തച്ചുശാസ്ത്രമഹിമയിൽ പൂക്കാട്ടിയൂർ മഹാദേവക്ഷേത്രം

വളാഞ്ചേരി: എല്ലാ അർഥത്തിലും ഉയരെയാണ് കുന്നിൻമുകളിലെ ഈ ദേവസന്നിധി. തച്ചുശാസ്ത്രമഹിമയിൽ, ശില്പകലാഭംഗിയിൽ, പ്രകൃതിയുടെ മനോഹാരിതയിൽ തലയെടുത്തുനിൽക്കുന്ന ഇതുപോലൊരു ക്ഷേത്രം അപൂർവം. വലിയ ബലിക്കല്ലും ചെങ്കല്ലിൽപ്പണിത രണ്ടുനിലകളുള്ള മുൻഭാഗവും ഇവിടെ വരാത്തവർക്കും ചിലപ്പോൾ പരിചയമുള്ള കാഴ്‌ചയാകും. 1997-ൽ പുറത്തിറങ്ങിയ ജയരാജിന്റെ 'ദേശാടനം' എന്ന സിനിമയിൽ സ്വാമിയാർ മഠത്തെക്കുറിച്ചു പറയുമ്പോൾ ഈ ഭാഗം കാണിക്കുന്നുണ്ട്. പക്ഷേ, പൂക്കാട്ടിയൂർ മഹാദേവക്ഷേത്രമാണതെന്ന് പലർക്കും അറിയില്ല!
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെത്തുമ്പോൾ മറ്റൊരു കാലത്തിന്റെ ഗോപുരവാതിൽ കടക്കുകയാണ്. ശിവനുമുന്നിലെ വാതിൽമാടത്തിൽ പഴക്കമേറിയ വട്ടെഴുത്ത് ലിഖിതമാണ് ആദ്യകാഴ്‌ച. അതിൽ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ വിവരിക്കുന്നു. രണ്ടുതട്ടുകളായുള്ള(ദ്വിതല)ഘടനയിൽ പണിത നാലമ്പലവും മൂന്നുതട്ടുള്ള(ത്രിതല)ഘടനയിൽ പണിത ചതുരശ്രീകോവിലും തച്ചുശാസ്ത്രപരമായി പ്രാധാന്യമുള്ളവ. ശ്രീകോവിലിന്റെ വിസ്താരമേറിയ ചുമരിൽ പല്ലവ-ചാലൂക്യ ശൈലികളെ അനുസ്‌മരിപ്പിക്കുന്ന ശില്പങ്ങളും കൊത്തുപണികളും... കാശിവിശ്വനാഥന്റെ ഭാവത്തിലാണ് മഹാദേവൻ കുടികൊള്ളുന്നത്. ഭഗവതി (തിരുമാന്ധാംകുന്നിലമ്മ), ഗണപതി, വേട്ടയ്‌ക്കൊരുമകൻ എന്നിവരാണ് ഉപദേവതമാർ.
കല്ലിലെ ദേവചൈതന്യം
ശിവൻ ഇവിടെ സ്വയംഭൂവായതിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ വിറകുണ്ടാക്കുകയായിരുന്ന ഒരു സ്ത്രീ തന്റെ അരിവാൾ അടുത്തുകണ്ട ഒരു കല്ലിൻമേൽ മൂർച്ചകൂട്ടാനായി രാകുകയായിരുന്നു. അതിനിടെ കല്ലിൽനിന്ന് ചോരയൊഴുകുന്നതുകണ്ട് ഭയന്ന അവർ 'പൂക്കാട്ടൂരപ്പൻ പൊട്ടിമുളച്ചേ' എന്ന് ഉച്ചത്തിൽ പറഞ്ഞ് ഓടി. ഈ സ്ഥലത്താണ് പിന്നീട് ക്ഷേത്രമുണ്ടായത്.
പണ്ട് തൃശ്ശൂർ പെരുവനം ഗ്രാമത്തിൽനിന്നുവന്ന് ഇവിടെ താമസമാക്കിയ ബ്രാഹ്മണദമ്പതിമാരാണ് പിൽക്കാലത്ത് ക്ഷേത്രം നിർമിച്ചതെന്നാണ് പ്രശ്നവിചാരത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ക്ഷേത്രം ഊരാളൻ മൂത്തമല മന പുരുഷോത്തമൻ നമ്പൂതിരി പറയുന്നു.
