പള്ളിച്ചലിൽ ഇസ്കോൺ ക്ഷേത്രം

കേരളത്തിൽ ഇസ്കോണിന്റെ ആദ്യത്തെ കൃഷ്ണ ബലരാമ ക്ഷേത്രം തലസ്ഥാനനഗരത്തിന്റെ പ്രാന്തപ്രദേശമായ പള്ളിച്ചലിൽ ഉയർന്നു. ശാന്തിയും സമാധാനവും സനാതനധർമവും പ്രചരിപ്പിക്കാനായി ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണിന്റെ ഈ ക്ഷേത്രം പണിതിരിക്കുന്നത് ജയ്‌പൂർ മാതൃകയിലാണ്. ഇവിടെയെത്തിയാൽ ഉത്തരേന്ത്യയിലെ ഏതോ ക്ഷേത്രത്തിലെത്തിയ പ്രതീതി.
ദേശീയപാതയിൽ പ്രാവച്ചമ്പലം കഴിഞ്ഞ് പള്ളിച്ചൽ തോടിന്റെ സമീപത്തുനിന്നു തിരിഞ്ഞ് കുറച്ചു സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രത്തിന്റെ ഗോപുരം പണിതിരിക്കുന്നത്. ഗോപുരത്തിനു മുകളിൽ സുദർശനചക്രവുമുണ്ട്. വാത്സല്യത്തിനു പ്രാധാന്യം നൽകിയിട്ടുള്ള കൃഷ്ണന്റെയും ബലരാമന്റെയും ഭാവമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൃഷ്ണനും ബലരാമനും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ഇന്ത്യയിൽത്തന്നെ അപൂർവമാണ്. മറ്റു ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് ഇവിടത്തെ പൂജാരീതികൾ. ദിവസവും ഏഴു തവണ നിവേദ്യമുണ്ട്.
ആത്മീയതയുടെ പുതിയ തലങ്ങൾ തേടുന്നവർക്ക് ജാതിമത ചിന്തകൾക്കതീതമായി കടന്നുചെല്ലാവുന്ന ആത്മീയകേന്ദ്രമായി മാറുകയാണ് പള്ളിച്ചലിലെ ഇസ്കോൺ ക്ഷേത്രം. ദിവസവും രാവിലെയും വൈകുന്നേരവും പൂജകളും ആരതിയുമുണ്ട്. ഞായറാഴ്ചകളിലാണ് കൂടുതൽ ഭക്തരെത്തുന്നത്. അന്ന് ജഗത് സാക്ഷിദാസന്റെ പ്രഭാഷണവുമുണ്ട്. കുട്ടികൾക്കായി ഗീതാപഠന ക്ലാസും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഭക്ഷണവും പ്രസാദമായി ലഭിക്കും.
പൂർണമായി ആത്മീയവഴി തിരഞ്ഞെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇസ്കോണിന്റെ ഭാഗമായി നഗരത്തിൽ കുട്ടികൾക്കായി ഗോപാൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് ഭജൻസും സത്സംഗും നൽകി മൂല്യാധിഷ്ഠിതമായ ജീവിതത്തിലേക്കു നയിക്കാൻ പ്രാപ്തരാക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം. ശാന്തിയും സമാധാനവുമില്ലാതെ അരക്ഷിതാവസ്ഥയിൽപ്പെട്ട് വഴിതെറ്റിപ്പോകാതിരിക്കാൻ യുവജനതയ്ക്കു മാർഗദർശനം നൽകുന്നതിനുവേണ്ടി ഓരോരുത്തർക്കും അവരവരുടെ രീതിയിൽ ഗീതാപഠനവും നൽകുന്നു.
1965-ൽ എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദനാണ് ഹരേകൃഷ്ണ പ്രസ്ഥാനം സ്ഥാപിച്ചത്. ഇന്നു ലോകം മുഴുവൻ അഞ്ഞൂറിലധികവും ഇന്ത്യയിൽ നൂറ്റിയെൺപതോളവും ആത്മീയകേന്ദ്രങ്ങളുമുണ്ട്. ഉറുദു ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഭാഷകളിൽ ഹരേകൃഷ്ണ പ്രസ്ഥാനം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


VIEW ON mathrubhumi.com