പാകിസ്താന് തിരിച്ചടി: പരിക്കേറ്റ ഫഖര്‍ സമാന്‍ ടീമിന് പുറത്തായി, പകരം ഇമാമുള്‍ ഹഖ്

കറാച്ചി: 2017-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറിനേടി പാകിസ്താന് കിരീടം സമ്മാനിച്ച സ്റ്റാര്‍ ബാറ്ററാണ് ഫഖര്‍ സമാന്‍. സ്വന്തം നാട്ടില്‍ നടക്കുന്ന 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വിയറിഞ്ഞ പാകിസ്താന് ഇന്ത്യക്കെതിരായ അടുത്ത മത്സരത്തിന് മുമ്പായി മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഫഖര്‍ സമാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാക് ടീമിലുണ്ടാകില്ല. ഫഖര്‍ സമാന് പകരം ഇമാമുള്‍ ഹഖിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് സമന് ഫീല്‍ഡ് വിടേണ്ടി വന്നിരുന്നു. നാലമതായാണ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ പരിക്ക് കാരണം ഓടുന്നതിന് തടസ്സം നേരിട്ട ഫഖര്‍ സമാന്‍ 41 പന്തില്‍നിന്ന് 24 റണ്‍സാണ് നേടിയത്.
പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായ കാര്യം ഫഖര്‍ സമാന്‍ എക്‌സിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
'ഏറ്റവും വലിയ വേദിയില്‍ പാകിസ്താനെ പ്രതിനിധീകരിക്കുക എന്നത് ഈ രാജ്യത്തെ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും അഭിമാനവും സ്വപ്നവുമാണ്. അഭിമാനത്തോടെ ഒന്നിലധികം തവണ പാകിസ്താനെ പ്രതിനിധീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോള്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ല്‍ നിന്ന് പുറത്താണ്, അവസരത്തിന് നന്ദി. ഞാന്‍ നമ്മുടെ താരങ്ങളെ വീട്ടിലിരുന്ന് പിന്തുണയ്ക്കും. ഇതൊരു തുടക്കം മാത്രമാണ്, തിരിച്ചടിയേക്കാള്‍ ശക്തമായിരിക്കും തിരിച്ചുവരവ്' ഫഖര്‍ സമാന്‍ എക്‌സില്‍ കുറിച്ചു.
അതേസമയം, ഫഖര്‍ സമാന് പകരക്കാരനായി ടീമിലെടുത്ത 29 കാരനായ ഇമാമുള്‍ ഹഖ് 2023ന് ശേഷം പാകിസ്താന് വേണ്ടി കളിച്ചിട്ടില്ല. 2023 ലോകകപ്പിലാണ് അവസാനമായി ഏകദിന ഫോര്‍മാറ്റ് കളിച്ചത്. 72 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 48.27 ശരാശരിയില്‍ 3138 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlights: Fakhar Zaman ruled out Champions Trophy 2025