ആദ്യം കൈവിട്ടു, പിന്നീട് ഒറ്റക്കൈകൊണ്ട് അദ്ഭുത ക്യാച്ച്, ജുറെൽ പുറത്ത് | VIDEO

#സ്പോർട്സ് ഡെസ്ക്
ധനഞ്ജയ ഡി സില്‍വയുടെ ക്യാച്ച് | AP
ധനഞ്ജയ ഡി സില്‍വയുടെ ക്യാച്ച് | AP

ഗോൾ: മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ 167 റൺസ് ഇന്നിങ്‌സിനൊപ്പം കെ.എൽ. രാഹുലിന്റെയും ധ്രുവ് ജുറെലിന്റെയും അർധസെഞ്ചുറികളാണ് ഒന്നാമിന്നിങ്‌സിൽ ഇന്ത്യയ്ക്ക് രക്ഷയായത്. ആറാം നമ്പറിൽ ഇറങ്ങിയ ജുറെലിന്റെ അർധസെഞ്ചുറിയാണ് ടീമിനെ 430 കടത്തിയത്. സ്‌പെഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയിൽ കൂടി തിളങ്ങാനാകുമെന്ന് തെളിയിച്ചാണ് ജുറെൽ ക്രീസ് വിട്ടത്. അതേസമയം ജുറെലിനെ ഉജ്ജ്വല ക്യാച്ചിലൂടെയാണ് ലങ്കൻ നായകൻ ധനഞ്ജയ ഡി സിൽവ പുറത്താക്കുന്നത്.

രാഹുൽ പുറത്തായതിന് പിന്നാലെ ഒത്തുചേർന്ന ദേവ്ദത്ത്-ജുറെൽ സഖ്യമാണ് ഇന്ത്യൻ ഇന്നിങ്‌സിനെ രണ്ടാംദിനം മുന്നോട്ടുകൊണ്ടുപോയത്. 44 പന്തിൽ 38 റൺസാണ് സഖ്യം ചേർത്തത്. ഇന്ത്യൻ സ്‌കോർ 357-ലെത്തിയപ്പോൾ പടിക്കൽ മടങ്ങി. പ്രഭാത് ജയസൂര്യയുടെ പന്തിൽ നിരോഷ് ഡിക്ക് വെല്ല സ്റ്റംപ് ചെയ്താണ് പടിക്കലിനെ പുറത്താക്കിയത്. 230 പന്ത് നേരിട്ട ദേവ്ദത്ത് 15 ഫോറും ഒരുസിക്‌സും നേടി. 36 റൺസാണ്‌ രണ്ടാംദിനം കൂട്ടിച്ചേർത്തത്‌. ജുറെലിന്റെ ഇന്നിങ്‌സാണ് പിന്നീട് സ്‌കോറിങ് വേഗത്തിലാക്കിയത്.

ജുറെൽ 29 റൺസിൽ നിൽക്കുമ്പോൾ പുറത്താക്കാനുള്ള അവസരം ലങ്ക നഷ്ടപ്പെടുത്തി. പ്രഭാത് ജയസൂര്യയുടെ പന്തിൽ ഷോട്ടിന് മുതിർന്ന ജുറെലിന് പിഴച്ചു. പന്ത് ബാറ്റിൽ തട്ടി സ്ലിപ്പിൽ ഫീൽഡറുടെ നേർക്ക്. എന്നാൽ സ്ലിപ്പിലുണ്ടായിരുന്ന ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവക്ക് കൈയ്യിലൊതുക്കാനായില്ല. ജുറെലിന് ജീവൻ തിരിച്ചുകിട്ടി. ആ ഘട്ടത്തിൽ 389 റൺസായിരുന്നു ഇന്ത്യൻ സ്‌കോർ ബോർഡിലുണ്ടായിരുന്നത്.

പതിയെ സ്‌കോറുയർത്തിയ ജുറെൽ പിന്നീട് ഇന്ത്യയെ നാനൂറ് കടത്തി. താരം അർധസെഞ്ചുറിയും തികച്ചു. എന്നാൽ പിന്നീട് അധികനേരം ജുറെലിന് ക്രീസിൽ നിലയുറപ്പിക്കാനായില്ല. ടീം സ്‌കോർ 432 ൽ നിൽക്കേ പ്രതിരോധിച്ച് കളിക്കാൻ ശ്രമിച്ച ജുറെലിന് വീണ്ടും പിഴച്ചു. പന്ത് ബാറ്റിൽ തട്ടി നേരെ സ്ലിപ്പിലേക്ക്. അവിടെയുണ്ടായിരുന്ന ധനഞ്ജയ ഡി സിൽവ ഒറ്റക്കൈകൊണ്ട് ഉഗ്രൻ ക്യാച്ചുമായി ജുറെലിനെ പുറത്താക്കി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 68 പന്തിൽ നിന്നാണ് 51 റൺസിലെത്തിയത്. നാല് ഫോറും ഒരു സിക്‌സും താരം നേടി. മാനവ് സുതറിനൊപ്പം 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ജുറെലിനായി.

Content Highlights: Sri Lankan captain Dhananjaya de Silva dismissed him with a stunning one-handed catch.