മനസ്സിലെ മാലിന്യങ്ങള്‍

By: സദ്ഗുരു, ഈഷാ ഫൗണ്ടേഷന്‍
ചോദ്യകര്‍ത്താവ് :നമസ്‌കാരം, സദ്ഗുരു. ക്രിയകള്‍ ചെയ്യുന്ന സമയത്ത് മനസ്സില്‍ കടന്നുവരുന്ന അനേകം ചിന്തകള്‍ വാസ്തവത്തില്‍ എനിക്കൊരു വെല്ലുവിളി തന്നെയാണ്. അവയെ അകറ്റിനിര്‍ത്തി ക്രിയയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും അത് നടപ്പാക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്?
സദ്ഗുരു : നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നല്ലപോലെ ശ്രമിക്കുന്നുണ്ട്. പക്ഷെ ചിന്തകള്‍ നിങ്ങളെ വിട്ടു പോകുന്നില്ല, അല്ലെ? ഇത് മനസ്സിന്റെ സ്വഭാവമാണ്. നിങ്ങള്‍ക്ക് മനസ്സിനോടുമാത്രം എന്തോ വൈരാഗ്യമുണ്ടെന്നു തോന്നുന്നു. ക്രിയകള്‍ ചെയ്യുമ്പോഴും, ധ്യാനത്തിലിരിക്കുമ്പോഴും നിങ്ങളുടെ വൃക്കകളും ശ്വാസകോശങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളെ അലട്ടുന്നില്ല. ഹൃദയം സ്പന്ദിക്കുന്നതും ഒരു പ്രശ്‌നമാകുന്നില്ല. ഇതുപോലെ നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. പക്ഷെ ബുദ്ധി പ്രവര്‍ത്തിക്കാന്‍ പാടില്ല. ആത്മീയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കരുതെന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണ്.
നിങ്ങളുടെ ഉള്ളിലുള്ളതെന്താണോ അതിന്റെ വാസന മാത്രമാണ് ചിന്തകള്‍ - ചിലപ്പോള്‍ സുഗന്ധമായിരിക്കും; ചിലപ്പോള്‍ ദുര്‍ഗന്ധമായിരിക്കും. പുതിയതായി യാതൊന്നും അവിടെ കടന്നു വരുന്നില്ല. നിങ്ങള്‍ സമ്പാദിച്ചുവച്ചിട്ടുള്ള വസ്തുക്കള്‍ നിങ്ങളുടെ തലച്ചോറിലേക്ക് കടക്കാന്‍ സമ്മതിക്കാതിരുന്നാല്‍ നിങ്ങളുടെ ബുദ്ധിക്ക് അത്ഭുതകരമായവിധത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. അസാധ്യമെന്ന് തോന്നിയ കാര്യങ്ങള്‍ പോലും സാധ്യമാകും. പക്ഷെ, ഇപ്പോള്‍ അതില്‍ നിറയെ നിങ്ങള്‍ നിറച്ചുവച്ച മാലിന്യങ്ങളാണുള്ളത്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ പാട് പെടേണ്ടിവരുന്നത്; അതിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ആഗ്രഹിക്കുന്നത് തെറ്റാണ്. തലച്ചോറിനെ നിങ്ങളുടെ ശരീരത്തിന്റെ മകുടമാക്കി വെയ്ക്കുന്നതിനുപകരം അതിനെ ഒരു കുപ്പത്തൊട്ടിയാക്കിയിരിക്കുകയാണ്.
ശാരീരികമായി നോക്കിയാല്‍ അത് കിരീടം തന്നെയാണ്. യോഗയുടെ ഭാഷയില്‍ സഹസ്രാരം എന്നത് ആയിരം ദളങ്ങളുള്ള താമരയാണ്. ആയിരം എന്നത് കൃത്യമായ സംഖ്യയായിട്ടല്ല, അനേകം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ബുദ്ധി അസ്തിത്വ പ്രക്രിയയില്‍ രൂഡമൂലമാണെങ്കില്‍ എണ്ണമറ്റ സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവരും. പക്ഷെ ഇപ്പോള്‍ നിങ്ങളുടെ തലച്ചോര്‍ നിങ്ങളുടെ മനസ്സില്‍ മാത്രം ഒതുങ്ങിക്കഴിയുകയാണ്.ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും; 'സദ്ഗുരു, അത് തന്നെയാണ് ഞാനും പറയുന്നത് - ഈ ചിന്തകളെ എങ്ങിനെയാണ് ഒഴിവാക്കാനാകുക എന്ന് പറഞ്ഞുതരാമോ?' പക്ഷെ അതല്ല നിങ്ങള്‍ യാഥാര്‍ത്ഥ്ത്തില്‍ പറയുന്നത്. നിങ്ങള്‍ക്ക് ജ്ഞാനോദ്ദീപനത്തെക്കുറിച്ച് ചില മായാമോഹങ്ങളുണ്ട് ഇതിനെ ഞാന്‍ മായാമോഹങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ട്. ജ്ഞാനോദ്ദീപനം ഒരാള്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല. നിങ്ങള്‍ വെളിച്ചത്തെ ഉണ്ടാക്കുന്നില്ലല്ലോ? വെളിച്ചത്തെ കാണുന്നത് മാത്രമല്ലേയുള്ളു?
അതിരാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ നിങ്ങളല്ല ആ വെളിച്ചത്തെ സൃഷ്ടിക്കുന്നത്. കണ്ണുകള്‍ തുറന്നു വെച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ പ്രകാശം കാണുവാന്‍ സാധിക്കും എന്നുമാത്രം. ഇനി നിങ്ങള്‍ വെളിച്ചത്തെ സൃഷ്ട്ടിക്കുകയാണെന്നിരിക്കട്ടെ (ടോര്‍ച്ച് കൊണ്ടോ മറ്റോ). തുടരെ വെളിച്ചം കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കണം. ആ വെളിച്ചം കെട്ടുപോകുമെന്ന ഭയം എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. വിദ്യാഭ്യാസവും ജ്ഞാനസമ്പാദനവും തമ്മിലുള്ള വ്യത്യാസം അതാണ്. പത്തോ, നൂറോ, ആയിരമോ പുസ്തകങ്ങള്‍ പഠിച്ചാല്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു എന്നു പറയാം. എന്നിട്ടും ചില അവസരങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടത്ര അറിവില്ല എന്ന് മനസ്സിലാകും.
ജ്ഞാനസമ്പാദനത്തില്‍ നിങ്ങള്‍ പുസ്തകങ്ങള്‍ വച്ച് പഠിക്കുന്നില്ല, ജ്ഞാനസമ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. അത് അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്. നിങ്ങള്‍ക്കറിയാത്ത ഏതെങ്കിലും ഒരു പ്രത്യേക അറിവ് ജ്ഞാനിക്കുണ്ടോ? ഇല്ല. ജ്ഞാനിക്കറിയാത്ത ഏതെങ്കിലും ഒരു പ്രത്യേക കാര്യമുണ്ടോ? അതുമില്ല. ഞാന്‍ വെറുതെ വാക്കുകള്‍ കൊണ്ട് കളിക്കുകയാണെന്ന് വിചാരിക്കേണ്ട. ഇത് ജീവിതത്തിന്റെ ഭാഗമാണ്.നിങ്ങളുടെ കരളിലോ, വൃക്കയിലോ നടക്കുന്ന പ്രവര്‍ത്തനം നിങ്ങളുടെ മനസ്സിലെ ചിന്തകളേക്കാള്‍ എത്രയോ സങ്കീര്‍ണ്ണമാണ്. ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നിങ്ങളെ ശല്യപ്പെടുത്തിന്നില്ലായെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ മാത്രം എന്തിനു നിങ്ങളെ ശല്യം ചെയ്യണം? ഞാന്‍ എന്നാല്‍ എന്റെ ചിന്തകള്‍ എന്ന നിങ്ങളുടെ വിശ്വാസമാണ് ഇതിനു കാരണം.
നിങ്ങള്‍ എന്തിനെപ്പറ്റിയെങ്കിലും ചിന്തിക്കുമ്പോള്‍, ഇവ എന്റെ ചിന്തകളാണ് ' എന്നല്ല പറയുന്നത്. 'ഞാന്‍ ചിന്തിക്കുന്നു' അഥവാ 'എനിക്ക് തോന്നുന്നു' എന്നാണ്. നിങ്ങളുടെ ചിന്തകളുമായി നിങ്ങള്‍ താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണ് അവ നിങ്ങളെ ശല്യപ്പെടുത്തുന്നത്. നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം നിങ്ങള്‍ അതിനെക്കുറിച്ച് ആലോച്ചിക്കുന്നില്ല. ശരിയായി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ഇങ്ങനെ ഒരു അവയവം ഉണ്ടെന്നുപോലും അധികമാളുകളും അറിയുന്നില്ല. വൃക്കകള്‍ ഉപകരണങ്ങള്‍ മാത്രമാണ്. നല്ലപോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് നമുക്കവയെപ്പറ്റി മറന്നു കളയാം.
