'ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റനെന്ന നിലയില്‍ കോലി നല്‍കുന്ന പിന്തുണ കാണുമ്പോള്‍ കൊതിയാവുന്നു'

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ വര്‍ഷമാണ് പാണ്ഡ്യ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരു ഓള്‍റൗണ്ടറെന്ന നിലയില്‍ പാണ്ഡ്യയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.
'യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്തുണ കാണുമ്പോള്‍ സന്തോഷമുണ്ട്. ടീമില്‍ നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നെങ്കില്‍ മികച്ച കരിയറുണ്ടാവുമായിരുന്ന എത്രയോ കളിക്കാരുണ്ട്. ഓരോ കളിക്കാരന്റെയും വളര്‍ച്ചക്ക്‌ ക്യാപ്റ്റന്റെ പിന്തുണ ആവശ്യമാണ്. അത് ഹാര്‍ദികാണെങ്കിലും മറ്റു ആരെങ്കിലുമാണെങ്കിലും. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ നേട്ടങ്ങളുണ്ടാക്കിയ താരമാണ് പാണ്ഡ്യ.' പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ 32-കാരനായ പഠാന്‍ ചൂണ്ടിക്കാട്ടി.
'എല്ലാ യുവതാരങ്ങളെയും കോലി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒന്നോ രണ്ടോ പേരെ മാത്രമല്ല. ടീം മാനേജ്‌മെന്റിന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കില്‍ കളിക്കാരന് മികച്ച പ്രകടനം പുറത്തെടുക്കാനാവും. രോഹിത് ശര്‍മ്മക്ക് പിന്തുണ നല്‍കിയിരുന്നത് ധോനിയായിരുന്നു. ഇന്ന് രോഹിത് മികച്ച ബാറ്റ്‌സ്മാനായില്ലേ' പഠാന്‍ കൂട്ടിച്ചേര്‍ത്തു.
കപില്‍ ദേവുമായി പാണ്ഡ്യയെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അവന്‍ അവനായി കളിക്കട്ടേയെന്നും പഠാന്‍ ചൂണ്ടിക്കാട്ടി. സമ്മര്‍ദം നല്‍കുന്നതിന് പകരം അവന് നന്നായി കളിക്കാനുള്ള സമയമാണ് നല്‍കേണ്ടതെന്നും പഠാന്‍ പറഞ്ഞു.
2003 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് പഠാന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. ബൗളറായി കരിയര്‍ തുടങ്ങിയ പഠാന്‍ പിന്നീട് ഓള്‍റൗണ്ടറുടെ മികവിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യമായ അവസരവും പിന്തുണയും ലഭിക്കാതിരുന്നതോടെ പഠാന്റെ കരിയറിനും അല്‍പായുസ്സാവുകയായിരുന്നു. 2012ലാണ് ഇന്ത്യക്ക് വേണ്ടി പഠാന്‍ അവസാനം കളിച്ചത്.


VIEW ON mathrubhumi.com