ശിവക്ഷേത്രത്തിനു തൊട്ടുതാഴെ വട്ടശ്രീകോവിലുള്ള മഹാവിഷ്ണുക്ഷേത്രവുമുണ്ട്. ഇരുവർക്കും തുല്യപ്രാധാന്യം. വിഷ്ണുക്ഷേത്രത്തിലും ഉപദേവനായി ഗണപതിയുണ്ട്. പുറത്ത് തിരുവമ്പാടിയപ്പനും. തെക്കുഭാഗത്തായുള്ള വലിയ കുളവും അയ്യപ്പക്ഷേത്രവും ചേർന്നതാണ് ക്ഷേത്രസമുച്ചയം.
14 ഏക്കറോളം വരുന്ന ക്ഷേത്രവളപ്പിലെ പൂരപ്പറമ്പാണ് സുന്ദർദാസ് സംവിധാനംചെയ്ത 'കുടമാറ്റം' എന്ന സിനിമയിൽ ഉത്സവപ്പറമ്പായി ചിത്രീകരിച്ചിരിക്കുന്നത്. 1988-ൽ പുറത്തിറങ്ങിയ പി.എൻ. മേനോന്റെ 'പടിപ്പുര' ഉൾപ്പെടെ വേറേയും സിനിമകൾ പൂക്കാട്ടിയൂരിന്റെ ഗ്രാമ, ക്ഷേത്ര ഭംഗികൾ ദൃശ്യവത്കരിച്ചിട്ടുണ്ട്.
ആയിരം കുടവും കളംപാട്ടും
സർവദുരിതനാശത്തിനായി ശിവന് അർപ്പിക്കുന്ന 'ആയിരം കുടം' ധാരയാണ് പ്രധാനവഴിപാട്. മഹാശിവരാത്രിയും ഭഗവതീസന്നിധിയിലെ കളംപാട്ടിനൊടുവിൽ നടക്കുന്ന താലപ്പൊലി ഉത്സവവുമാണ് പ്രധാന വിശേഷങ്ങൾ. മകരച്ചൊവ്വയ്ക്കാണ് കളംപാട്ട് കൂറയിടുക. ഇപ്പോൾ 41 കളംപാട്ടാണ് നടത്തിവരുന്നതെന്ന് ട്രസ്റ്റി ബോർഡ് അംഗം ബാബു വാരിയത്ത് പറഞ്ഞു. വിവിധ വേഷങ്ങളും പൊയ്‌ക്കാളകളും വാദ്യമേളങ്ങളുമുള്ള നാട്ടുതാലപ്പൊലി ഉത്സവത്തോടെ കളംപാട്ട് അവസാനിക്കും.
കാലടി പടിഞ്ഞാറേടത്തുമന ശങ്കരനുണ്ണി നമ്പൂതിരിപ്പാടാണ് തന്ത്രി. മേൽശാന്തിമാർ: സന്ദീപ്‌കുമാർ വൃന്ദാവൻ (ശിവക്ഷേത്രം), പുതുമന മഠം രാമചന്ദ്രൻ എമ്പ്രാന്തിരി (വിഷ്ണുക്ഷേത്രം). ദേവസ്വം ബോർഡ് ഭരണത്തിലുള്ള ക്ഷേത്രത്തിൽ വി. അശ്വിൻ ആണ് എക്സിക്യുട്ടീവ് ഓഫീസർ. ട്രസ്റ്റി ചെയർമാൻ ടി. രാമകൃഷ്ണൻ. കെ.വി. മണികണ്ഠൻ പ്രസിഡന്റും രതീഷ് ഇല്ലിക്കൽ സെക്രട്ടറിയുമായുള്ള പുനരുദ്ധാരണകമ്മിറ്റി സജീവമാണ്. പഴക്കമേറിയ ക്ഷേത്രം തകർച്ചയില്ലാതെ സംരക്ഷിച്ചുനിർത്തിയിട്ടുണ്ട്. ബാക്കിയുള്ള ചില അറ്റകുറ്റപ്പണികൾ, ചുറ്റുമതിൽ നിർമാണം തുടങ്ങിയവകൂടി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഭക്തർ.
Content Highlights: A stunning Shiva temple atop the Pookkattiyur hills