എച്ച് എസ് പ്രണോയിക്കുശേഷം ലോക ബാഡ്മിന്റൺ വേദിയിൽ ഒരു മലയാളി താരം; ചരിത്രമായി ട്രീസാ ജോളി

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
ട്രീസാ ജോളി | Photo: AP
ട്രീസാ ജോളി | Photo: AP

ലോക ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമായി ട്രീസാ ജോളി. ക്വാർട്ടറിൽ രണ്ടാം റാങ്കുകാരായ ചൈനീസ് സഖ്യത്തെ അട്ടിമറിച്ചാണ് വനിതാ ഡബിൾസിൽ ട്രീസാ ജോളിയും ഗായത്രി ഗോപീചന്ദും അവസാന നാലിലെത്തിയത്. സെമി ഫൈനലിൽ ഒന്നാം സീഡായ ചൈനീസ് ജോഡിയോട് പരാജയപ്പെട്ടാലും ഇന്ത്യക്കൊരു മെഡലുറപ്പാണ്. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ മലയാളി താരമാകും ട്രീസ.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് ലോക ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ എച്ച്.എസ് പ്രണോയ് വെങ്കലം നേടിയിരുന്നു. 2023-ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് പ്രണോയ് സെമി ഫൈനൽ വരെ എത്തിയത്. ക്വാർട്ടറിലെ ലോക ചാമ്പ്യനായ വിക്ടർ അക്‌സെൽസണെ അട്ടിമറിച്ച് മുന്നേറിയ പ്രണോയ് സെമിയിൽ തോൽക്കുകയായിരുന്നു. തായ്‌ലൻഡ് താരം കുൻലാവുട്ടിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്. വെങ്കലം സ്വന്തമാക്കിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരമായി പ്രണോയ് മാറി.

ലോക ചാമ്പ്യൻഷിപ്പിന്റെ വനിതാ ഡബിൾസിന്റെ സെമി ഫൈനലിൽ ഇന്ത്യ 15 വർഷത്തിനുശേഷമാണ് എത്തുന്നത് എന്നൊരു റെക്കോർഡും ഈ വിജയത്തിനുണ്ട്. 2011-ൽ ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു. നേരത്തെ 2022, 2023 വർഷങ്ങളിൽ തുടർച്ചയായി ഓൾ ഇംഗ്ലണ്ട് ഓപ്പണിന്റെ സെമി ഫൈനലിൽ എത്തിയിട്ടുണ്ട് ട്രീസയും ഗായത്രിയും. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടി. ലോക റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ ഒരിക്കൽ ഇടം നേടുകയും ചെയ്തു.

എന്നാൽ ഈ വർഷത്തിന്റെ തുടക്കം ഇരുവർക്കും ആശങ്കകൾ നിറഞ്ഞതായിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ട്രീസയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. പിന്നീട് ഇന്തൊനേഷ്യൻ ഓപ്പണിലൂടെയാണ് ഇരുവരും കോർട്ടിലേക്ക് തിരിച്ചെത്തിയത്. ഓഗസ്റ്റ് തുടക്കത്തിൽ ഫിലിപ്പീൻ ഇന്റർനാഷണൽ ചലഞ്ചിൽ കിരീടം നേടുകയും ചെയ്തു.

ഹൈദരാബാദിൽവെച്ചാണ് ട്രീസയും ഗായത്രിയും ഡബിൾസ് പങ്കാളികളാകുന്നത്. അന്ന് മെച്ചപ്പെട്ട പരിശീലനം തേടിയാണ് ട്രീസ ഹൈദരാബാദിലെത്തുന്നത്. ആ സമയത്ത് മകൾ ഗായത്രിക്കായി മികച്ച ഒരു ഡബ്ൾസ് പങ്കാളിയെ അന്വേഷിക്കുകയായിരുന്നു അച്ഛൻ ഗോപീചന്ദ്. ബാക്ക് കോർട്ടിൽ നിന്ന് അറ്റാക്കിങ് ഗെയിം കളിക്കുന്ന ട്രീസ അങ്ങനെ ഗായത്രിക്ക് ചേർന്ന് പങ്കാളിയായി.

2021ൽ സ്പെയ്ൻ മാസ്റ്റേഴ്‌സിലൂടെയായിരുന്നു ഇരുവരും അന്താരാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറിയത്. അതേവർഷം പോളിഷ് ഇന്റർനാഷണലിൽ രണ്ടാം സ്ഥാനത്തുമെത്തി. 2021-ൽ ഇന്ത്യ ഇന്റർനാഷണൽ ചലഞ്ചായിരുന്നു ആദ്യ കിരീടം. തൊട്ടടുത്ത വർഷം ബാഡ്മിന്റണിലെ സൂപ്പർസ്റ്റാറുകളിലൊന്നായ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ സെമി ഫൈനൽ വരെ ഇന്ത്യൻ ജോഡിയെത്തി. അന്ന് വെറും 19 വയസായിരുന്നു ട്രീസാ ജോളിയുടെ പ്രായം. രണ്ടാം സീഡായ കൊറിയൻ സഖ്യത്തെ അന്ന് ഇരുവരും പരാജയപ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല.

പിന്നാലെ കോമൺവെൽത്ത് ഗെയിംസിൽ ബെർമിങ്ഹാമിൽ ട്രീസ മികസഡ് ടീമിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും കഴുത്തിലണിഞ്ഞു. 2023-ൽ ദുബായിൽ നടന്ന ഏഷ്യൻ മിക്സഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം, 2024-ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ സ്വർണം എന്നിവയും മലയാളി താരത്തിന്റെ അക്കൗണ്ടിലെത്തി.

Content Highlights: Treesa Jolly and Gayatri Gopichand reached the World Badminton Championship semi-finals., Treesa becomes the first Malayali woman to achieve this milestone in the tournament., Defeated the second-seeded Chinese pair in the quarter-finals., India reaches the women's doubles semi-finals in the World Championship after 15 years.