ഹൃദയത്തിന്റെ ശബ്ദം കേള്‍ക്കൂ

മക്കളേ, ഇന്നു ജനങ്ങൾ പൊതുവേ അസംതൃപ്തരും അസ്വസ്ഥരുമാണ്. ജനമനസ്സുകൾ ഭയവും സംശയവുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവസരം കിട്ടുകയാണെങ്കിൽ ജനതകളും രാജ്യങ്ങളും പരസ്പരം ചവിട്ടിമെതിക്കാനും നശിപ്പിക്കാനും തയ്യാറെടുത്തുനില്ക്കുന്ന ഒരു ലോകത്താണ്‌ നാം ജീവിക്കുന്നത്. സ്വാർഥതയും അഹങ്കാരവും ജീവിതത്തെത്തന്നെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരിക്കുന്നു. ലോകത്തിൽ നന്മ പാടെ ഇല്ലാതായിരിക്കുന്നു എന്നല്ല ഈ പറയുന്നതിന്റെ അർഥം. മനുഷ്യനന്മയ്ക്കായി അനേകം പേർ നിരന്തരം പ്രയത്നിക്കുന്നുണ്ട്. എന്നാലും തിന്മയുടെ കാഠിന്യം വളരെ കൂടിവരുന്നു. തിന്മയെ ചെറുത്തുനില്ക്കാൻ തക്കവണ്ണം നന്മയൊട്ടു വളരുന്നുമില്ല.
ഒരു ധനികൻ തന്റെ ഒരു സുഹൃത്തിനെ കുറെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി. അയാൾ തന്റെ പഴയ കൂട്ടുകാരനോടു പറഞ്ഞു: ''വരൂ നമുക്ക് അടുത്തുള്ള ഉദ്യാനത്തിൽ കുറച്ചുനേരം ഒരുമിച്ചിരിക്കാം.'' പോകുന്നവഴിക്ക്‌ ധനികൻ പറഞ്ഞു: ''നമ്മൾ ഒരുമിച്ചു കളിച്ചു വളർന്നു, ഒരേ സ്കൂളിൽ പഠിച്ചു. എന്നാൽ നമുക്കിടയിൽ ഇന്ന് എത്ര വലിയ അന്തരമാണുള്ളത്!'' സുഹൃത്ത് ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞ് ധനികൻ പെട്ടെന്നു നിന്നു. അയാൾ താഴെക്കിടന്ന അഞ്ചുരൂപയുടെ ഒരു നാണയം എടുത്തുയർത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു: ''ഇത് നിന്റെ പോക്കറ്റിൽ നിന്ന് വീണതാണ്.''
അവർ വീണ്ടും നടത്തം തുടർന്നു. സുഹൃത്ത് പെട്ടെന്നു നിന്നു. അയാൾ തൊട്ടടുത്തുള്ള ഒരു മുൾച്ചെടിയുടെ അടുത്തുപോയി. മുൾച്ചെടിയിൽ കുടുങ്ങിയ ഒരു പൂമ്പാറ്റ അവിടെ ചിറകിട്ടടിക്കുന്നുണ്ടായിരുന്നു. അയാൾ സാവധാനം അതിനെ കുരുക്കിൽനിന്നു സ്വതന്ത്രമാക്കി ആകാശത്തേക്കു പറത്തിവിട്ടു. പൂമ്പാറ്റ ചിറകു വിടർത്തി ആഹ്ലാദത്തോടെ പറന്നകന്നു. ഇതുകണ്ട് ധനികൻ ചോദിച്ചു: ''പൂമ്പാറ്റ എങ്ങനെയാണ് നിന്റെ ശ്രദ്ധയിൽ പെട്ടത്?'' സുഹൃത്ത് പറഞ്ഞു, ''നമ്മുടെ ഇടയിൽ വലിയൊരു വ്യത്യാസമുണ്ടെന്നു നീ പറഞ്ഞല്ലോ. അതിതാണ്- നീ പണത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഞാൻ ഹൃദയത്തിന്റെ ശബ്ദമാണ് കേൾക്കുന്നത്.''
ഈ രണ്ടു പേരുടെ മനോഭാവങ്ങൾ തമ്മിലുള്ള വ്യത്യാസം നോക്കുക. നമ്മുടെ ചിന്തകളും പ്രവൃത്തിയുമാണ് നമ്മുടെ സംസ്കാരത്തെയും വ്യക്തിത്വത്തെയും നിർണയിക്കുന്നത്. സ്നേഹവും സഹകരണവും കൊണ്ടുവരുന്ന നന്മയെക്കുറിച്ചും വിദ്വേഷവും കലഹവും വരുത്തുന്ന ദുരന്തങ്ങളെക്കുറിച്ചും ഓരോ വ്യക്തിയും ചെറുപ്പം മുതൽ ബോധവാനാവണം.
പരസ്പരം ഹൃദയവികാരങ്ങൾ മനസ്സിലാക്കാനും അതുൾക്കൊണ്ടു പ്രവർത്തിക്കാനും ശ്രമിക്കണം. ഓരോ രാജ്യവും മറ്റു രാജ്യങ്ങളുടെ കണ്ണും കാതും ശബ്ദവും ഹൃദയവും മനസ്സും ശരീരവുമൊക്കെ ആകണം. എങ്കിൽ മാത്രമേ മറ്റുള്ളവരുടെ ദുഃഖവും പ്രയാസവും കണ്ടറിഞ്ഞു പ്രവർത്തിക്കാൻ കഴിയൂ. അപ്പോൾ മാത്രമേ ഈ ലോകം ഒരൊറ്റ ശരീരമെന്നപോലെ പൂർണമായി വളരുകയുള്ളൂ. അങ്ങനെ വളർന്നാൽ മാത്രമേ സമത്വവും സാഹോദര്യവും ശാന്തിയും കൈവരുകയുള്ളൂ. അമ്മ


VIEW ON mathrubhumi.com