അല്‍പമൊന്ന് പരിശ്രമിച്ചിരുന്നെങ്കില്‍ ആ റണ്ണൗട്ട് ഒഴിവാക്കാമായിരുന്നു; ഹര്‍മനെ കുറ്റപ്പെടുത്തി ഹീലി

Photo: twitter.com
Photo: twitter.com

കേപ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ റണ്ണൗട്ടായിരുന്നു. ഇതിനെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ ഈ റണ്ണൗട്ടില്‍ ഹര്‍മന്‍പ്രീതിന്റെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് വിക്കറ്റ് കീപ്പര്‍ അലിസ ഹീലി. ആ റണ്ണൗട്ട് ദൗര്‍ഭാഗ്യകരമല്ലെന്നും അല്‍പംകൂടി പരിശ്രമിച്ചിരുന്നുവെങ്കില്‍ ഹര്‍മന് ആ റണ്ണൗട്ട് ഒഴിവാക്കാമായിരുന്നുവെന്നും ഹീലി പറഞ്ഞു.

സെമിയില്‍ ജെമിമ പുറത്തായതിനു പിന്നാലെ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയായിരുന്നു ആ റണ്ണൗട്ട്. 15-ാം ഓവറില്‍ മിഡ് വിക്കറ്റിലേക്ക് ഹര്‍മന്‍പ്രീത് ഒരു സ്ലോഗ് സ്വീപ് കളിക്കുന്നു. അനായാസം രണ്ട് റണ്‍സിനുള്ള അവസരം. ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം റണ്ണിനായുള്ള ഓട്ടം ഹര്‍മന്‍പ്രീത് പക്ഷേ ലാഘവത്തില്‍ എടുത്തപോലെ തോന്നി. പക്ഷേ നിര്‍ഭാഗ്യവശാല്‍ ബാറ്റ് പിച്ചില്‍ ക്രീസിനു മുന്നില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഒട്ടും സമയം കളയാതെ ഹീലി ബെയ്ല്‍സ് ഇളക്കുകയും ചെയ്തു. ഹര്‍മന്‍പ്രീത് പുറത്ത്. ചെറിയ ശ്രദ്ധക്കുറവില്‍ വിക്കറ്റ് നഷ്ടമായ നിരാശയും രോഷവും ബാറ്റ് വലിച്ചെറിഞ്ഞും പിന്നീട് നിലത്തടിച്ചുമാണ് ക്യാപ്റ്റന്‍ പ്രകടിപ്പിച്ചത്. മത്സരം ഇന്ത്യ അഞ്ച് റണ്‍സിനാണ് തോറ്റതെന്ന് അറിയുമ്പോഴാണ് ഹര്‍മന്റെ വിക്കറ്റിന്റെ വില മനസിലാകുന്നത്.

മത്സര ശേഷം ആ റണ്ണൗട്ട് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹീലിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

''അത് ശരിക്കും തമാശയായിരുന്നു. ആ സംഭവത്തിന് ശേഷം ബെലിന്‍ഡ ക്ലര്‍ക്ക് എനിക്ക് മെസേജ് അയച്ചിരുന്നു. ഹര്‍മന്‍പ്രീതിനെ പുറത്താക്കിയതിന് അഭിനന്ദിക്കുകയും ചെയ്തു. സാധാരണ ഇത്തരം സാഹചര്യത്തില്‍ ഞാന്‍ ബെയില്‍സ് തെറിപ്പിക്കാറില്ല. അത് സമയം കളയുന്ന പരിപാടിയാണ്. കാരണം ഇളക്കിയ ബെയ്ല്‍സ് നമ്മള്‍ തന്നെ തിരികെ വെയ്ക്കണം. അതിനാല്‍ തന്നെ അത് അരോചകമാണ്. പക്ഷേ ചില കാരണങ്ങളാല്‍ അന്നെനിക്ക് ബെയ്ല്‍സ് തെറിപ്പിക്കണമെന്നുതന്നെ തോന്നി. തികച്ചും വിചിത്രമായിരുന്നു അത്.'' - എബിസി സ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ ഹീലി പറഞ്ഞു.

''ആ പുറത്താകല്‍ നിര്‍ഭാഗ്യകരമാണെന്നൊക്കെ ഹര്‍മന്‍പ്രീതിന് പറയാം. എന്നാല്‍ ആത്മാര്‍ഥമായി അല്‍പംകൂടി പരിശ്രമിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ക്രീസില്‍ കയറാമായിരുന്നു. വേണമെങ്കില്‍ നിങ്ങള്‍ ഭാഗ്യമില്ലാത്തവളാണെന്ന് പറഞ്ഞ് ജീവിതകാലം മുഴുവന്‍ അതിനെ പഴിച്ചിരിക്കാം. പക്ഷേ പ്രധാനപ്പെട്ടത് ആ സമയത്തെ പരിശ്രമവും ഊര്‍ജവുമാണ്. കളിക്കളത്തില്‍ ഞങ്ങള്‍ സംസാരിക്കാറുള്ളതും ആ പരിശ്രമത്തെയും ഊര്‍ജത്തെയും കുറിച്ചാണ്. അത് വിക്കറ്റിനിടയിലെ ഓട്ടത്തിനും ബാധകമാണ്. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍ എതിരാളികളേക്കാള്‍ ശ്രദ്ധ പതിപ്പിക്കാന്‍ നമുക്കാകണം, അങ്ങനെയേ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനാകൂ. അക്കാര്യം ഞങ്ങള്‍ കുറച്ചുകൂടി നന്നായി ചെയ്യുന്നു എന്നാണ് എനിക്ക് തോന്നുന്നത്.'' - ഹീലി കൂട്ടിച്ചേര്‍ത്തു.

Content Highlights: Alyssa Healy slams Harmanpreet Kaur on that run out incident