500 കോടിയുടെ പദ്ധതിയിലൂടെ കേരളത്തിന്റെ ഗ്രീൻ സ്റ്റീൽ സ്വപ്നങ്ങൾക്ക് കള്ളിയത്ത് കരുത്തു പകരുന്നു

പാലക്കാട് 500 കോടിയുടെ ഗ്രീൻ കോർ സ്റ്റീൽ പദ്ധതിയുമായി കള്ളിയത്ത് ഗ്രൂപ്പ്
പാലക്കാട് 500 കോടിയുടെ ഗ്രീൻ കോർ സ്റ്റീൽ പദ്ധതിയുമായി കള്ളിയത്ത് ഗ്രൂപ്പ്

പാലക്കാട് ജില്ലയിൽ ഗ്രീൻ കോർ എന്ന വൻകിട ഉരുക്ക് നിർമാണ പദ്ധതിക്കായി 500 കോടി രൂപ നിക്ഷേപിക്കപ്പെടുന്നു, സുസ്ഥിര ഉരുക്ക് നിർമാണത്തിന്റെ വളർന്നുവരുന്ന കേന്ദ്രമായി കേരളം മാറുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റീൽ കോൺഗ്ലോമറേറ്റും പരിസ്ഥിതി സൗഹൃദ നിർമാണ രീതികളിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനവുമായ കള്ളിയത്താണ് ഗ്രീൻ കോർ പദ്ധതി നടപ്പാക്കുന്നത്. രണ്ട് തലമുറകളുടെ നേതൃത്വത്തിൽ കള്ളിയത്ത് ഗ്രൂപ്പ് ചെയർമാൻ നൂർ മുഹമ്മദ് നൂർഷ കള്ളിയത്തിന്റെയും ഡയറക്ടർ ദിർഷാ മുഹമ്മദ് കള്ളിയത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്.

പരമ്പരാഗത ഉരുക്ക് നിർമാണ രീതികളെ അപേക്ഷിച്ച് ഊർജത്തിന്റെ ഉപഭോഗം, ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം, ജലത്തിന്റെ ഉപയോഗം, കാർബൺ പുറന്തള്ളൽ എന്നിവ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന അത്യാധുനിക ഉരുക്ക് നിർമാണ സാങ്കേതികവിദ്യകളാണ് കള്ളിയത്തിന്റെ ഗ്രീൻ കോർ പദ്ധതിയിൽ ഉപയോഗിക്കുന്നത്. കുറഞ്ഞ തോതിൽ കാർബൺ പുറന്തള്ളുന്നതും റിസോഴ്‌സ് എഫിഷ്യന്റുമായ വ്യാവസായിക വികസനത്തിലേക്കുള്ള സംസ്ഥാനത്തിന്റെ നിർണായക ചുവടുവെയ്പ്പിനെ പ്രതിനിധാനം ചെയ്യുന്ന പദ്ധതിയാണ് ഇതെന്ന് കള്ളിയത്ത് അഭിപ്രായപ്പെടുന്നു.

industry

മികച്ച സാങ്കേതികവിദ്യകളുടെയും അച്ചടക്കമുള്ള നിർമാണ രീതികളുടെയും അടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള കള്ളിയത്തിന്റെ ഗ്രീൻ കോർ ഫെസിലിറ്റി, ഇന്ത്യയുടെ വളർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകുന്ന മികച്ച ഗുണനിലവാരമുള്ള റീഇൻഫോഴ്‌സ്‌മെന്റ് സ്റ്റീൽ ലഭ്യമാക്കുന്നു.

കള്ളിയത്ത് ഗ്രീൻ കോർ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്ന ഡയറക്ട് ഹോട്ട് ചാർജിങ് ആൻഡ് റോളിങ് രീതി ഇതിൽ സ്വീകരിച്ചിരിക്കുന്നു എന്നതാണ്. ഈ പ്രോസസിലൂടെ ഒരു ടൺ സ്റ്റീൽ ഉൽപ്പാദനത്തിൽ 30 മുതൽ 50 യൂണിറ്റ് വരെ ഊർജ ഉപഭോഗം കുറയ്ക്കാൻ കഴിയുന്നു, ഇത്തരത്തിൽ പ്രതിവർഷം വൈദ്യുതി ഉപഭോഗം കുറഞ്ഞത് 35.4 ലക്ഷം യൂണിറ്റ് കുറയുന്നു.

നിലവിൽ ഏറ്റവും മികച്ച ഊർജക്ഷമതയുള്ള ഐജിബിടി - ബെയ്‌സ്ഡ് വോൾട്ടേജ് - ഫെഡ് ഇൻഡക്ഷൻ ഫർണസുകളാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. സാധാരണ ഫർണസുകളെ അപേക്ഷിച്ച് ടണ്ണിന് 10 മുതൽ 15 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ഇതിലൂടെ കഴിയും. ഇതിലൂടെ പ്രതിവർഷം ഏകദേശം 11.8 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാൻ കഴിയും.

