'സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കും'; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ബിസിസിഐ

ഓസ്‌ട്രേലിയൻ വനിതാ ടീം
ഓസ്‌ട്രേലിയൻ വനിതാ ടീം

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെ ബിസിസിഐ ശക്തമായി അപലപിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുമെന്നും ബിസിസിഐ അറിയിച്ചു.

'ഇന്‍ഡോറിലെ ഒരു കഫേയിലേക്ക് നടക്കുമ്പോള്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ ഓസ്ട്രേലിയന്‍ വനിതാ ടീമിലെ രണ്ട് അംഗങ്ങളെ സമീപിച്ച് അനുചിതമായി സ്പര്‍ശിച്ചു. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു' വെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഒരാളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രണ്ട് താരങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി ഒരു കഫേയിലേക്ക് നടന്നുപോകുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ ആള്‍ അവരെ പിന്തുടരുകയും അവരില്‍ ഒരാളെ അനുചിതമായി സ്പര്‍ശിച്ച ശേഷം ഓടിച്ചുപോയതായും പോലീസും വ്യക്തമാക്കുകയുണ്ടായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അഖീല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

'ഇതൊരു അപലപനീയമായ സംഭവമാണ്, പക്ഷേ ഒറ്റപ്പെട്ടതാണ്. ഇന്ത്യ ആതിഥ്യമര്യാദയ്ക്കും കരുതലിനും പേരുകേട്ടതാണ്. ഇത്തരം സംഭവങ്ങളോട് ഞങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റവാളിയെ പിടികൂടാന്‍ പെട്ടെന്ന് നടപടിയെടുത്ത മധ്യപ്രദേശ് പോലീസിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു ' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്താവനയില്‍ പറഞ്ഞു.

നിയമം അതിന്റെ വഴിക്ക് പോകട്ടെ. ആവശ്യമെങ്കില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കാന്‍ തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനഃപരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: BCCI strongly condemns the incident of harassment and attempted molestation of Australian women cricketers in India.