ചെറുപുഴയിലേക്കെത്തിയ അർജുന; കേരളത്തിന്റെ പൊൻതൂവലായി ട്രീസ

കണ്ണൂർ ചെറുപുഴയിൽ നിന്ന് ലോക ബാഡ്മിന്റണിന്റെ കടലിലേക്കുള്ള യാത്ര. അതാണ് മലയാളി താരം ട്രീസാ ജോളിയുടെ ജീവിതത്തിൽ സംഭവിച്ചത്. എന്നാൽ ആ യാത്രയ്ക്ക് പിന്നിൽ മായാജാലങ്ങളൊന്നുമില്ല. കഴിഞ്ഞ മെയിൽ 23-ാം പിറന്നാൾ ആഘോഷിച്ച ട്രീസ കോർട്ടിൽ ഒഴുക്കിയ വിയർപ്പു തന്നെയാണ് അർജുന പുരസ്‌കാര നേട്ടം വരെയെത്തിച്ചത്. ന്യൂഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ലോക ചാമ്പ്യൻഷിപ്പ് രണ്ടാം റൗണ്ട് മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് ട്രീസയെ തേടി സന്തോഷവാർത്തയെത്തി. വനിതാ ഡബിൾസിലെ പങ്കാളി ഗായത്രിക്കും പുരസ്‌കാരമുണ്ടെന്ന് അറിഞ്ഞപ്പോൾ ഇരട്ടി സന്തോഷം.
അച്ഛൻ ജോളി മാത്യു കായികാധ്യാപകനായതിനാൽ കുട്ടിക്കാലം മുതൽ ഗ്രൗണ്ടിലിറങ്ങി ശീലിച്ചവളാണ് ട്രീസ. അഞ്ചാം വയസ്സിൽ മകളുടെ കൈയിൽ ജോളി ഷട്ടിൽ ബാറ്റു കൊടുത്തു. രണ്ടു വർഷങ്ങൾക്കു ശേഷം അണ്ടർ-10 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ട്രീസ കോർട്ടിലിറങ്ങി. പിന്നീടങ്ങോട്ട് ഷട്ടിലിൽ ചരിത്രത്തിലേക്കുള്ള സ്മാഷുകളുമായി ട്രീസ മുന്നേറി. പത്താം വയസ്സിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച താരം ഏഴാം ക്ലാസു വരെ അച്ഛന് കീഴിൽതന്നെയാണ് പരിശീലിച്ചത്.
പിന്നീട് കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രന്റെ കീഴിലേക്ക് പരിശീലനം മാറ്റി. കൂടുതൽ പ്രൊഫഷണലാകുക എന്ന ലക്ഷ്യത്തോടെ ബാഡ്മിന്റണിന്റെ തറവാടായ ഹൈദരാബാദിൽ ഒരു വർഷം മുമ്പാണ് ട്രീസ എത്തിയത്. അവിടെ ഇതിഹാസ താരമായ ഗോപീചന്ദിന്റെ കീഴിൽ പരിശീലനം. അന്ന് ഗോപീചന്ദിന്റെ മകൾ ഗായത്രി ഡബിൾസിൽ ഒരു പങ്കാളിയെ അന്വേഷിക്കുന്ന സമയമായിരുന്നു. ബാക്ക് കോർട്ടിൽ നിന്ന് അറ്റാക്കിങ് ഗെയിം കളിക്കുന്ന പങ്കാളിയെ ആയിരുന്നു ഗായത്രിക്ക് വേണ്ടിയിരുന്നത്. അങ്ങനെ ആ അന്വേഷണം ട്രീസയിലെത്തി നിന്നു.
2021-ൽ സ്‌പെയ്ൻ മാസ്റ്റേഴ്സിലൂടെയായിരുന്നു ഇരുവരും അന്താരാഷ്ട്ര ടൂർണമെന്റിൽ അരങ്ങേറിയത്. അതേവർഷം പോളിഷ് ഇന്റർനാഷണലിൽ രണ്ടാം സ്ഥാനത്തുമെത്തി. 2021-ൽ ഇന്ത്യ ഇന്റർനാഷണൽ ചലഞ്ചായിരുന്നു ആദ്യ കിരീടം. തൊട്ടടുത്ത വർഷം ബാഡ്മിന്റണിലെ സൂപ്പർസ്റ്റാറുകളിലൊന്നായ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ സെമി ഫൈനൽ വരെ ഇന്ത്യൻ ജോഡിയെത്തി. അന്ന് വെറും 19 വയസായിരുന്നു ട്രീസാ ജോളിയുടെ പ്രായം. രണ്ടാം സീഡായ കൊറിയൻ സഖ്യത്തെ അന്ന് ഇരുവരും പരാജയപ്പെടുത്തുമെന്ന് ആരും കരുതിയിരുന്നില്ല.
പിന്നാലെ കോമൺവെൽത്ത് ഗെയിംസിൽ ബെർമിങ്ഹാമിൽ ട്രീസ മികസഡ് ടീമിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും കഴുത്തിലണിഞ്ഞു. 2023-ൽ ദുബായിൽ നടന്ന ഏഷ്യൻ മിക്‌സഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം, 2024-ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ സ്വർണം എന്നിവയും മലയാളി താരത്തിന്റെ അക്കൗണ്ടിലെത്തി.
Content Highlights: Treesa Jolly won the prestigious Arjuna Award for her achievements in badminton., Started training at age five under her father Jolly Mathew and later under Pullela Gopichand., Partnered with Gayatri Gopichand to achieve major international milestones including Commonwealth Games medals and Asian Team Championship gold.