ബാറ്റർക്കും ബൗളർക്കും തുല്യനീതി ലഭിക്കാത്ത പ്രഹസനമാകണോ ക്രിക്കറ്റ്?

ഗൗതം ​ഗംഭീറും മോൺ മോർക്കലും | PTI
ഗൗതം ​ഗംഭീറും മോൺ മോർക്കലും | PTI

‘This is not cricket, this is only batting...’ സമീപകാലത്ത് ക്രിക്കറ്റ് ലോകം മൗനം കൊണ്ട് പ്രതിരോധിച്ച ഒരു വാചകമാണിത്. ലക്ഷണമൊത്ത ഒരു ഫോർവേഡ് ഡിഫെൻസീവ് സ്ട്രോക്കിലൂടെ ഒരു ഫാസ്റ്റ് ബൗളറുടെ ഗുഡ്‍ലെങ്ത് പന്തിനെ പ്രതിരോധിക്കുന്നതു പോലെ.... എന്തിനും ഏതിനും പ്രതികരിക്കുന്ന ക്രിക്കറ്റ് വിദഗ്ധരും വൻതുക പ്രതിഫലം വാങ്ങി കമന്ററി പറയുന്നു മുൻ താരങ്ങൾക്കും ഒന്നും പറയാനില്ല. ഗുവാഹത്തിയിൽ, ഇക്കഴിഞ്ഞ സെപ്റ്റംബർ 30-ന് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ 405 റൺസ് എന്ന ലക്ഷ്യം പിൻതുടർന്ന് ജയിച്ചപ്പോൾ ക്രിക്കറ്റ് ലോകം വാഴ്ത്തുമൊഴികൾ കൊണ്ട് സെഞ്ചുറി നേടിയ രോഹിത് ശർമ്മയേയും ഡബിൾ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനേയും മൂടിയപ്പോൾ, ആഘോഷങ്ങളിൽ മതിമറക്കാതിരുന്ന ഇന്ത്യൻ ടീമിന്റെ കോച്ച് ഗൗതം ഗംഭീർ നടത്തിയ ഈ പ്രതികരണം ഒരു ചലനവും ഉണ്ടാക്കിയില്ല.... ഇത് ക്രിക്കറ്റ് അല്ല, ഇത് വെറും ബാറ്റിങ് മാത്രം....

കളി കോർപ്പറേറ്റ്‍വത്കരിക്കപ്പെട്ട് തുടങ്ങിയ ശേഷം ക്രിക്കറ്റ് എന്നാൽ വെറും ബാറ്റിങ് മാത്രമായി ചുരുങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ ഇത് മാരകമായ തലങ്ങളിലേക്ക് എത്തിയിരിക്കുന്നു. എല്ലാ കളിനിയമങ്ങളും ഉപയോഗിച്ച് ബൗളിങ്ങിനെ വരിഞ്ഞുകെട്ടിയ ശേഷം, ബാറ്റർമാർ ചുളുവിൽ നടത്തുന്ന പ്രകടനങ്ങളെ ഗംഭീരമെന്നും ലോകോത്തരമെന്നും ആഘോഷിക്കാൻ വിവേചനബുദ്ധിയില്ലാത്ത ആരാധകർക്കും മടിയില്ല. ക്രിക്കറ്റ് എന്ന ഉത്പന്നത്തെ വിവരദോഷികളായ ഉപഭോക്താക്കളുടെ (ആരാധകരുടെ) നിലവാരമനുസരിച്ച് പാക്ക് ചെയ്തുകൊടുക്കുന്ന കോർപ്പറേറ്റ് ശൃംഖലയുടെ ആഘോഷമാണ് ഇന്ന് ഏകദിന-ട്വന്റി ട്വന്റി ക്രിക്കറ്റ്. ഇത് ആത്യന്തികമായി ക്രിക്കറ്റിനെ തന്നെയാണ് നശിപ്പിക്കുന്നതെന്ന് ഇവർ അറിയുന്നില്ല.

