൽ കാലിക്കറ്റിന്റെ എതിരാളികൾ.

കാലിക്കറ്റ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 12 റൺസിനിടെ ടീമിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ(4), ആകാശ് സി. പിള്ള(2) എന്നിവരാണ് പുറത്തായത്. തുടക്കത്തിൽ തന്നെ പതറിയെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരകയറ്റുന്നതിനാണ് പിന്നീട് മൈതാനം സാക്ഷ്യം വഹിച്ചത്. മൂന്നാം വിക്കറ്റിൽ നായകൻ സച്ചിൻ ബേബിയും അരുൺ കെ.എ.യും രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ടീം ആറോവറിൽ അമ്പത് കടന്നു. അരുണായിരുന്നു കൂടുതൽ അപകടകാരി.

കാലിക്കറ്റ് ബൗളർമാരെ അടിച്ചുകളിക്കാൻ തുടങ്ങിയതോടെ ആലപ്പിയുടെ സ്‌കോർ കുതിച്ചു. അരുണിന് പിന്നാലെ സച്ചിൻ ബേബിയും അതിവേഗം സ്‌കോറുയർത്തി. പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലായിരുന്നു ആലപ്പി. അരുൺ അർധസെഞ്ചുറിയുമായി തിളങ്ങി. പിന്നാലെ സച്ചിൻ ബേബിയും ഫിഫ്റ്റി തികച്ചതോടെ ആലപ്പിക്ക് പ്രതീക്ഷ കൈവന്നു. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പിറന്നതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി.

15 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലായിരുന്നു ആലപ്പി. 16 ഓവറിൽ 160 കടന്നെങ്കിലും 17-ാം ഓവറിൽ കാലിക്കറ്റ് തിരിച്ചടിച്ചു. സ്‌കോർ 164 ൽ നിൽക്കേ സച്ചിൻ ബേബി പുറത്തായി. 46 പന്തിൽ നിന്ന് 73 റൺസെടുത്താണ് താരം പുറത്തായത്. മൂന്നാം വിക്കറ്റിൽ 152 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ആ ഓവറിൽ തന്നെ എസ്. ഗിരീഷ് ഡക്കായി മടങ്ങിയത് ആലപ്പിക്ക് കൂടുതൽ പ്രഹരമേൽപ്പിച്ചു. പിന്നീട് കാലിക്കറ്റ് കളി പിടിമുറുക്കി. അക്ഷയ് ഒരു റണ്ണെടുത്ത് മടങ്ങി. അവസാന രണ്ടോവറിൽ 45 റൺസാണ് ആലപ്പിക്ക് വേണ്ടിയിരുന്നത്. 19-ാം ഓവറിൽ അരുൺ കെ.എ.യും പുറത്തായതോടെ അലപ്പി പ്രതിരോധത്തിലായി. 46 പന്തിൽ നിന്ന് 82 റൺസെടുത്താണ് അരുൺ മടങ്ങിയത്. ഒടുക്കം 182-8 എന്ന നിലയിൽ ആലപ്പിയുടെ ഇന്നിങ്സ് അവസാനിച്ചു.

ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ രോഹനൊപ്പം വരുൺ നായനാരും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ കാലിക്കറ്റിന്റെ സ്കോർ ബോർഡ് അതിവേഗം ചലിച്ചു. ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് ഫോറുകൾ പായിച്ച് വരുൺ തന്റെ നയം വ്യക്തമാക്കി. തൊട്ടടുത്ത ഓവറിൽ ടി.എസ്. വിനിലിനെ രണ്ട് തവണ രോഹനും അതിർത്തി കടത്തി. ഇരുവരും തകർത്തടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ സ്കോർ അമ്പതിലെത്തി. വിനിൽ എറിഞ്ഞ ആറാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ, ഒൻപതാം ഓവറിലെ ആദ്യ പന്തിൽ രോഹൻ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി. 27 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 45 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്. തുടർന്നെത്തിയ അഖിൽ സ്കറിയ നാലും ജോസ് പെരയിൽ അഞ്ചും റൺസ് നേടി മടങ്ങി. അബ്ദുൾ ബാസിതും വരുൺ നായനാരും ചേർന്ന് നാലാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ വരുൺ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ 16 ഓവർ പൂർത്തിയായതോടെ സ്കോറിങ് വേഗമുയർത്താൻ വരുണിനെ പിൻവലിച്ച് കാലിക്കറ്റ് കൃഷ്ണദേവനെ രംഗത്തിറക്കി. ആ നീക്കം ഫലം കണ്ടു. 42 പന്തുകളിൽ 59 റൺസാണ് വരുൺ നേടിയത്.

രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് കൃഷ്ണദേവൻ സ്കോറിങ്ങിന് തുടക്കമിട്ടത്. നാല് സിക്സറടക്കം 26 റൺസാണ് ഇരുവരും ചേർന്ന് ആ ഓവറിൽ കൂട്ടിച്ചേർത്തത്. 17 പന്തുകളിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. 24 പന്തുകളിൽ ആറ് സിക്സറടക്കം 53 റൺസെടുത്ത അബ്ദുൾ ബാസിത് റണ്ണൗട്ടായി. അവസാന ഓവറിൽ സൽമാൻ നിസാറിന്റെ കൂറ്റൻ ഷോട്ടുകൾ കൂടി ചേർന്നതോടെ കാലിക്കറ്റിന്റെ സ്കോർ 218ൽ അവസാനിച്ചു. സൽമാൻ നിസാർ ഏഴ് പന്തുകളിൽ 19 റൺസും കൃഷ്ണദേവൻ 11 പന്തുകളിൽ 24 റൺസും നേടി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി അജിത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: KCL 2026 semi final