ചൈനീസ് സഖ്യത്തെ അട്ടിമറിച്ചു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഗായത്രിയും ട്രീസയും

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിലേക്ക് കുതിച്ച് ഇന്ത്യയുടെ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. ലോക രണ്ടാം റാങ്കുകാരായ ചൈനയുടെ ജിയാ യിഫാൻ-സാങ് ഷുസിയാൻ ജോഡിയെയാണ് ഇന്ത്യൻ സഖ്യം അട്ടിമറിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ഗായത്രിയും ട്രീസയും വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഇതോടെ ഇന്ത്യ ഒരു മെഡലുറപ്പിക്കുകയും ചെയ്തു. 15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം ലോക ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. ഇതിന് മുമ്പ് 2011-ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു.
ആദ്യ ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ അവസരത്തിനൊത്തുയർന്നു. 21-15ന് ഗെയിം സ്വന്തമാക്കി മത്സരത്തിലെ സാധ്യത നിലനിർത്തി. നിർണായകമായ മൂന്നാം ഗെയിം 21-13ന് സ്വന്തമാക്കി സെമിയിലേക്കും ടിക്കറ്റെടുത്തു.
ശനിയാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യൻ സഖ്യം ഒന്നാം സീഡായ ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് ജോഡിയെ നേരിടും. മറ്റൊരു സെമിയിൽ മൂന്നാം സീഡായ ദക്ഷിണ കൊറിയയുടെ ബേയ്ക്ക് ഹാ നാ-ലീ സോ ഹീ സഖ്യവും എട്ടാം സീഡായ ചൈനയുടെ ലി യിജിങ്-ലു സുമിൻ ജോഡിയും ഏറ്റുമുട്ടും.
Content Highlights: Treesa Jolly and Gayatri Gopichand advanced to the World Badminton Championship semifinals., They defeated the world No. 2 Chinese pair Jia Yifan and Zhang Shuxian in a comeback win., This secures at least a medal for India, ending a 15-year wait in women's doubles since Jwala Gutta and Ashwini Ponnappa in 2011.