പാക് ജേഴ്‌സി ധരിച്ചു; പുലിവാൽ പിടിച്ച് ഇന്ത്യൻ ആരാധകൻ

പാകിസ്താന്‍ ജേഴ്‌സിയണിഞ്ഞ് കളി കാണാനെത്തിയ സന്യം ജയ്‌സ്വാള്‍
പാകിസ്താന്‍ ജേഴ്‌സിയണിഞ്ഞ് കളി കാണാനെത്തിയ സന്യം ജയ്‌സ്വാള്‍

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം കാണാന്‍ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ 42-കാരന്‍ സന്യം ജയ്സ്വാള്‍ ദുബായിലെത്തിയത് അല്പം വൈകിയാണ്. സ്റ്റേഡിയത്തിനുപുറത്ത് ഇന്ത്യന്‍ ജേഴ്സി തേടിയെങ്കിലും വൈകിപ്പോയതുകൊണ്ട് കിട്ടിയില്ല. അതേസമയം, പാകിസ്താന്‍ ജേഴ്സിയുണ്ടായിരുന്നു. അങ്ങനെ പാക് ജേഴ്സി വാങ്ങി ധരിച്ച് സ്റ്റേഡിയത്തിലെത്തി.

ഒരു പാക് ആരാധകന്‍ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതുകണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്നവര്‍ കണ്ണുമിഴിച്ചു. നിങ്ങളെന്തിനാണ് ഇന്ത്യക്ക് കൈയടിക്കുന്നതെന്ന് ചില പാക് ആരാധകര്‍ ജയ്സ്വാളിനോട് ചോദിക്കുന്നുണ്ടായിരുന്നു. മത്സരത്തിനുപിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ജയ്സ്വാളിന്റെ ചിത്രങ്ങള്‍ നിറഞ്ഞു. 

ജയ്സ്വാളിനെതിരേ കേസെടുക്കണമെന്ന് ചിലര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. വീട്ടിലേക്ക് ഭീഷണിസന്ദേശങ്ങളെത്തി. താന്‍ പിടിച്ചത് പുലിവാലാണെന്ന് ജയ്സ്വാളിന് ബോധ്യമായി. താന്‍ ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധകനാണെന്നാണ് ജയ്സ്വാള്‍ ഇതിനെല്ലാം മറുപടിയായി പറയുന്നത്.

പാക് ജേഴ്സി ധരിച്ചിരുന്നെങ്കിലും തന്റെ കൈയില്‍ ഇന്ത്യന്‍ ദേശീയപതാകയുണ്ടായിരുന്നു. ഇന്ത്യന്‍ ജേഴ്സി കിട്ടാത്തതുകൊണ്ടാണ് പാക് ജേഴ്സി വാങ്ങിയത്. ആ ജേഴ്സിയിട്ട് ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാക് ആരാധകരെ കളിയാക്കാമെന്നും കരുതി. 

നിരുപദ്രവമായ കാര്യം എങ്ങനെ ഇത്ര വലുതായി എന്നറിയില്ല -ജയ്സ്വാള്‍ പറഞ്ഞു.അതേസമയം, രാജ്യത്തിന് പുറത്തുനടന്ന സംഭവത്തില്‍ ട്വിറ്റര്‍ പരാതി പരിഗണിച്ച് കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്.

Content Highlights: india vs pakistan, asia cup 2022, asia cup cricket 2022