ടോസിറ്റിനെ കണ്ടവര്‍ പറയുന്നു: എങ്കിലും പാണ്ഡ്യ ആ സിക്‌സര്‍ വേണ്ടായിരുന്നു

ന്ത്യാ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു അതിര്‍ത്തി തൊടാതെ പറന്ന ഹര്‍ദിക് പാണ്ഡ്യയുടെ സിക്‌സറുകള്‍. എന്നാല്‍, പാണ്ഡ്യയുടെ ബാറ്റിൽ നിന്നു പറന്ന വെടിയുണ്ടകള്‍ തകര്‍ത്തത് ഓസീസ് ബൗളർമാരായ സാംപയുടെയും ഹെഡ്ഡിന്റെയും കണക്കുകൂട്ടലുകള്‍ മാത്രമല്ല, കോലിയുടെയും ധോനിയുടെയുമെല്ലാം കളി നേരിട്ട് കാണാനെത്തിയ ഒരു ഇരുപത്തിനാലുകാരന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ്. ടോസിറ്റ് അഗര്‍വാള്‍ എന്ന ഇരുപത്തിനാലുകാരന്‍ ഇപ്പോള്‍ ഓര്‍ത്ത് വിഷമിക്കുന്നത് ഇന്ത്യയുടെ 21 റണ്‍സ് തോല്‍വിയെക്കുറിച്ചോര്‍ത്തായിരിക്കില്ല. പൊട്ടിയ തന്റെ ചുണ്ടിനെയും താടിയെല്ലിനെയും മുറിഞ്ഞ നാക്കിനെയും കുറിച്ചോര്‍ത്താവും.
സാംപയുടെ പന്തില്‍ പാണ്ഡ്യ പറത്തിയ സിക്‌സര്‍ ചെന്നു പതിച്ചത് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പി വണ്‍ സ്റ്റാന്‍ഡിലിരുന്ന് കളി ആസ്വദിച്ചുകൊണ്ടിരുന്ന ടോസിറ്റ് അഗര്‍വാളിന്റെ മുഖത്താണ്. എങ്ങിനെ ഒരു ഷോട്ടില്‍ ഇത്രയും കരുത്ത് നിറയ്ക്കുന്നു എന്ന് കമന്റേറ്റര്‍മാര്‍ അത്ഭുതം കൂറിയ പന്ത് പറന്നു വന്ന് വീണ് ചുണ്ടിനും പല്ലിനുമിടയിലാണ് ടോസിറ്റിന് ഗുരുതരമായി പരിക്കേറ്റത്. പന്ത് ഇടിച്ച് കീഴ്ച്ചുണ്ടും പല്ലും താടിയെല്ലും പൊട്ടി. നാക്കും മുറിഞ്ഞു. പറന്നുവരുന്ന പന്ത് പിടച്ച് പരിക്ക് പറ്റേണ്ടെന്ന് കരുതി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു ടോസിറ്റ്.
ഉടനെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കിയ ടോസിറ്റിനെ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഹൊസ്മറ്റ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടിട്വന്റി മത്സരത്തിനിടയിലും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. സുരേഷ് റെയ്‌ന പറത്തിയ ഒരു സിക്‌സര്‍ വന്നു വീണത് സതീഷ് എന്ന ആറു വയസ്സുകാരന്റെ തുടയിലാണ്.
ഒ.എന്‍.ജി.സി.യിലെ ഫിനാന്‍സ് എക്‌സിക്യുട്ടീവായ ടോസിറ്റ് കമ്പനി നല്‍കിയ കോംപ്ലിമെന്ററി പാസിലാണ് കളി കാണാനെത്തിയത്.
ഇന്ത്യ തോറ്റ മത്സരത്തില്‍ മൂന്ന് സിക്‌സര്‍ അടക്കം 40 പന്തില്‍ നിന്ന് 41 റണ്‍സാണ് പാണ്ഡ്യ നേടിയത്. തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങള്‍ക്കുശേഷമുള്ള ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. മൂന്ന് ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയ പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച നാഗ്പുരില്‍ നടക്കും.


VIEW ON mathrubhumi.com