ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സിന്ധുവും ആയുഷും പ്രീ ക്വാർട്ടറിൽ, ലക്ഷ്യാ സെൻ പുറത്ത്

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്. വനിതാ സിംഗിൾസിൽ പി.വി സിന്ധു, പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടി, പുരുഷ ഡബിൾസിൽ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി എന്നിവർ പ്രീ ക്വാർട്ടറിലെത്തി. അതേസമയം ലക്ഷ്യാ സെൻ പുരുഷൻ സിംഗിൾസ് രണ്ടാം റൗണ്ടിൽ പുറത്തായി.
ശ്രീലങ്കയുടെ അഭയ്‌വിക്രമെയ്‌ക്കെതിരെ അനായാസമായിരുന്നു ആയുഷിന്റെ വിജയം. രണ്ട് ഗെയിമുകൾക്കുള്ളിൽ മത്സരം തീർന്നു. ആദ്യ ഗെയിം 21-8ന് സ്വന്തമാക്കിയ 21-കാരൻ രണ്ടാം ഗെയിം 21-10നും നേടി. അതേസമയം റാങ്കിങ്ങിൽ തന്നേക്കാൾ പിന്നിലുള്ള അമേരിക്കയുടെ ഗാരെറ്റ് ടാനിനോടാണ് ലക്ഷ്യ തോറ്റത്. ആദ്യ ഗെയിം 21-19ന് ലക്ഷ്യ നേടിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളിൽ തിരിച്ചുവന്ന് അമേരിക്കൻ താരം പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു.
വനിതാ സിംഗിൾസിൽ കാനഡയുടെ വെൻ യു സാങ്ങിനെ തോൽപ്പിച്ചാണ് സിന്ധു മുന്നേറിയത്. 11-ാം റാങ്കുകാരിയായ സിന്ധുവിന് കനേഡിയൻ താരം ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. സ്‌കോർ: 21-16, 21-17. പുരുഷ ഡബിൾസിൽ സ്‌കോട്ട്‌ലൻഡ് ജോഡി പരിക്കിനെ തുടർന്ന് പിന്മാറിയതോടെ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു. നേരത്തെ വനിതാ ഡബിൾസിൽ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
Content Highlights: PV Sindhu advanced to the pre-quarters by defeating Canada's Wen Yu Zhang., Ayush Shetty easily won against Sri Lanka's Abhijay Wickrameysinghe in straight games., Satwiksairaj Rankireddy and Chirag Shetty advanced after their opponents withdrew due to injury., Lakshya Sen suffered a second-round exit against America's Garrett Tan.