ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്താനില്‍

രാജീവ് ശുക്ലയും റോജര്‍ ബിന്നിയും പാക് ഉദ്യോഗസ്ഥര്‍ക്കൊപ്പം | Photo: PTI
രാജീവ് ശുക്ലയും റോജര്‍ ബിന്നിയും പാക് ഉദ്യോഗസ്ഥര്‍ക്കൊപ്പം | Photo: PTI

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐയുടെ പ്രസിഡന്റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്താനില്‍. ഏഷ്യാകപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും പാകിസ്താനിലെത്തിയത്. ഇരുവരും ചൊവ്വാഴ്ച പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഏഷ്യാകപ്പിലെ ശ്രീലങ്ക-അഫ്ഗാനിസ്താന്‍ മത്സരം വീക്ഷിക്കും. 

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മീറ്റിങ്ങുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കും പാകിസ്താനിലേക്ക് ക്ഷണം ലഭിച്ചത്. രണ്ട് ദിവസത്തേക്കാണ് ഇരുവരും പാകിസ്താനിലെത്തിയത്. സന്ദര്‍ശനത്തിന് രാഷ്ട്രീയബന്ധമില്ലെന്ന് രാജീവ് ശുക്ല അറിയിച്ചു. ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മീറ്റിങ്ങില്‍ പങ്കെടുക്കും. 

' ഈ യാത്രയ്ക്ക് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പാകിസ്താനിലേക്ക് പോകുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകളിലെ പ്രതിനിധികള്‍ അവിടെയുണ്ടാകും. അത്താഴവിരുന്നുമുണ്ട്.' രാജീവ് വ്യക്തമാക്കി. ഇന്ത്യ പാകിസ്താനില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

2023 ഏഷ്യാകപ്പ് പാകിസ്താനില്‍ വെച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ടൂര്‍ണമെന്റ് ശ്രീലങ്കയിലും പാകിസ്താനിലുമായി നടത്താന്‍ തീരുമാനിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് മത്സരങ്ങള്‍ മിക്കവയും നടക്കുന്നത്. എന്നാല്‍ മഴയുടെ ഭീഷണിയുള്ളതിനാല്‍ വേദി മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്‌തേക്കും. 
 

Content Highlights: BCCI president Roger Binny and vice-president Rajiv Shukla will be visiting Pakistan during Asia Cup