റണ്‍വേട്ടയില്‍ അലസ്റ്റര്‍ കുക്കിനെയും മറികടന്ന് ജോ റൂട്ട്

അഡ്‌ലെയ്ഡ്: ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്.
ടെസ്റ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ആഷസിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം റൂട്ട് സ്വന്തം പേരിലാക്കിയത്. മുന്‍ ഇംഗ്ലീഷ് നായകന്‍ അലസ്റ്റര്‍ കുക്കിന്റെ പേരിലുണ്ടായിരുന്ന 4844 റണ്‍സിന്റെ റെക്കോഡ് റൂട്ട് പഴങ്കഥയാക്കി.
59 ടെസ്റ്റുകളില്‍ നിന്നുള്ള കുക്കിന്റെ ഈ നേട്ടം 58-ാം ടെസ്റ്റില്‍ തന്നെ റൂട്ട് മറികടന്നു. മൈക്കള്‍ ആതേര്‍ട്ടണ്‍ (3815), ഗ്രഹാം ഗൂച്ച് (3582), ആന്‍ഡ്രു സ്‌ട്രോസ് (3343) എന്നിവരാണ് ഈ പട്ടികയില്‍ ഇരുവര്‍ക്കും പിന്നിലുള്ള ഇംഗ്ലീഷ് ക്യാപ്റ്റന്‍മാര്‍.
നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1600 റണ്‍സിലേറെ നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു. 2008-ലായിരുന്നു സ്മിത്തിന്റെ നേട്ടം. കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ പാകിസ്താന്റെ മുഹമ്മദ് യൂസുഫ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2016-ല്‍ 1788 റണ്‍സാണ് പാക് താരം നേടിയത്. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്സ് ആണ് രണ്ടാം സ്ഥാനത്ത്. 1976-ല്‍ 11 ടെസ്റ്റില്‍ നിന്ന് റിച്ചാര്‍ഡ്സ് നേടിയത് 1710 റണ്‍സാണ്.
ഇതോടൊപ്പം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ റെക്കോഡ് മറികടന്ന് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു.
Content Highlights: joe root surpasses alastair cook took the record for the most runs by england captain in test
Content Highlights: