'ദേശസ്‌നേഹം അഹങ്കാരമായി മാറുമ്പോൾ വിജയത്തിന് യാതൊരു മൂല്യവുമില്ല'-നഖ്‌വിയെ അഭിനന്ദിച്ച് മുൻ പാക് താരം

വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം ചൂടിയ ഇന്ത്യൻ വനിതാ ടീം പാകിസ്താനിൽ നിന്നുള്ള ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം ഇതുപോലെ ഇന്ത്യൻ പുരുഷ ടീമും നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിച്ചിരുന്നില്ല. നഖ്‌വിയാണ് സമ്മാനദാനം നടത്തുന്നതെങ്കിൽ ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് നഖ്‌വി തന്നെ അതിഥിയായെത്തുകയായിരുന്നു.
ഇതിന് പിന്നാലെ നഖ്‌വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകായണ് പാകിസ്താന്റെ മുൻ താരം മുഹമ്മദ് യൂസഫ്. നഖ്‌വി ചെയ്തത് നല്ല കാര്യമാണെന്നായിരുന്നു യൂസഫ് എക്‌സിൽ കുറിച്ചത്. 'ദേശസ്‌നേഹം
അഹങ്കാരമായി മാറുമ്പോൾ വിജയത്തിന് യാതൊരു മൂല്യവുമില്ല. ഒരു ടീം വിജയിച്ചേക്കാം, എന്നാൽ വിനയമില്ലാത്ത ഒരു രാജ്യം എന്നും തോൽവിയായിത്തന്നെ തുടരുന്നു! അവിടെ ട്രോഫിയല്ല, മറിച്ച് മറ്റുള്ളവരുടെ തലയിൽ ചവിട്ടിനിൽക്കുന്ന പ്രവണതയാണുള്ളത്.'-യൂസഫ് എക്‌സിൽ കുറിച്ചു. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി.
നിലവിലെ സാഹചര്യങ്ങളും ജനവികാരവും മാനിച്ചാണ് നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ബിസിസിഐ ഔദ്യോഗിക തീരുമാനമെടുത്തതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം കിരീടം ചൂടിയത്. 26 പേരുടെ മരണത്തിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 2025-ലെ ഏഷ്യാ കപ്പിൽ പുരുഷ ടീം തുടങ്ങിയ ട്രോഫി ബഹിഷ്‌കരണ രീതി വനിതാ ടീമും ആവർത്തിക്കുകയും നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.
When national pride turns into arrogance, victory brings no reward. A team may win, but a nation without humility remains a loser! no trophy, only heels on heads. #WellDone #MohsinNqvi
— Mohammad Yousaf (@yousaf1788) September 15, 2026
Content Highlights: Indian women's team refused to receive the Women's Asia Cup 2026 trophy from ACC President Mohsin Naqvi., BCCI Secretary Devajit Saikia confirmed it was an institutional decision based on national sentiments., India defeated Sri Lanka by 72 runs in the Dubai final., Mirrors a similar incident from the 2025 men's Asia Cup.