ശരിയായി പ്രവര്‍ത്തിക്കാത്തതിനെപ്പറ്റി നമ്മള്‍ എപ്പോഴും ബോധവാന്മാരായിരിക്കും. ഞാന്‍ നിങ്ങളുടെ തലച്ചോറിനെപ്പറ്റിയാണ് പറയുന്നത്. ശരിയായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിനെപ്പറ്റി ആലോചിക്കേണ്ട. നിങ്ങള്‍ അതുമായി താദാത്മ്യം പ്രാപിച്ചിട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. നേരെമറിച്ച്, താദാത്മ്യം പ്രാപിച്ചാല്‍ അത് ഒരു പ്രശ്‌നമാകും. നിങ്ങള്‍ നിങ്ങളുടെ ചിന്തകളാണ്. വാസ്തവത്തില്‍ നിങ്ങള്‍ നിങ്ങളല്ലാത്ത ഒരു കാര്യവുമായിട്ടാണ് താദാത്മ്യം പ്രാപിച്ചിട്ടുള്ളത്. ഇത് സംഭവിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതാകും. അഴുകിയ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ വായുവിന്റെ ശല്യം ഉണ്ടാകുന്നത് പോലെയാണത്. അതിനെ ഒരു അടപ്പിട്ട് വയ്ക്കാന്‍ സാധിക്കില്ല, ചീത്ത ഭക്ഷണം കഴിക്കാതിരിക്കുകതന്നെ വേണം.
അഴുകിയ ഭക്ഷണത്തിന്റെ സ്ഥാനത്ത് നമുക്ക് നിങ്ങള്‍ക്ക് നിങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകളെ വയ്ക്കാം. ഞാന്‍ ശരീരമാണെന്നു തോന്നിയ ഉടന്‍ നിങ്ങളുടെ ചിന്തകളും വികാരങ്ങളും അനന്തമായി വ്യാപിക്കാന്‍ തുടങ്ങും. മനസ്സിന്റെ സ്വഭാവമാണ് അതെന്നാണ് പലരുടെയും വിചാരം. വാസ്തവത്തില്‍ മനസ്സ് അങ്ങനെയല്ല; അങ്ങനെ ആകാന്‍ പാടില്ല. എല്ലാ സമയത്തും വയറു വേദനയുള്ള ഒരാള്‍ക്ക് അത് സ്വാഭാവികമായി തോന്നാം. കുട്ടിക്കാലം മുതലേ എന്റെ കണ്മുന്‍പില്‍ മലനിരകള്‍ ഉണ്ടായിരുന്നു - ഉറക്കത്തിലും ഉണര്‍ന്നിരിക്കുമ്പോഴും. അന്ന് ഞാന്‍ വിചാരിച്ചിരുന്നത് എല്ലാവരുടെയും കണ്ണില്‍ മലനിരകളുണ്ടെന്നാണ്. 16 വയസ്സിനു ശേഷമാണ് അങ്ങനെയല്ല എന്ന കാര്യം എനിക്ക് മനസ്സിലായത്. പക്ഷെ ഈ മലനിരകള്‍ വാസ്തവത്തില്‍ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആരോടും സംസാരിക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ അത് എവിടെയാണെന്ന് അന്വേഷിച്ചു നടന്നു. (ഒടുവില്‍ സദ്ഗുരു വെള്ളിയാങ്കിരി കാണുകയും അവിടെ ധ്യാനലിംഗ സ്ഥാപിക്കുകയും ചെയ്തു.)
സ്ഥിരമായി ഉള്ളതെന്തും യാഥാര്‍ത്ഥ്യം തന്നെ എന്ന് നാം കരുതുന്നു. മറ്റേതൊരു അവയവത്തെക്കാള്‍ സചേതനമാണ് നമ്മുടെ മസ്തിഷ്‌ക്കം. മറ്റെല്ലാ അവയവങ്ങള്‍ക്കും നിശ്ചിതമായ ജോലിയുണ്ട്. ബുദ്ധിക്ക് കുറെ നിശ്ചിതമായ ജോലിയുണ്ട്, പിന്നെയുള്ളത് സ്വതന്ത്രമാക്കിയിട്ടിരിക്കയാണ്. മനുഷ്യന് മാത്രമുള്ള ഒരു സവിശേഷതയാണത്. മറ്റു ജന്തുക്കള്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, അതിനപ്പുറം പോകേണ്ടതില്ല. ഭക്ഷണം കഴിക്കുക, നന്നായി വളരുക, സന്താനോത്പാദനം നടത്തുക, എന്നെങ്കിലും മരിക്കുക - ഇതെല്ലാം ഉറപ്പായ കാര്യങ്ങളാണ്. മനുഷ്യന്‍ മാത്രമാണ് ഇത്തരത്തിലെല്ലാം ചിന്തിക്കുന്നത്.