ഫോസിൽ ഫ്യുവൽ ഇൻപുട്‌സ് ഉപയോഗിക്കാതെ പ്രവർത്തിക്കുന്ന വിധത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ഫ്യുവൽ കൈകാര്യം ചെയ്യൽ, വിതരണം, ജ്വലനം എന്നിവയുമായി ബന്ധപ്പെട്ട മലിനീകരണം പൂർണമായും ഒഴിവാക്കാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.

കള്ളിയത്ത് ഗ്രീൻ കോർ സംരംഭത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ജല സംരക്ഷണമാണ്. പരമ്പരാഗത കൂളിങ് രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപഭോഗം 99 ശതമാനം വരെ കുറയ്ക്കുന്ന ഡ്രൈ കൂളിങ് സിസ്റ്റമാണ് ഇവിടെ ഒരുക്കുന്നത്. ഇതിനു പുറമേ, വിപുലമായ മഴവെള്ള സംഭരണ സംവിധാനം പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്. 14,100 ചതുരശ്ര മീറ്റർ റൂഫ് ഏരിയ വിസ്തീർണമുള്ള ഫാക്ടറി ഷെഡുകളുടെ മേൽക്കൂരകളിൽ നിന്നുള്ള മഴവെള്ളം ഗട്ടർ സിസ്റ്റത്തിലൂടെ ശേഖരിച്ച് വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.

ഭൂഗർഭജല സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി, പദ്ധതിയുടെ ഭാഗമായി സൈറ്റിന്റെ തെക്കുപടിഞ്ഞാറൻ അതിരിൽ ഒരു സബ്‌സർഫസ് ഡൈക്ക് (എസ്എസ്ഡി) നിർമിക്കുന്നുണ്ട്. 100 മീറ്റർ നീളവും 8 മീറ്റർ വരെ ആഴവുമുള്ള ഈ ഡൈക്ക്, ഭൂഗർഭജലം പുറത്തേക്ക് ഒഴുകിപ്പോകുന്നത് തടയാനും പ്രാദേശിക ഭൂഗർഭ ജലാശയങ്ങൾ (Aquifer) വർധിപ്പിക്കാനും സഹായകയമാകും.

industry

ഇത്തരത്തിലുള്ള എല്ലാ നടപടികളുടെയും ഫലമായി, പരമ്പരാഗത സ്റ്റീൽ നിർമാണ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിവർഷം 1.87 ലക്ഷം കിലോ ലിറ്റർ ജലം ലാഭിക്കാൻ കഴിയുമെന്ന് കള്ളിയത്ത് അഭിപ്രായപ്പെടുന്നു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രയോജനങ്ങൾക്കു പുറമേ, കള്ളിയത്തിന്റെ ഗ്രീൻ കോർ പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും നിർണായകമായ സംഭാവനകൾ നൽകുമെന്ന് കരുതപ്പെടുന്നു. പദ്ധതിയിലൂടെ ആയിരത്തിലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും, പ്രാദേശിക സപ്ലൈ ചെയിനുകളും അനുബന്ധ വ്യവസായങ്ങളും ഇതിലൂടെ ശക്തിപ്പെടും.

പുനരുപയോഗിച്ച (Recycled) സ്റ്റീലിന്റെ ഉപയോഗം പരമാവധി വർധിപ്പിച്ചുകൊണ്ടും, പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും, സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്ന പൂർണമായും വൈദ്യുതീകരിച്ച പ്രക്രിയകൾ (Electrified processes) നടപ്പിലാക്കിക്കൊണ്ടും ഈ പദ്ധതി സുസ്ഥിര ഉൽപ്പാദനം, സർക്കുലർ ഇക്കോണമി പ്രിൻസിപ്പിൾസ്, സ്വയംപര്യാപ്തത എന്നീ ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്നുവെന്ന് കള്ളിയത്ത് വ്യക്തമാക്കുന്നു.

കള്ളിയത്തിന്റെ ഈ നിക്ഷേപത്തിലൂടെ പരിസ്ഥിതി സൗഹാർദപരവും ഭാവിയിലേക്ക് സജ്ജവുമായ നിർമാണ മേഖലയിലേക്കുള്ള കേരളത്തിന്റെ വ്യവസായ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ പാലക്കാട് ഒരുങ്ങുകയാണ്, ഉത്തരവാദിത്തമുള്ള സാമ്പത്തിക വളർച്ചയോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.

Content Highlights: ₹500 crore investment in sustainable steel production in Palakkad, Kerala., Utilizes fossil-fuel-free direct hot charging and rolling technology., Reduces water consumption by 99% through advanced dry cooling systems., Creates over 1,000 direct and indirect employment opportunities., Focuses on circular economy principles and carbon emission reduction.