ദുബായിലും മസ്‌കറ്റിലും ട്രാവൽ ശൃംഖല, ബിസിനസിൽ മിന്നും വിജയം, സഹജീവികൾക്ക് കൈത്താങ്ങായ് പ്രവാസി

ഒരു ട്രാവൽ ഏജൻസി ജീവനക്കാരനിൽ നിന്ന് ദുബായിലും ഒമാനിലുമായി പടർന്ന് പന്തലിച്ച വലിയ ട്രാവൽ ഏജൻസി ശൃംഖലയുടെ ഉടമയായി മാറിയപ്പോഴും നിസഹായരായ മനുഷ്യരുടെ സങ്കടങ്ങളിൽ ആശ്വാസമാകാനാണ് ശ്രീകുമാർ കോർമത്തിന് ആഗ്രഹം.
ദുബായിലെ മജാൻ ട്രാവൽസ്, മസ്‌കറ്റിലെ ദുബായ് ട്രാവൽസ് എന്നീ രണ്ട് ട്രാവൽ ശൃംഖലകളാണ് പശ്ചിമേഷ്യയിൽ ശ്രീകുമാർ കോർമത്തിനുള്ളത്. മസ്‌ക്കറ്റിലും ദുബായിലുമായി പതിനെട്ട് ബ്രാഞ്ചുകളുണ്ട്. രണ്ടായിരത്തിലാണ് മജാൻ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങിയത്. പിന്നീട് ദുബായ് ട്രാവൽസ് തുടങ്ങി. എയർലൈൻ ടിക്കറ്റ് ബുക്കിങ് ആണ് പ്രധാന മേഖല. രാജകുടുംബത്തിൽ നിന്നുള്ളവരും ദുബായിലെയും മസ്‌കറ്റിലെയും മന്ത്രിമാരും അടക്കമുള്ളവർ ഈ രണ്ട് ട്രാവൽ ഏജൻസികളുടെയും സ്ഥിരം കസ്റ്റമർമാരാണ്.
1988- ലാണ് ഒരു ട്രാവൽ കമ്പനിയിൽ ജീവനക്കാരനായി ശ്രീകുമാർ കോർമത്ത് ഒമാനിലെത്തുന്നത്. കമ്പനിയുടെ അക്കൗണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു ശ്രീകുമാർ. ഈ മേഖലയിലെ അനുഭവ സമ്പത്ത് കൈമുതലാക്കിയാണ് 26 കൊല്ലം മുൻപ് ശ്രീകുമാർ ട്രാവൽ ഏജൻസി തുടങ്ങുന്നത്.
കണ്ണൂർ പയ്യന്നൂരിലായിരുന്നു ശ്രീകുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ നിന്ന് ബി.കോം പൂർത്തിയാക്കി, 1985-ൽ 21-ാമത്തെ വയസിൽ സി.എ പഠിക്കാനായി മുംബൈയിലേക്ക് തീവണ്ടി കയറി. ഫിനാൻസിൽ പി.ജിയെടുത്ത് അവിടെ റിലയൻസിൽ ക്ലാർക്കായി ജോലി തുടങ്ങി. 335 രൂപയായിരുന്നു ആദ്യശമ്പളം. പിന്നീട് മൂന്ന് വർഷത്തോളം ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായി. അവിടെ നിന്നാണ് ഒമാനിലെത്തുന്നത്.
കോവിഡ് കാലത്ത് അനേകർക്ക് കൈത്താങ്ങായി
പ്രവാസ ജീവിതം ആരംഭിച്ച കാലത്തുതന്നെ ശ്രീകുമാർ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും കോവിഡ് കാലം മുതലാണ് കൂടുതൽ സജീവമായത്. കോവിഡ് കാലത്ത് പഠനം ഓൺലൈനായപ്പോൾ കുട്ടികൾക്ക് പലർക്കും മൊബൈൽ ഇല്ലാത്തത് വലിയ പ്രശ്‌നമായിരുന്നു. കോഴിക്കോട് നഗരത്തിലെ 10 സ്‌കൂളുകളിലായി 200 വിദ്യാർഥികൾക്കാണ് ശ്രീകുമാർ അന്ന് ടാബുകൾ നൽകിയത്. പതിനയ്യായിരം രൂപയിലധികം വിലവരുന്ന ടാബുകളാണ് നൽകിയത്.
