ലോക ചാമ്പ്യൻഷിപ്പ്; സെമിയിൽ ഒന്നാം റാങ്കുകാരോട് പൊരുതിത്തോറ്റു, ഗായത്രിക്കും ട്രീസയ്ക്കും വെങ്കലം

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലിൽ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യം ഒന്നാം റാങ്കുകാരായ ചൈനീസ് ജോഡിയോട് പൊരുതിത്തോറ്റു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോൽവി. സ്കോർ: 21-18, 13-21, 8-21.
ആദ്യ ഗെയിം 21-18ന് സ്വന്തമാക്കിയ ഇന്ത്യക്കെതിരെ രണ്ടാം ഗെയിമിൽ ലിയു ഷെങ്ഷു-ടാൻ നിങ് സഖ്യം തിരിച്ചുവന്നു. 21-13ന് ഗെയിം നേടി മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം നിലനിർത്തി. നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം ഇന്ത്യയെ ചിത്രത്തിലേ ഇല്ലാതാക്കി. 21-8ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ മൂന്നാമതുള്ള ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികൾ.
15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് ടീം ലോക ചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ നേടുന്നത്. നേരത്തെ 2011-ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടൊപ്പം എച്ച്.എസ് പ്രണോയിക്കുശേഷം മെഡൽ നേടുന്ന മലയാളി താരമായി ട്രീസ ജോളി മാറി. 2023 ലോക ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ പ്രണോയ് വെങ്കലം നേടിയിരുന്നു.