മായാവിയായ മാരീചന്‍ | രാമകഥാമൃതം

.
.

സുന്ദനെന്ന അസുരന് താടകയില്‍ ജനിച്ച മക്കളാണ് മാരീചനും സുബാഹുവും. അഗസ്ത്യാശ്രമത്തിലെത്തിയ സുന്ദന്‍ മഹര്‍ഷിയുടെ തപഃശക്തിയില്‍ ഭസ്മമാകുന്നു. ഭര്‍ത്തൃ വിയോഗത്തില്‍ ദുഃഖിതയായ താടക മക്കളെയും കൂട്ടി അഗസ്ത്യാശ്രമം ആക്രമിക്കുന്നു. കുപിതനായ മഹര്‍ഷി അവരെ രാക്ഷസന്മാരാകട്ടെ എന്നു ശപിച്ചു. ഹോമം തടസ്സപ്പെടുത്തുന്ന മാരീചന്‍ സുബാഹു തുടങ്ങിയവരെ നിഗ്രഹിച്ച് യാഗരക്ഷ ചെയ്യാനാണ് വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ കൂടെ അയക്കണമെന്ന് ദശരഥനോട് അഭ്യര്‍ഥിച്ചത്.

ഈ ഭാഗത്താണ് അധ്യാത്മരാമായണത്തില്‍ മാരീചനെ പരിചയപ്പെടുത്തുന്നത്. യാഗാഗ്‌നിയുടെ ധൂമച്ചുരുളുകള്‍ ആകാശത്തിലേക്കുയര്‍ന്നു. മാരീചനും സുബാഹുവും രാക്ഷസ സൈന്യവും രക്തവൃഷ്ടി നടത്തി. ശരങ്ങളാലതു തടഞ്ഞ രാമന്‍ രണ്ടു ശരംതൊടുത്തു. ഒന്നു സുബാഹുവിനെ വധിച്ചു. ഭയന്ന മാരീചന്‍ ഓടിയൊളിക്കാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നുവന്ന രാമബാണത്തില്‍നിന്നു രക്ഷപ്പെടാന്‍ രാമപാദത്തില്‍ത്തന്നെ ശരണംപ്രാപിച്ചു.

രാമഭക്തനായ തപസ്വിയായി മാരീചന്‍ സമുദ്രതീരത്തെ ആശ്രമത്തില്‍ കഴിയുന്ന കാലം.

രാമലക്ഷ്മണന്മാരെ സീതയില്‍നിന്ന് അകറ്റാന്‍ സ്വര്‍ണഹരിണമായി ചെല്ലാന്‍ രാവണന്‍ മാരീചനോടാവശ്യപ്പെട്ടു. രാക്ഷസന്റെ വാളിന്നിരയായി നരകത്തില്‍ പതിക്കുന്നതിലും നല്ലത് രാമസായകമേറ്റ് മുക്തി നേടുന്നതുതന്നെ എന്നാശ്വസിച്ച മാരീചന്‍ സ്വര്‍ണവര്‍ണത്തില്‍ വെള്ളിപ്പുള്ളികളുള്ള, മാനായി ആശ്രമ സമീപമെത്തി. അത് സീതാദേവിയെ ആകര്‍ഷിച്ചു.

സീത ആവശ്യപ്പെട്ടപ്രകാരം രാമന്‍ മാനിനെ പിടിക്കാന്‍ പുറപ്പെട്ടു. മാനാകട്ടെ പിടികൊടുക്കാതെ ഏറെ ദൂരം പോയി. ഒടുവില്‍ രാമസായകമേറ്റ സ്വര്‍ണമാന്‍ വന്മലപോലെ രാക്ഷസരൂപമായി. ''ഹാ ഹാ ലക്ഷ്മണാ! മമ ഭ്രാതാവേ'' എന്ന് ആര്‍ത്തനാദത്തോടെ പ്രാണന്‍വെടിഞ്ഞു. ഈ ആര്‍ത്തനാദം കേട്ടാണ് രാക്ഷസര്‍ കൊല്ലുംമുമ്പേ സഹോദരനെ രക്ഷിക്കാന്‍ സീത ലക്ഷ്മണനോട് ആവശ്യപ്പെട്ടത്. ലക്ഷ്മണന്‍ പോയപ്പോഴാണ് രാവണന്‍ സീതയെ അപഹരിച്ചത്.
 

Content Highlights: Story of maricha in Ramayanam