കോവിഡ് കാലത്ത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകി. 2020 -ൽ തുടങ്ങിയ ആ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്. ഓരോ വർഷവും അയ്യായിരവും ആറായിരവും ആളുകൾക്കാണ് കിറ്റുകൾ കൊടുക്കുന്നത്. ഇത്രയും കൊല്ലങ്ങൾ കൊണ്ട് മുപ്പതിനായിരത്തോളം കിറ്റുകൾ നൽകി. ഈ ഓഗസ്റ്റ് 22-ന് കിറ്റ് വിതരണത്തിന്റെ ഏഴാം വാർഷികമായിരുന്നു. അന്ന് നടന്ന കിറ്റ് വിതരണ ഉദ്ഘാടന ചടങ്ങിൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി. വി ചന്ദ്രൻ, കെ. എം. സി. ടി ഗ്രൂപ്പ് ചെയർമാൻ ഡോ. മൊയ്തു, മുൻ എംഎൽഎയും മുൻ കോഴിക്കോട് മേയറും ആയ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. നഗരത്തിലെ അർഹരായ അയ്യായിരം കുടുംബങ്ങൾക്കാണ് ഇത്തവണ ഭക്ഷ്യകിറ്റ് നൽകിയത്. 26 ഇനങ്ങളുള്ള കിറ്റിൽ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഭക്ഷ്യ വസ്തുക്കളുമുണ്ട്. വിവിധ പ്രദേശങ്ങളിലെ റസിഡന്റ്‌സ് അസോസിയേഷനുകളിലൂടെയാണ് ഇത്തവണ ആളുകളെ തിരഞ്ഞെടുത്തത്. മുൻപ് കോർപറേഷൻ കൗൺസിലർമാർ വഴിയും വിവിധ സംഘനകൾ വഴിയുമെല്ലാം അർഹരായവരെ കണ്ടെത്തിയിരുന്നു. മുൻപ് നടന്ന കിറ്റ് വിതരണ ചടങ്ങുകളിൽ മന്ത്രി കെ. മുരളീധരൻ ഉൾപ്പടെയുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുത്തിട്ടുണ്ട്.
കാരുണ്യത്തിന്റെ പല വഴികൾ
30 ലക്ഷം രൂപയാണ് കോവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ പി.എം.കെയർ ഫണ്ടിലേക്ക് ശ്രീകുമാർ നൽകിയത്. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മൈകാറി. തന്നെ കാണാൻ വരുന്നവർക്കും തനിക്കു ചുറ്റുമുള്ളവർക്കും ചെയ്യുന്ന സഹായങ്ങൾക്ക് പുറമായാണ് രാജ്യത്തിന്റെ ദുരിതത്തിലും ശ്രീകുമാർ കൈത്താങ്ങായി മാറിയത്. ചൂരൽമല ദുരന്തത്തിലും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന വീടുകൾ പുതുക്കി പണിത് നൽകി മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
ശ്രീകുമാറിന്റെ കാരുണ്യത്തിലൂടെ അടുത്തകാലത്ത് കോഴിക്കോട് നഗരത്തിലെ ഒരു സ്‌കൂളിലെ പെൺകുട്ടിയ്ക്ക് ശ്രവണസഹായി ലഭിച്ചു. ബാങ്ക് ജപ്തികാരണം വീട് നഷ്ടപ്പെട്ട കൊളത്തറ സ്വദേശിനിയായ ഒരു സ്ത്രീയുടെ ബാങ്ക് കുടിശ്ശികയുടെ മുഴുവൻ അടച്ച് തീർത്ത് അവർക്ക് കിടപ്പാടം തിരികെ വാങ്ങിക്കൊടുത്തു. നേപ്പാളിൽ നടന്ന ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അവസരം കിട്ടിയിട്ടും കോഴിക്കോട് മൈലാമ്പാടി സ്വദേശിയായ പ്രബീഷിന് അതിൽ പങ്കെടുക്കാൻ പണമില്ലായുന്നത് വാർത്തയായപ്പോൾ യാത്രചെലവിനും മറ്റുമായുള്ള തുക ശ്രീകുമാർ വഹിച്ചു.
