സിക്സറുകൾ തൂക്കി റെക്കോഡിട്ട് അഭിഷേക് ശർമ; പിന്നിലാക്കിയത് സൂര്യകുമാറിനെ

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി 20 മത്സരത്തിൽ പുതിയ ലോക റെക്കോഡ് കുറിച്ച് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി 20-യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. 2026-ൽ തന്റെ 69-ാം സിക്സർ അടിച്ചുകൊണ്ടാണ് അഭിഷേക് ഈ വലിയ നേട്ടത്തിലെത്തിയത്. 2022-ൽ 31 കളികളിൽ നിന്ന് 68 സിക്സറുകൾ നേടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥാപിച്ച റെക്കോഡാണ് അഭിഷേക് തകർത്തത്. അഭിഷേക് 2026-ൽ 33 മത്സരങ്ങളിൽ നിന്നാണ് 69 സിക്സറുകൾ തികച്ചത്.
നേരത്തേ 2025-ൽ 54 സിക്സറുകൾ നേടി അഭിഷേക് ഈ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഈ വർഷം 52 സിക്സറുകൾ നേടി ഇഷാൻ കിഷനും അഭിഷേകിന് തൊട്ടുപിന്നാലെയുണ്ട്. ഈ വർഷം ഇനി ആറ് ടി 20 മത്സരങ്ങൾ കൂടി ഇന്ത്യയ്ക്ക് ബാക്കിയുള്ളതിനാൽ സിക്സറുകളുടെ എണ്ണം മൂന്നക്കത്തിൽ എത്തിക്കാൻ അഭിഷേകിന് അവസരമുണ്ട്.
മത്സരത്തിന്റെ ഒമ്പതാം ഓവറിൽ വെസ്റ്റ് ഇൻഡീസ് ബൗളർ ഷമാർ സ്പ്രിംഗറെ ക്രീസിൽ നിന്ന് മുന്നോട്ട് ഇറങ്ങിവന്ന് സിക്സറിന് പറത്തിയാണ് അഭിഷേക് ചരിത്രത്താളുകളിൽ ഇടംനേടിയത്. ഈ മത്സരത്തിൽ 15 പന്തുകൾ നേരിട്ട ശേഷമാണ് അഭിഷേക് തന്റെ ആദ്യ സിക്സർ കണ്ടെത്തിയത്. മത്സരത്തിൽ പുറത്താകാതെ 23 റൺസ് നേടിയ അഭിഷേക് ഇതോടെ ഈ വർഷത്തെ സിക്സറുകളുടെ എണ്ണം 69-ൽ എത്തിക്കുകയായിരുന്നു.
അതേസമയം ടി 20-യിൽ 2000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരം എന്ന നേട്ടവും തൊട്ടുമുൻപത്തെ മത്സരത്തിൽ അഭിഷേക് കൈവരിച്ചിരുന്നു. രോഹിത് ശർമ (4,231 റൺസ്), വിരാട് കോലി (4,188 റൺസ്), സൂര്യകുമാർ യാദവ് (3,272 റൺസ്), ഹാർദിക് പാണ്ഡ്യ (2,288 റൺസ്), കെ.എൽ. രാഹുൽ (2,265 റൺസ്) എന്നിവരാണ് ടി 20-യിൽ 2000 റൺസ് കടന്ന ഇന്ത്യൻ താരങ്ങൾ.
ഈ വർഷം 33 മത്സരങ്ങളിൽ നിന്നായി 29-ൽ അധികം ശരാശരിയിലും 206-ൽ അധികം സ്ട്രൈക്ക് റേറ്റിലും 950 റൺസാണ് അഭിഷേക് നേടിയത്. ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Abhishek Sharma broke Suryakumar Yadav's record for most T20 sixes in a calendar year., He hit his 69th six of 2026 during the 4th T20 match against West Indies., Achieved the feat in 33 matches in 2026., Previously crossed 2000 T20 runs for India earlier in the series.