ഏതൊരു ജനപ്രിയ മേഖലയുടെയും വിപണി-വാണിജ്യ സാധ്യതകളെ, ലാഭം ലക്ഷ്യമിട്ട് കോർപ്പറേറ്റ് ലോകം ഉപയോഗപ്പെടുത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. ഫുട്‍ബോൾ, ബാസ്കറ്റ് ബോൾ, ഗോൾഫ്, മോട്ടോർ സ്പോട്സ് തുടങ്ങി എല്ലാവിധ കായിക ഇനങ്ങളേയും ഇത്തരത്തിൽ ടെലിവിഷനും വിപണിക്കും അനുയോജ്യമാംവിധം കച്ചവടക്കണ്ണോടെ പരുവപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കളിയുടെ ആത്മാവിനെ തന്നെ ഹനിക്കുംവിധം ക്രിക്കറ്റിനോളം ''പരിഷ്കരിക്കപ്പെട്ട'' ഒരു കായിക വിനോദമില്ല. മറ്റ് കായിക ഇനങ്ങളുടെ അടിസ്ഥാന നിയമങ്ങളിൽ കയറിക്കളിക്കാൻ അതത് ഇനങ്ങളുടെ ഭരണസംവിധാനമോ താരങ്ങളോ മുൻ താരങ്ങളോ കായികപ്രേമികളോ സമ്മതിക്കില്ല. റണ്ണൊഴുക്കി കാണികളെ ഹരം കൊള്ളിക്കാനാണല്ലോ ബൗളിങ്ങിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കാണികളെ രസിപ്പിക്കാൻ ഗോൾപോസ്റ്റിന്റെ വീതിയും നീളവും കൂട്ടി ഗോളുകളുടെ എണ്ണം വർധിപ്പിക്കുന്ന തരത്തിൽ ഒരു നിയമപരിഷ്കരണത്തെ കുറിച്ച് ഫുട്ബോളിൽ ചിന്തിക്കാനാകുമോ? ലോകകപ്പ് ഫുട്ബോൾ ഓഹരികളിൽ 20 ശതമാനം സ്വകാര്യവത്കരിക്കാൻ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനൊ ശ്രമിച്ചപ്പോൾ, ഫിഫയിൽ വലിയൊരു വിഭാഗവും യുറോപ്പിലെ ഫുട്ബോൾ അസോസിയേഷനുകളും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനുമൊക്കെ ശക്തമായി എതിർത്തത് ഓർക്കുക. കളിയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു നീക്കമായിരിന്നിട്ടുകൂടി ഫുട്ബോൾ ലോകം ഒന്നടങ്കം അതിനെ എതിർത്തു. ക്രിക്കറ്റിൽ ഇങ്ങനെ വല്ലതും സംഭവിക്കുമോ... ?

ചതഞ്ഞ പിച്ചുകൾ ഒരുക്കിയും പവർപ്ലേ പ്രഹസനങ്ങൾ ക്രമീകരിച്ചും ഫ്രീഹിറ്റ് പോലുള്ള അസംബന്ധങ്ങൾ നടപ്പിലാക്കിയും ക്രിക്കറ്റിലെ അവശേഷിക്കുന്ന സൗന്ദര്യാത്മകതയേയും നശിപ്പിക്കുന്ന കളിയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഫ്രീഹിറ്റ് എന്ന സമ്പ്രദായം എത്ര അപഹാസ്യമാണെന്ന് നോക്കൂ. നോബോൾ എറിയുന്നതിന് ഒരു ബൗളർ, ഒരു എക്സ്ട്രാ റൺ വഴങ്ങണം. ശിക്ഷ എന്ന നിലയ്ക്ക് ഒരു പന്ത് അയാൾ അധികം ബൗൾ ചെയ്യുകയും വേണം. ഇതൊന്നും കൂടാതെയാണ് കാണികളെ രസിപ്പിക്കാൻ ഫ്രീഹിറ്റ്... അതായത് അടുത്ത പന്ത് ബൗളർ എത്ര നന്നായി എറിഞ്ഞാലും വിക്കറ്റ് ലഭിക്കില്ല...!!! എത്ര മോശമായി ബാറ്റ് ചെയ്താലും ബാറ്റർ പുറത്താവുകയുമില്ല..!!! ഈ അസംബന്ധം നിയമമാക്കി മാറ്റിയതിൽ, നമ്മുടെ മുൻ ക്രിക്കറ്റർമാരുടെ കൂടി ബുദ്ധിയാണെന്ന് ഓർക്കുക.

