പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു, മനം നിറഞ്ഞ് അയ്യപ്പന്മാർ

ശബരിമല: ഭക്ത ലക്ഷങ്ങളെ സാക്ഷിയാക്കി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു. ആകാശത്ത് മൂന്ന് തവണ മകര നക്ഷത്രം തെളിഞ്ഞതിനൊപ്പം ശബരിമല ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശ്രീകോവിൽ നടതുറന്നു. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുന്നതിനിടെ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ചു. ഇനി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് ഭക്തർ മലയിറങ്ങും. സന്നിധാനത്തും സമീപ പ്രദേശങ്ങളിലും പുല്ലുമേട്ടിലുമായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മകരവിളക്ക് ദർശനത്തിനായി കാത്തുനിന്നത്.
പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് ഭാരവാഹികൾ തിരുവാഭരണത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടർന്ന് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിച്ച തിരുവാഭരണം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി.
സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് മകരസംക്രമ പൂജ നടക്കുന്നത്. തിരുവാഭരണം വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടത്തുന്ന അതേസമയത്ത് തന്നെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിച്ചു. ആകാശത്ത് മകരനക്ഷത്രം ഉദിച്ചുയർന്നതോടെ ഭക്തർ ശരണംവിളികളുമായി ജ്യോതി ദർശിച്ചു.
വലിയ നടപ്പന്തലിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ ഭക്തലക്ഷങ്ങൾ 'സ്വാമിയേ ശരണമയ്യപ്പാ' വിളികളാൽ സന്നിധാനത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്,. പന്തളം കൊട്ടാരത്തിൽ നിന്നും അച്ഛൻ മകന് നൽകിയ ആഭരണങ്ങൾ അണിയുന്നതോടെ ഭഗവാൻ യോഗിയിൽ നിന്ന് യോദ്ധാവായി മാറുന്ന അപൂർവ്വ നിമിഷത്തിനായാണ് ഭക്തർ കാത്തിരുന്നത്.
വലിയ നടപ്പന്തലിലൂടെ എത്തിയ തിരുവാഭരണങ്ങൾ, ആഴിക്ക് സമീപമുള്ള ആൽത്തറയിൽ വട്ടമിട്ട് പ്രദക്ഷിണം വെച്ച ശേഷമാണ് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിയത്.
പ്രധാനമായും മൂന്ന് പെട്ടികളായാണ് തിരുവാഭരണം കൊണ്ടുവരുന്നത്. ഒന്നാമത്തെ പെട്ടിയിൽ ഭഗവാന് ചാർത്താനുള്ള തിരുവാഭരണങ്ങളും, രണ്ടാമത്തെ വെള്ളിപ്പെട്ടിയിൽ മാളികപ്പുറത്തമ്മയുടെ പൂജയ്ക്കുള്ള സ്വർണ്ണക്കുടങ്ങളും സാമഗ്രികളുമാണുള്ളത്. മൂന്നാമത്തെ കൊടിപ്പെട്ടിയിൽ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളിപ്പിനാവശ്യമായ ജീവത ഉൾപ്പെടെയുള്ള രൂപങ്ങളുമാണുള്ള
തിരക്ക് പരിഗണിച്ച് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സന്നിധാനത്തും പമ്പയിലും കൂടുതൽ മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാത്തിരിക്കുന്ന ഭക്തർക്കായി ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നു.
മകരവിളക്കിന് ശേഷം ജനുവരി 20-ാം തീയതി വരെ ഭക്തർക്ക് ദർശനം നടത്താം. 21-ാം തീയതി രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപ്തിയാകും.
Content Highlights: The sacred Thiruvabharanam procession from Pandalam Palace has arrived at Sabarimala. Witness the auspicious Makaravilakku and Deeparadhana. Your pilgrimage awaits!