ഗുരുദേവൻ പിഴുതെറിഞ്ഞ അനാചാരങ്ങൾ തിരികെവരുന്നു -സ്വാമി വിശുദ്ധാനന്ദ

ശിവഗിരി: ഗുരുദേവൻ പിഴുതെറിഞ്ഞ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെവന്ന് സമൂഹത്തിൽ കാൻസർ പോലെ ബാധിക്കുന്നതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി മഹാസമാധി ഗുരുദേവപ്രതിഷ്ഠാ കനകജൂബിലി ആഘോഷങ്ങൾ നിശ്ചയിക്കുന്നതിനുള്ള എസ്.എൻ.ഡി.പി. നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി.യോഗവും ശ്രീനാരായണ ധർമസംഘവും ഗുരുസന്ദേശം ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇതു കടന്നുവരുന്നത് എന്നത്‌ കണ്ണുതുറന്നു കാണണം- അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി. യോഗത്തിന്റെ ആത്മീയാടിത്തറ ശിവഗിരിയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആ അടിത്തറയിൽനിന്നു മാത്രമേ ഭൗതികമായി പ്രവർത്തിക്കാൻ എസ്.എൻ.ഡി.പി.ക്ക് സാധിക്കൂ. ശിവഗിരിയില്ലെങ്കിൽ ഗുരുദേവൻ നമുക്കൊപ്പമില്ലെന്നാണ് അർഥം. ഗുരു ജന്മംകൊടുത്ത രണ്ടു മഹത്തായ സംഘടനകളാണ് എസ്.എൻ.ഡി.പി. യോഗവും ശ്രീനാരായണ ധർമസംഘവും. ശിവഗിരിേയാടൊപ്പം ചേർന്നു പ്രവർത്തിക്കാൻ എസ്.എൻ.ഡി.പി. യോഗം ബാധ്യസ്ഥമാണ്-വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയപ്പാർട്ടികൾ അവരുടെ പ്രത്യയശാസ്ത്രമനുസരിച്ചാണ് ഗുരുദർശനങ്ങളെ വ്യാഖ്യാനിക്കുന്നത്. യഥാർഥ വ്യാഖ്യാനമെന്തെന്ന് നമ്മുടെ സംന്യാസിശ്രേഷ്ഠന്മാർ ശിവഗിരി മഠത്തിൽനിന്ന് നമ്മെ ഉപദേശിക്കും. അതു സ്വീകരിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാകേണ്ടത്. ശിവഗിരിയിലെത്തുന്ന രാഷ്ട്രീയനേതാക്കൾ ഗുരുദർശനത്തെക്കുറിച്ചു നന്നായി പ്രസംഗിക്കാറുണ്ട്. രാഷ്ട്രീയനേതൃത്വത്തിന് ആത്മാർഥതയുണ്ടെങ്കിൽ ഗുരുദർശനം പ്രചരിപ്പിക്കാൻ ശിവഗിരിയിൽ വിശ്വസർവകലാശാല സ്ഥാപിക്കാൻ തയ്യാറാകണം -വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ദീപപ്രകാശനം നടത്തി. എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷനായി. ധർമസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ധർമസംഘം ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സച്ചിദാനന്ദ, അരയക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു. തലസ്ഥാന ജില്ലയിലെ അക്രമം അവസാനിപ്പിക്കണമെന്ന പ്രമേയം സ്വാമി ശിവസ്വരൂപാനന്ദ അവതരിപ്പിച്ചു.


VIEW ON mathrubhumi.com