അതായത്, 'ഞാന്‍ എന്തിനിവിടെ വന്നു? എന്റെ ജീവിതം എന്താണ്? ഞാന്‍ എവിടെ നിന്ന് വന്നു? ഞാന്‍ എങ്ങോട്ടേക്കാണ് പോകുക?' മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്. മനുഷ്യന്റെ മസ്തിഷ്‌ക്കാവരണവും മറ്റു ഭാഗങ്ങളും വികസിച്ചിട്ടുണ്ട്. നിങ്ങളുടെ നിങ്ങളുടെ ഉള്ളില്‍ ഉയര്‍ന്നു വന്ന ഒരു പുതിയ സാധ്യതയാണ്. ഒരു കുരങ്ങനോ മറ്റ് ഏതെങ്കിലും ജന്തുക്കള്‍ക്കോ ഇത്തരമൊരു പ്രശ്‌നം വരുന്നില്ല. ഇത് വാസ്തവത്തില്‍ ഒരു പ്രശ്‌നമല്ല. ഒരു നല്ല കഴിവാണ്. ഇവിടെയിരുന്നുകൊണ്ട് 1000 മൈല്‍ ദുരെയുള്ളതോ, 1000 കൊല്ലം മുന്‍പ് നടന്നതോ, 1000 കൊല്ലത്തിനു ശേഷം നടക്കാവുന്നതോ ആയ ഒരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം. ഈ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തവര്‍ക്ക് ഇതൊരു പ്രശ്‌നമാണ്. തല ചൊറിഞ്ഞാല്‍ ചിന്തിക്കാന്‍ സാധിക്കുമെന്നാണ് ചിലരുടെ വിചാരം. ഇത് ശരിയല്ല.
ഒന്നാമതായി നിങ്ങളുടെ ബുദ്ധിക്ക് അനാവശ്യമായ ഭക്ഷണം കൊടുക്കാതിരിക്കു. സത്യം മാത്രം കൊടുത്താല്‍ മതി, അസത്യം വേണ്ട. പക്ഷെ നമ്മുടെ കൈയില്‍ സത്യമില്ല; വളരെ അധികം നുണകള്‍ ഉണ്ടുതാനും. നിങ്ങള്‍ വിശ്വസിക്കുന്നതും ഉണ്ടാക്കിയെടുക്കുന്നതുമായ എല്ലാ അറിവുകളും ഇറക്കി വയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ മനസ്സ് ശൂന്യമായിത്തീരും. പക്ഷെ ശൂന്യമായ മനസ്സുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെക്കുറിച്ചും ചിന്തിക്കാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. അല്ലെങ്കില്‍ അതൊരു തമാശയായി തീരും. നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാം - മനസ്സിനെ ഒരു തമാശയാക്കണമോ അതോ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കണമോ? പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കണമെങ്കില്‍ അസത്യങ്ങളെ പുറത്താക്കണം. അപ്പോള്‍ സത്യം ഉയര്‍ന്നു വരും. അസത്യത്തിന്റെ അഭാവമാണ് സത്യം
ഒരു വിഡ്ഢിക്കു മാത്രമേ സത്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. അറിവുള്ളവര്‍ അതിനെ സമ്പന്ധിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞേക്കാം. പക്ഷേ അതിനെപ്പറ്റി പറയുവാന്‍ സാധിക്കുകയില്ല. ഭൗതികമായ നിലനില്‍പ്പുള്ളതിനെ മാത്രമേ നിര്‍വചിക്കാന്‍ സാധിക്കുകയുള്ളു. അവ അളക്കപ്പെടാവുന്നതും, അതിര്‍ത്തികള്‍ ഉള്ളവയുമായിരിക്കണം അതിരുകളില്ലാത്തതും, അളക്കുവാന്‍ പറ്റാത്തതുമായ വസ്തുക്കളെക്കുറിച്ച് സംസാരിക്കുവാന്‍ സാധിക്കുകയില്ല. സത്യം കണ്ടുപിടിക്കുന്നതല്ല പ്രധാനം; നമ്മള്‍ തന്നെ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ ഇല്ലാതാക്കുക എന്നതാണ്. സത്യം സ്ഥിരീകരിക്കേണ്ട ആവശ്യമില്ല. സത്യത്തിന്റെ മടിയിലാണ് നാമെല്ലാം സ്ഥിതിചെയ്യുന്നത്.