നിലവാരമില്ലാത്ത ബാറ്റിങ് പിച്ചുകളിൽ നിർവീര്യമാക്കപ്പെട്ട ബൗളിങ്ങിനെ തച്ചുതകർത്ത് ബാറ്റർമാർ ''റെക്കോഡുകൾ'' സ്ഥാപിക്കുമ്പോൾ, ''യഥാർഥ'' റെക്കോർഡുകൾ സ്ഥാപിച്ച മുൻകാല ബാറ്റർമാരുടെ പ്രകടനം മാത്രമല്ല അവഹേളിക്കപ്പെടുന്നത്. തലങ്ങും വിലങ്ങും പ്രഹരിക്കപ്പെടാൻ വിധേയരായ ബൗളർമാരുടെ കരിയർ കൂടിയാണ് സമ്മർദത്തിലാകുന്നത്. വെസ്റ്റിൻഡീസിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിൽ ബൗൾ ചെയ്ത ഗുർണൂർ ബ്രാർ, നിതീഷ് റെഡ്ഡി, അക്വിബ് നബി, നമാൻ ധീർ, അൻഷുൽ കാമ്പോജ് തുടങ്ങിയ ചെറുപ്പക്കാരുടെ അവസ്ഥ നാം കണ്ടതാണ്. ബാറ്റർക്ക് ഒരു നീതി. ബൗളർക്ക് മറ്റൊരു നീതി. കളിയുടെ സൂക്ഷ്മസൗന്ദര്യം ഗ്രഹിക്കാൻ ശേഷിയില്ലാത്ത കാണികളിൽ ഒരു വിഭാഗത്തെ രസിപ്പിക്കാൻ മാത്രമായി ബാറ്റിങ്ങിനെ പ്രോത്സാഹിപ്പിക്കുമ്പോൾ എന്താണ് സംഭവിക്കുക? ഡോട്ട് ബോൾ ഇല്ലാതെ, ബൗണ്ടറികളുടെ പരമ്പര മാത്രം കണ്ട് ആവേശഭരിതനാകുന്ന പ്രേക്ഷകന് ഒരു ഘട്ടം കഴിയുമ്പോൾ ഈ വെടിക്കെട്ട് പോരാ എന്ന അവസ്ഥ വരും. ഒരു ഓവറിൽ ആറ് ബൗണ്ടറി പോലും അവരെ തൃപ്തരാക്കില്ല. അവർക്ക് ''ത്രിൽ'' പകരാൻ ബൗളിങ്ങിനെ വീണ്ടും ദുർബലമാക്കേണ്ടിവരും. ബാറ്റർക്കും ബൗളർക്കും തുല്യനീതി ലഭിക്കാത്ത ഈ പ്രഹസനമാകണമോ ക്രിക്കറ്റ്?

കമന്ററി പറഞ്ഞും, ക്രിക്കറ്റ് ബോർഡുകളുടെ ഔദാര്യം പറ്റിയും ജീവിക്കുന്ന ലെജൻഡുകൾ ഉൾപ്പെടെയുള്ള നമ്മുടെ മുൻ താരങ്ങൾ മുൻകൈ എടുക്കേണ്ട വിഷയമാണിത്. ഇന്ത്യ ജയിച്ചിട്ടുകൂടി ആ വിജയത്തിൽ സന്തോഷിക്കാൻ കഴിയാതെ ബൗളർമാരോട് അനുതപിക്കുന്ന മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീറിന്റെ ആശങ്ക അല്പമെങ്കിലും അവർ ഉൾക്കൊള്ളണം. അവരാണ് ക്രിക്കറ്റിന്റെ ഈ പതനം തടയാൻ ഇടപെടേണ്ടത്. ക്രിക്കറ്റിനെ ഭരിക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല. കളി ഗംഭീരം, നമുക്കും കിട്ടണം പണം... എന്നത് മാത്രമാണ് അവരുടെ ക്രിക്കറ്റ് സ്നേഹം.

Content Highlights: Gautam Gambhir criticized modern ODI cricket as mere batting exhibitions rather than true cricket., Rules like free-hits, powerplays, and flat pitches heavily favor batters and marginalize bowlers., Corporate-driven broadcasting is transforming cricket into superficial entertainment, risking the sport's core essence.