'കിരീടം ഏറ്റവും കൂടുതൽ ആഗ്രഹിച്ച അവൾ ഫൈനലിന് 2 ദിവസം മുമ്പ് മരിച്ചു,വിജയം അവൾക്ക് സമർപ്പിക്കുന്നു'

ഇഷാന്‍ കിഷന്‍ | Photo: AP
ഇഷാന്‍ കിഷന്‍ | Photo: AP

അഹമ്മദാബാദ്: ന്യൂസീലൻഡിനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ കടുത്ത സങ്കടത്തിലായിരുന്നു ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഫൈനലിന് രണ്ട് ദിവസം മുമ്പാണ് ഇഷാൻ കിഷന്റെ കസിൻ സിസ്റ്ററും ഭർത്താവും വാഹനപകടത്തിൽ മരിച്ചത്.

ഈ സ്വപ്‌നനേട്ടത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു സഹോദരിയെന്നും ഈ വിജയം അവൾക്ക് സമർപ്പിക്കുന്നുവെന്നും ഇഷാൻ വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം വാഹനപകടത്തിൽ എന്റെ കസിൻ സഹോദരിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ അവൾക്കുവേണ്ടി നന്നായി കളിച്ചു. ഇതിനെ കുറിച്ച് ഹാർദിക് ഭായിയോട് സംസാരിച്ചു. ടീമിനൊപ്പം നിൽക്കാൻ അദ്ദേഹം പറഞ്ഞു. ഈ വിജയം ഞാൻ അവൾക്ക് സമർപ്പിക്കുന്നു.' ഇഷാൻ കിഷൻ വ്യക്തമാക്കി.

ഈ സങ്കടവാർത്ത കേട്ടയുടനെ ഇഷാൻ കിഷന്റെ കുടുംബം ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഇഷാന്റെ അച്ഛൻ പ്രണവ് പാണ്ഡെ ഫൈനൽ കാണാൻ അഹമ്മദാബാദിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഫൈനലിന് വരാതെ കുടുംബത്തോടൊപ്പം ചേർന്നു. ഇഷാനും വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ടീമിനൊപ്പം തുടരാൻ അച്ഛൻ പറയുകയായിരുന്നു.

'ഞങ്ങൾ എല്ലാവരും ഞെട്ടലിലാണ്. ഇഷാന് ഇങ്ങോട്ട് വരണമെന്നുണ്ടായിരുന്നു. എന്നാൽ ഫൈനൽ ആയതിനാൽ അവിടെ തന്നെ തുടരാൻ ഞങ്ങളാണ് പറഞ്ഞത്. അവൻ വലിയ സങ്കടത്തിലാണ്'-ഫൈനലിന് മുമ്പ് പ്രണവ് പാണ്ഡെ വ്യക്തമാക്കിയിരുന്നു. ഫൈനലിന് മുമ്പ് നടന്ന പരിശീലന സെഷനിലും ഏറെ സങ്കടത്തോടെയാണ് ഇഷാൻ പങ്കെടുത്തത്. ഇന്ത്യൻ താരങ്ങൾ ഇഷാനെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഫൈനലിൽ 25 പന്തുകളിൽ നിന്ന് 54 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. ന്യൂസീലൻഡ് ബാറ്റർമാരായ രചിൻ രവീന്ദ്രയേയും ടീം സെയ്‌ഫേർട്ടിനേയും പുറത്താക്കാൻ മനോഹരമായ ക്യാച്ചുകളെടുക്കുകയും ചെയ്തു. ഒമ്പത് ഇന്നിങ്‌സുകളിൽ നിന്ന് 317 റൺസാണ് ടൂർണമെന്റിൽ ഇഷാൻ നേടിയത്.

Content Highlights: Ishan Kishan played the T20 World Cup final despite the death of his cousin and brother-in-law., The cricketer scored a brilliant 54 off 25 balls during the championship match.