ട്രീസയ്ക്കും ഗായത്രിക്കും റാങ്കിങ്ങിൽ വൻ കുതിപ്പ്

#സ്പോർട്സ് ഡെസ്ക്
ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും. Photo: Naveen Sharma | ANI
ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും. Photo: Naveen Sharma | ANI

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെങ്കലനേട്ടത്തിന് പിറകെ ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും ലോക റാങ്കിങ്ങിലും വൻ കുതിപ്പ്. നേരത്തെ 39-ാം റാങ്കുകാരായിരുന്ന ഇന്ത്യൻ ജോഡി ലോകചാമ്പ്യൻഷിപ്പിനുശേഷം 27-ാം റാങ്കിലേയ്ക്ക് ഉയർന്നു. നേരത്തെ 33,292 പോയിന്റായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. ഈ ആഴ്ചത്തെ റാങ്കിങ്ങിൽ അത് 44,192 ആയി ഉയർന്നു.

ന്യൂഡൽഹിയിൽ നടന്ന ലോകചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഏക മെഡലായിരുന്നു ഇവരുടേത്. 2011ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിനുശേഷം ഇതാദ്യമായാണ് വനിതാ ഡബിൾസിൽ ഒരു ഇന്ത്യൻ ടീം മെഡൽ നേടുന്നത്. ക്വാർട്ടറിൽ ഇവർ ചൈനയുടെ നാലാം സീഡായ ജിയാ യി ഫാൻ-ഷാങ് ഷു ഷ്യാൻ ജോഡിയെ അട്ടിമറിച്ചിരുന്നു. സെമിയിൽ ഒന്നാം റാങ്കുകാരായ ചൈനയുടെ തന്നെ ല്യു ഷെങ് ഷു-ടാൻ നിങ് ജോഡിയ്‌ക്കെതിരെ ഒന്നാം ഗെയിം നേടി ഞെട്ടിച്ചശേഷമാണ് തോൽവി വഴങ്ങിയത്.

റാങ്കിങ്ങിൽ ഇപ്പോഴും ഏറ്റവും മുകളിലുള്ള ഇന്ത്യൻ സാന്നിധ്യം പുരുഷന്മാരുടെ ഡബിൾസ് ജോഡിയായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ്. അവർ ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തുടരുന്നുണ്ട്.

പുരുഷ സിംഗിൾസിൽ ഇൻഡൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് പുതിയ ഒന്നാം റാങ്കുകാരൻ. നേരത്തെ മൂന്നാം റാങ്കുകാരനായിരുന്നു ക്രിസ്റ്റി. ഒന്നാം റാങ്കുകാരനായിരുന്നു ചൈനയുടെ ഷി യുഖി ആറാം സ്ഥാനത്തേയ്ക്ക് പതിച്ചു. ലോകചാമ്പ്യൻഷിപ്പിന്റെ ഒന്നാം റൗണ്ടിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിയോട് ഞെട്ടുന്ന തോൽവി ഏറ്റുവാങ്ങേണ്ടിവന്നതാണ് ഷിയ്ക്ക് തിരിച്ചടിയായത്. ഷിയെ വീഴ്ത്തിയ ആയുഷ് രണ്ട് സ്ഥാനം മുകളിൽ കയറിയ ഇരുപതാം റാങ്കുകാരനായി. സിംഗിൾസ് റാങ്കിങ്ങിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നാണ് മുന്നിൽ. ഒരു സ്ഥാനം മുകളിൽ കയറി പതിമൂന്നാമതായിട്ടുണ്ട് ലക്ഷ്യ. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മുപ്പത്തിനാലാമതും എച്ച്.എസ്. പ്രണോയ് മുപ്പിയൊൻപതാമതുമാണ്. മലയാളിയായ പ്രണോയ് ഒരു സ്ഥാനം താഴെ പോയി.

വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധു ഒരു സ്ഥാനം താഴെപ്പോയി പത്താമതായി. ഉന്നതി ഹൂഡ ഇരുപതിയഞ്ചാമതും തൻവി ശർമ ഇരുപത്തിയാറാമതുമാണ്.

മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻ ടീമായ ധ്രുവ് കപിലയും തനിഷ് കാസ്‌ട്രോയും രണ്ട് സ്ഥാനം താഴെ പോയി ഇരുപതാമതായി.

Content Highlights: Treesa Jolly and Gayatri Gopichand jumped from 39th to 27th in BWF world rankings., Their points increased from 33,292 to 44,192 following the World Championships bronze medal win., Satwiksairaj Rankireddy and Chirag Shetty maintain their 5th position in men's doubles., Lakshya Sen moves up to 13th in men's singles while PV Sindhu drops to 10th in women's singles.