കൂടുതൽ ഫീച്ചറുകളോടെ കരുത്തുറ്റ പെർഫോമൻസുമായി ഹ്യുണ്ടായ് വെന്യു
ഹ്യുണ്ടായ്-യുടെ ജനപ്രിയ കോംപാക്ട് SUV ആണ് മുഖം മിനുക്കിയ ഹ്യുണ്ടായ് വെന്യു. ഇന്ത്യയിലെ കോംപാക്ട് SUV ശ്രേണിയിൽ ഏറ്റവും മികച്ച ഫീച്ചറുകളുള്ള വാഹനമാണ് പുതിയ വെന്യു. പുതുമയുള്ള ഡിസൈനിൽ, ബോൾഡ് ലുക്കിലുള്ള വെന്യു, കാഴ്ചയിൽ കുറച്ചുകൂടി ഒതുക്കമുള്ളതാണ്.
ഹ്യുണ്ടായ്-യുടെ ഗ്ലോബൽ SUV മോഡലുകളിലേതിന് സമാനമായ ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാനപ്പെട്ട പുതുമ. വലിയ ഗ്രില്ലിന് ബ്ലാക്ക് ഫിനിഷിംഗ് നൽകിയിരിക്കുന്നു. ഇൻഡിക്കേറ്റർ ലൈറ്റ് മൂന്ന് പാർട്ടുകളായി നൽകിയിരിക്കുന്നു. ഹ്യുണ്ടായ്-യുടെ മറ്റ് വാഹനങ്ങൾക്കില്ലാത്ത സ്റ്റൈലിലാണ് അലോയ് വീൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലാണ് പുതിയ വെന്യുവിന്റേത്. Side View Mirror ന് താഴെയും ലൈറ്റുണ്ട്. മുകളിലുള്ള റൂഫ് റെയിൽ കാഴ്ചയ്ക്ക് ഭംഗികൂട്ടും. എൽ.ഇ.ഡി. ടെയിൽ ലാമ്പ്, ഡോറിലുള്ള എൽ.ഇ.ഡി ലൈറ്റ് സ്ട്രിപ്പ്, ഫൈബർ ആക്‌സെന്റുകൾ നൽകിയ ബമ്പർ, സ്‌കിഡ് പ്ലേറ്റ് എന്നിവ പിൻഭാഗം വ്യത്യസ്തമാക്കുന്നു.
കറുപ്പും വെള്ളയും ചേർന്ന ഡ്യുവൽ ടോണിൽ സ്‌റ്റെലിഷാണ് വെന്യൂവിന്റെ അകത്തളം. 60 ബ്ലൂലിങ്ക് കണക്ടഡ് ഫീച്ചറുകളും 12 ഭാഷകളും നേച്ചർ സൗണ്ടുകളും ലഭിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടു സ്‌റ്റെപ് റിക്ലൈയ്ൻ ഫങ്ഷൻ ഉള്ള സീറ്റുകൾ, ഗൂഗിൾ - അലക്‌സ സംവിധാനങ്ങൾ, ഡി കട്ട് മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ഇന്റീരിയറിനെ സമ്പന്നമാക്കുന്നു. ആദ്യമായി മലയാളം എഴുതിക്കാണിക്കുന്ന കാറുകൂടിയാണ് 'വെന്യു'.
83 BHP പവറുള്ള 1.2 പെട്രോൾ, 120 BHP പവറുള്ള 1 ലിറ്റർ ടർബോ പെട്രോൾ, 99 BHP പവറുള്ള 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ഉള്ളത്. 1.2 ലിറ്റർ എം.പി.ഐ. പെട്രോൾ എൻജിൻ മോഡലിന്റെ വില 7.67 ലക്ഷം രൂപയും 1 ലിറ്റർ ടർബോ GDi പെട്രോൾ എൻജിൻ മോഡലിന്റെ വില 10.39 ലക്ഷം രൂപയും, 1.5 ലിറ്റർ CRDi ഡീസൽ എൻജിൻ മോഡലിന്റെ വില 10.39 ലക്ഷം രൂപയുമാണ് വില.
Content Highlights: Hyundai Venue