കടക്കെണിയിലായ ശ്രീലങ്കയ്ക്കും പ്രളയത്തില്‍ മുങ്ങിയ പാകിസ്താനും ആശ്വാസമേകി ഏഷ്യാ കപ്പ് സമ്മാനത്തുക

Photo: twitter.com/ICC
Photo: twitter.com/ICC

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ട ശ്രീലങ്കയാണ് ഇപ്പോള്‍ കായികപ്രേമികളുടെ ചര്‍ച്ചാവിഷയം. യുവതാരനിരയുമായി വന്ന് വമ്പന്‍ ശക്തികളായ ഇന്ത്യയെയും പാകിസ്താനെയും കീഴടക്കിക്കൊണ്ട് ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. 

സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുന്ന ശ്രീലങ്കന്‍ നിവാസികള്‍ക്ക് വലിയ ആശ്വാസമാണ് ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്. ഒപ്പം വലിയ കടക്കെണിയിലകപ്പെട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് സഹായവും. ഏഷ്യാ കപ്പ് കിരീട ജേതാക്കള്‍ക്ക് ഏകദേശം 1.59 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. ഈ തുക ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ ആശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്. 

ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ ലഭിച്ച തുകയിലൂടെ ഒരു പരിധിവരെ കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന് സാധിക്കും. ഫൈനലില്‍ തോറ്റെങ്കിലും പാകിസ്താനും മോശമല്ലാത്ത തുക ലഭിക്കും. ഏകദേശം 80 ലക്ഷം രൂപയാണ് പാകിസ്താന് ലഭിച്ചിരിക്കുന്നത്. പ്രളയം മൂലം തകര്‍ന്ന പാകിസ്താന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ചെറിയൊരു സഹായമായി ഈ തുക മാറി. 

ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്താണ് ശ്രീലങ്ക കിരീടം നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ഈ കിരീട നേട്ടം സമ്മാനിക്കും. 

Content Highlights: asia cup 2022, asia cup final, silanka vs pakistan, cricket, cricket news, sports news, sports