ക്രിയ ചെയ്യുമ്പോള്‍ എന്തെല്ലാം ചിന്തകളാണ് നിങ്ങളുടെ മനസ്സിലുള്ളതെന്ന് എന്നോട് പറയണ്ട. ചിന്തകളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. അവയെ ചെറുക്കാന്‍ നോക്കരുതെന്നതാണ് ഏറ്റവും പ്രധാനം. വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ചിന്തകളും പ്രവര്‍ത്തിക്കട്ടെ. നിങ്ങളുടെ വൃക്കയിലുള്ളതെല്ലാം പരിശുദ്ധമാണ്, അതുപോലെ നിങ്ങളുടെ ബുദ്ധിയിലുള്ളതും മുഴുവന്‍ പരിശുദ്ധമാണ്. അതിനെക്കുറിച്ച് എന്തിനു വേവലാതിപ്പെണം?ചിന്തകളെ നല്ലത്, ചീത്ത എന്ന് തരംതിരിക്കാതിരിക്കു. ചിന്തകള്‍ നല്ലതോ ചീത്തയോ അല്ല ; അവ വെറും ചിന്തകള്‍ മാത്രമാണ്.നിങ്ങളുടെ മനസ്സില്‍ ഏതുതരം മാലിന്യമാണോ ഉള്ളത് അതിനനുസരിച്ചിരിക്കും നിങ്ങളുടെ ചിന്തകള്‍. ഇന്നലത്തെ മാലിന്യത്തിനനുസരിച്ചിരിക്കും ഇന്നത്തെ ഗന്ധം. കുപ്പത്തൊട്ടിയില്‍ നിങ്ങള്‍ എന്ത് ഇട്ടു എന്നതിനനുസരിച്ചിരിക്കും അത്. ഇന്നലെ കണ്ട സിനിമയും, സംഭവിച്ച കാര്യങ്ങളും ഇന്ന് ഓര്‍മ്മയില്‍ വരും.
ചിന്തകളെ വിലയിരുത്തേണ്ട കാര്യമില്ല; അവ വെറും മാലിന്യം മാത്രമാണ്. അവ വാസ്തവം പോലുമല്ല. ചിന്ത എന്നാല്‍ വാസ്ഥവമല്ലാത്തത് എന്നാണ് അര്‍ത്ഥം. നിങ്ങളാരാണെന്ന അറിവിന്റെ അധികഭാഗവും ഇപ്പോള്‍ നിങ്ങളുടെ ബോധത്തിലില്ല. ഇതെല്ലാം നിങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. സൃഷ്ടിയുടെ സ്വഭാവത്തെക്കുറിച്ചും, സൃഷ്ടാവിനെക്കുറിച്ചും അറിയണമെങ്കില്‍ നിങ്ങള്‍ മനസ്സില്‍ ഒന്നും സൃഷ്ടിക്കരുത്. നിങ്ങള്‍ ഇപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം ഉണ്ടാക്കി എടുക്കുന്നത് വെറും പാഴ്വേലയാണ്.
ക്രിയ ചെയ്യുന്ന സമയത്ത് ചിന്തകളെ അവിരാമമായി മനസ്സിലേക്ക് വരാന്‍ അനുവദിച്ചാല്‍ അവ പെട്ടന്ന് നിന്ന് പോകും. തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് തോന്നും. ചിന്തകള്‍ നിങ്ങളെ അലട്ടുവാന്‍ അനുവദിക്കരുത്. നിങ്ങളുടെ മനസ്സില്‍ എന്താണോ ഉള്ളത്, അതിനനുസരിച്ച് ചിന്തകള്‍ കടന്നുവരും. ഇതിന് യാതൊരു പ്രാധാന്യമോ പരിണിതഫലമോ ഇല്ല. നിങ്ങള്‍ ക്രിയ ചെയ്താല്‍ മതി - ചിന്തകളെ ഒന്നും ചെയ്യണ്ട. അവയെ മാറ്റാന്‍ ശ്രമിച്ചാലും, തുടര്‍ച്ചയായി ചിന്തകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചാലും, 108 പുണ്യചിന്തകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചാലും നിങ്ങള്‍ ചിന്തകളെ ആണ് ശ്രദ്ധിക്കുന്നത്. വൃക്കകള്‍ അവയുടെ കാര്യം നോക്കിക്കോളും; കരള്‍ അതിന്റെ ജോലിചെയ്തുകൊള്ളും; ബുദ്ധി അതിന്റെ ജോലിയും ചെയ്തുകൊള്ളും - നിങ്ങള്‍ ക്രിയ മാത്രം ചെയ്താല്‍ മതി.


VIEW ON mathrubhumi.com