ഏഷ്യാ കപ്പില്‍ കലാശപ്പോര്; പാകിസ്താനും ലങ്കയും നേര്‍ക്കുനേര്‍

ദുബായ്: രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലും ദാരിദ്ര്യത്തിലും ഉഴറുന്നതിനിടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ദുബായില്‍ ഏഷ്യാ കപ്പ് കളിക്കാനെത്തിയത്. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും അദ്ഭുതപ്രകടനത്തോടെ മുന്നേറിയ ശ്രീലങ്ക, ആരാധകര്‍ക്ക് സന്തോഷത്തിന്റെ ഒരു ദിവസം സമ്മാനിക്കാന്‍ ഞായറാഴ്ച ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നു. ഏഷ്യയിലെ വന്‍ ശക്തിയായ പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഫൈനല്‍ ഞായറാഴ്ച വൈകീട്ട് 7.30 മുതല്‍ ദുബായില്‍. ശ്രീലങ്കയ്ക്ക് 12-ാം ഫൈനലാണിത്. പാകിസ്താന് അഞ്ചാമത്തെയും.
ഓള്‍റൗണ്ട് ശ്രീലങ്ക
പ്രാഥമികഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റുകൊണ്ട് തുടങ്ങിയ ശ്രീലങ്ക, പിന്നീട് ഗംഭീരമായി തിരിച്ചുവരുകയായിരുന്നു. പിന്നെ, തുടര്‍ച്ചയായി നാലു വിജയങ്ങളോടെയാണ് ഫൈനലിലെത്തിയത്. തോറ്റ എതിരാളികളില്‍ ഇന്ത്യയുമുണ്ട്. സൂപ്പര്‍ സിക്‌സിലെ അവസാന മത്സരത്തില്‍ വെള്ളിയാഴ്ച പാകിസ്താനെയും തോല്‍പ്പിച്ചു. ഓള്‍റൗണ്ട് മികവോടെ മുന്നേറുന്ന ടീം ചില ഘട്ടത്തില്‍ 1990-കളിലെ ലങ്കയെ ഓര്‍മിപ്പിക്കുന്നു. പാത്തും നിസംഗ, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലകെ, ഭനുക രാജപക്‌സെ, ക്യാപ്റ്റന്‍ ദസുന്‍ ഷനക, വാനിന്ദു ഹസരംഗ എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ ഓരോരുത്തരും അവരുടെ അവസരത്തില്‍ തിളങ്ങുന്നു. അഞ്ചു മത്സരത്തില്‍ ലങ്ക 28 സിക്‌സും 62 ബൗണ്ടറികളും നേടി. ദില്‍ഷന്‍ മധുഷങ്ക, മഹീഷ് തീക്ഷ്ണ, വാനിന്ദു ഹസരംഗ, ചമിക കരുണരത്‌നെ എന്നിവരടങ്ങിയ ബൗളിങ് നിരയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു. വിജയതൃഷ്ണയുള്ള ടീമുമായാണ് ഇക്കുറി ലങ്ക എത്തിയിരിക്കുന്നത്.
ബാബര്‍ ഫോമിലാകണം
ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റുകൊണ്ട് തുടങ്ങിയ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയെയും അഫ്ഗാനിസ്താനെയും തോല്‍പ്പിച്ച് ഫൈനലിന് യോഗ്യത നേടിയെങ്കിലും അവസാനമത്സരത്തില്‍ ലങ്കയോട് തോറ്റത് തിരിച്ചടിയായി. ക്യാപ്റ്റന്‍ ബാബര്‍ അസം മികവിലേക്ക് ഉയരാത്തത് ടീമിന്റെ പ്രതീക്ഷയെ ബാധിച്ചു. അഞ്ചു മത്സരത്തില്‍ ബാബര്‍ നേടിയത് 63 റണ്‍സ്. മറ്റൊരു ഓപ്പണര്‍ മുഹമ്മദ് റിസ്വാനും മികച്ച ബൗളിങ് നിരയും ചേര്‍ന്നാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.
ടോസ് പ്രധാനം
ദുബായിലെ പിച്ചില്‍ ടോസ് നിര്‍ണായകമാണ്. ഇക്കുറി കളിച്ച എട്ടു മത്സരത്തിലും ടോസ് നേടിയ ടീം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇതില്‍ ആറുതവണയും ചേസ് ചെയ്ത ടീം ജയിച്ചു. രണ്ടുവട്ടവും ആദ്യം ബാറ്റുചെയ്ത് ജയിച്ചത് ഇന്ത്യയാണ്. ഹോങ്കോങ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകള്‍ക്കെതിരേ. ഫൈനലിലും ടോസ് നേടുന്ന ടീമിന് ഫീല്‍ഡിങ് തിരഞ്ഞെടുക്കാന്‍ ആലോചിക്കേണ്ടിവരില്ല.
Content Highlights: Asia Cup Final 2022 Sri Lanka vs Pakistan