വായിച്ചു വളരാനും പഠിക്കാനും സഹായം
സ്‌കൂൾ വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിലും ശ്രീകുമാർ എന്നും മുന്നിൽ നിന്നു. കോഴിക്കോട്ടെ നൂറ് സ്‌കൂളുകളിലാണ് മാതൃഭൂമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ശ്രീകുമാർ കുട്ടികൾക്ക് സൗജന്യമായി പത്രം നൽകിയത്. നേരിട്ട് സ്‌കൂളുകളിലെത്തി വായനയ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു. പ്രൊവിഡൻസ് കോളേജിൽ കോടികൾ മുടക്കി ലൈബ്രറി നിർമിച്ചപ്പോൾ അതിലും ശ്രീകുമാർ പങ്കാളിയായിട്ടുണ്ട്. മാതൃഭൂമിയുമായി സഹകരിച്ച് ട്രാഫിക് ബോധവത്കര രംഗത്തേക്കുമിറങ്ങി. ഒട്ടേറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിട്ടുള്ള ശ്രീകുമാർ ഉന്നതപഠനത്തിനും എണ്ണമറ്റ വിദ്യാർഥികൾക്ക് തുണയായി. ചികിത്സാ സഹായങ്ങൾ, വിവാഹങ്ങൾക്കുള്ള സഹായങ്ങൾ അങ്ങിനെ എല്ലാ മേഖലകളിലും ശ്രീകുമാറിന്റെ കാരുണ്യമെത്തിയിട്ടുണ്ട്.
ലഹരിയ്‌ക്കെതിരായ ബോധവത്കരണം വളരെ മുമ്പേ തുടങ്ങിയതാണ് ശ്രീകുമാർ കോർമത്ത്. 'ജീവിതമാണ് ലഹരി'യെന്ന സന്ദേശം ഓരോ കിറ്റുകളിലുമുണ്ടാവും. അതും സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. നമ്മൾ നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ മറ്റുള്ളവരിൽ വലിയ സ്വാധീനമുണ്ടാക്കും. അതിനാലാണ് കിറ്റുകളിൽ ഇങ്ങനെ ഒരു സ്‌ളോഗൻ ചേർത്തതതെന്ന് ശ്രീകുമാർ പറയുന്നു. കായികപ്രേമിയായ ശ്രീകുമാർ കോർമത്ത് 2022-ലെ ഖത്തർ വേൾഡ് കപ്പ് കാണാൻ കോഴിക്കോട്ടെ ഫുട്‌ബോൾ ആരാധകനായ അബ്ദുറഹ്മാന് അവസരം നൽകി. അതിന് പകരം കേരളം മുഴുവൻ ലഹരിക്കെതിരെ അബ്ദുറഹ്മാൻ ബോധവത്കരണം നടത്തി. കായികപ്രേമിയായ ശ്രീകുമാർ കേരള സ്‌പോർട്‌സ് അസോസിയേഷൻ, കേരള ഫുട്‌ബോൾ അസോസിയേഷൻ എന്നിവയിലും അംഗമാണ്.
കഠിനാധ്വാനം കൊണ്ട് നേടിയ സമ്പത്ത് സ്വന്തം ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കാൻ ശ്രീകുമാർ ഒരുക്കമല്ല. 'ജീവിതംകൊണ്ട് സ്വയം അടയാളപ്പെടുത്തണം. മനുഷ്യഹൃദയങ്ങളിൽ ഒരിക്കലും മായാത്ത ഓർമയായി നിലനിൽക്കണം, തനിക്കു ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം, അവരുടെ കണ്ണീരൊപ്പണം...' അതാണ് ശ്രീകുമാർ കോർമത്തിന്റെ സ്വപ്നം. ജീവകാരുണ്യപ്രവർത്തനങ്ങളിൽ മക്കളും സജീവമാകണമെന്ന് ആഗ്രഹിക്കുന്ന ശ്രീകുമാർ അവരെയും അവയിൽ പങ്കാളിയാക്കാറുണ്ട്. വിനുത ശ്രീകുമാർ നമ്പ്യാരാണ് ഭാര്യ. മകൻ മുരുകേഷ് നമ്പ്യാർ ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. മകൾ ശ്രീലക്ഷ്മി നമ്പ്യാർ ഡോക്ടറും മകൻ കൃഷ്ണ നമ്പ്യാർ അമേരിക്കയിൽ എയറോ സ്‌പെയ്‌സ് എൻജിനീയറിങ് വിദ്യാർഥിയുമാണ്.
ഇൻസ്റ്റഗ്രാം പ്രൊഫൈൽ - https://www.instagram.com/kormathsreekumar?igsh=MXZoM3l3ajZsdGxi-dg==
Content Highlights: Sreekumar Kormath built a massive travel network across Dubai and Muscat starting from an employee background., Operates Majan Travels in Dubai and Dubai Travels in Muscat with 18 branches, serving high-profile clients including royalty and ministers., Extensive philanthropic involvement, including distributing food kits, supporting education, medical aid, and disaster relief like the Chooralmala tragedy.