തുടര്‍ച്ചയായ രണ്ട് സിക്‌സുകള്‍; ബുചി ബാബു ട്രോഫിയില്‍ സെഞ്ചുറി നേടി ഇഷാന്‍ കിഷന്‍ | VIDEO

Photo | x.com/mufaddal_vohra
Photo | x.com/mufaddal_vohra

തിരുനെല്‍വേലി: ആഭ്യന്തര മത്സരമായ ബുചി ബാബു ട്രോഫിയില്‍ ഝാര്‍ഖണ്ഡിനുവേണ്ടി സെഞ്ചുറി നേടി ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് താരം ഇഷാന്‍ കിഷന്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മധ്യപ്രദേശിനെതിരെയായിരുന്നു മത്സരം. രണ്ടാംദിനം ടീമില്‍ ആറാമനായി ബാറ്റിങ്ങിനിറങ്ങിയ ഇഷാന്‍ 86 പന്തുകള്‍ നേരിട്ട് സെഞ്ചുറി തികച്ചു. ആദ്യ 61 പന്തുകളില്‍ അര്‍ധ സെഞ്ചുറി തികച്ച താരം, പിന്നീട് സെഞ്ചുറിയിലേക്ക് കുതിച്ചത് വെറും 25 പന്തുകളിലാണ്. തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയാണ് സെഞ്ചുറി കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

മത്സരത്തില്‍ 107 പന്തുകള്‍ നേരിട്ട താരം പത്ത് സിക്‌സുകളും അഞ്ച് ഫോറുകളും സഹിതം 114 റണ്‍സ് നേടി. ബുചി ബാബു ട്രോഫിക്കുശേഷം ഇഷാന്‍ ദുലീപ് ട്രോഫിയില്‍ കളിക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യയുടെ ഡി സ്‌ക്വാഡിലാണ് ഇഷാന്‍ ഉള്‍പ്പെട്ടത്. ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുക. 

ഈവര്‍ഷമാദ്യം ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് ഇരുപത്താറുകാരനായ താരത്തെ തഴഞ്ഞിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇല്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടരാന്‍ ബി.സി.സി.ഐ. നിര്‍ദേശം നല്‍കിയിട്ടും അതിന് തയ്യാറാവാതിരുന്നതിനെത്തുടര്‍ന്നാണ് വാര്‍ഷിക കരാറില്‍നിന്ന് ഇഷാനെ നീക്കിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഐ.പി.എലില്‍ താരം ടീമില്‍ തിരിച്ചെത്തി. ഇതോടെ ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും സിംബാബ്‌വെ, ശ്രീലങ്കന്‍ പര്യടനത്തിലും താരത്തിന് ടീമില്‍ ഇടം കിട്ടിയില്ല. ഋഷഭ് പന്തിന്റെ മടങ്ങിവരവും കെ.എല്‍. രാഹുല്‍, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍ തുടങ്ങിയവര്‍ ഫോമായതും ഇഷാനെ ബാധിച്ചു. 

Content Highlights: buchi babu trophy ishan kishan century