11 വിക്കറ്റുമായി ഫാനൂസ് തിളങ്ങി; സികെ നായിഡു ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് വിജയം

ബെംഗളൂരു: സികെ നായിഡു ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരേ കേരളത്തിന് ഇന്നിങ്‌സ് വിജയം. ഒരു ദിവസത്തെ മത്സരം ശേഷിക്കേ ഹിമാചലിനെ ഇന്നിങ്‌സിനും 38 റണ്‍സിനുമാണ് കേരളം പരാജയപ്പെടുത്തിയത്.
201 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ എലീറ്റ് ഗ്രൂപ്പ് എഫില്‍ പത്ത് പോയിന്റുമായി കേരളം ഒന്നാമതെത്തി. സ്‌കോര്‍: കേരളം-336, ഹിമാചല്‍ പ്രദേശ്-135 & 163.
14 ഓവറില്‍ ആറു വിക്കറ്റ് വീഴ്ത്തിയ ഫാനൂസിന്റെ ബൗളിങ്ങാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. ബേസില്‍ എന്‍പി രണ്ടു വിക്കറ്റെടുത്തു. 37 റണ്‍സെടുത്ത കുശാല്‍ പാലാണ് ഹിമാചലിന്റെ ടോപ്പ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തിരുന്ന ഫാനൂസ് ആകെ 11 വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന്റെ വിജയശില്‍പിയായി. പുറത്താകാതെ 96 റണ്‍സെടുത്ത് കേരളത്തിന്റെ ടോപ് സ്‌കോററായ അഖില്‍ സ്‌കറിയ രണ്ടിന്നിങ്‌സിലുമായി നാലു വിക്കറ്റ് വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ഹിമാചലിന് തുടക്കം മുതലേ പിഴച്ചു. ആദ്യ ഇന്നിങ്‌സിന്റെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. 33 റണ്‍സെടുത്ത ഓപ്പണര്‍ എസ്ജി അറോറ, 21 റണ്‍സെടുത്ത എഎ വാലിയ, 26 റണ്‍സെടുത്ത എംഎ ശര്‍മ, 21 റണ്‍സെടുത്ത രോഹിത് ഡി കുമാര്‍ എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട ബാറ്റര്‍മാര്‍. അഞ്ചു വിക്കറ്റു വീഴ്ത്തിയ ഫാനൂസിന്റേയും മൂന്നു വിക്കറ്റെടുത്ത അഖിലിന്റേയും ബൗളിങ് മികവില്‍ ഹിമാചല്‍ 42.1 ഓവറില്‍ 135 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങില്‍ അഖിലിന്റേയും വത്സലിന്റേയും ബാറ്റിങ് മികവില്‍ ആദ്യ ഇന്നിങ്‌സില്‍ കേരളം അടിച്ചെടുത്തത് 336 റണ്‍സാണ്. 190 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു അഖിലിന്റെ 96 റണ്‍സ് ഇന്നിങ്‌സ്. 73 പന്തില്‍ എട്ടു ഫോറിന്റെ അകമ്പടിയോടെ ക്യാപ്റ്റന്‍ വത്സല്‍ 48 റണ്‍സ് അടിച്ചെടുത്തു. ഷോണ്‍ റോജര്‍ 38 റണ്‍സോടെ പിന്തുണ നല്‍കി. ഹിമാചലിനായി അര്‍പിത് എന്‍ ഗുലേറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. രോഹിത് ഡി കുമാര്‍ രണ്ടു വിക്കറ്റെടുത്തു.
Content Highlights: CK Nayudu Trophy kerala vs Himachal Pradesh Cricket