അക്ഷരം അപ്പവുമാണ്...

By: ടി.സി. പ്രേംകുമാർ, mbiptc@gmail.com
അശ്വനി മാസത്തിലെ ശുക്ലപക്ഷ ദശമി ദിവസം വിജയകാലമായി കണ്ട് വിദ്യാരംഭം കുറിക്കുന്നത് മലയാളിയുടെ എന്നത്തെയും നിറവെളിച്ചമായ പൈതൃകാചാരം. സരസ്വതിയെ വണങ്ങി ആചാര്യൻ സ്വർണം കൊണ്ട് ആദ്യം കുട്ടിയുടെ നാവിൻതുമ്പിലും പിന്നെ വലതു െെകയിലെ കുഞ്ഞുമോതിര വിരൽ പിടിച്ച് തളികയിൽ നിരത്തിയ ഉണക്കലരിയിലും ആദ്യക്ഷരം കുറിക്കുന്നു. ഇത് അറിവിന്റെ നീണ്ട യാത്രയുടെ ആദ്യ ദിനം. കേരളത്തിൽ വിസ്മൃതിയിലായ ജൂത സമൂഹത്തിന്റെ ആചാര നിഷ്ഠയിലും വിദ്യാരംഭത്തിന് പ്രാധാന്യം ഉണ്ടായിരുന്നതായി ചരിത്രം.
അക്ഷരം അപ്പമായി കണ്ട് വിദ്യാരംഭത്തിന് തനതായ മാതൃകയാണ് അവർ സൃഷ്ടിച്ചിരുന്നത്. ദാവീദിന്റെ മകൻ സോളമൻ ചക്രവർത്തിയുടെ കാലത്തുതന്നെ ജൂതർ കേരളത്തിൽ എത്തിയതായി പറയുന്നുണ്ട്. പെരിയാറിന്റെ തീരമായ പറവൂരും ചേന്ദമംഗലവും കൊടുങ്ങല്ലൂരും മാളയുമൊക്കെ അവരുടെ സുരക്ഷിത താവളങ്ങളായി. ഇവിടത്തെ നാടിനോടും നാട്ടാരോടും ഇഴചേർന്നു ജീവിച്ച ജൂതരുടെ പല ചടങ്ങുകളിലും കാണാം കേരളീയ രീതികളുടെ സ്വാധീനം. അതിലൊന്നാകാം ജൂത വിദ്യാരംഭവും. എന്നാൽ വ്യത്യസ്തതകൾ ഏറെയുണ്ടുതാനും. ക്ഷേത്രങ്ങളിൽ രണ്ടു വയസ്സിനു ശേഷം മൂന്നു വയസ്സിനുള്ളിലാണ് കുഞ്ഞുങ്ങൾക്ക് ഗുരുക്കന്മാർ ആദ്യക്ഷരം പകർന്നു നൽകുക.
വിജയദശമി നാളിൽ അല്ലാതെ പ്രധാന സരസ്വതി ക്ഷേത്രങ്ങളിൽ നിത്യേന വിദ്യാരംഭമുണ്ട്. ജൂത വിദ്യാരംഭമാകട്ടെ കുട്ടികൾക്ക് അഞ്ചു വയസ്സു പൂർത്തിയാകുമ്പോഴാണ് നടത്തിയിരുന്നത്. ജൂത പള്ളികളിൽ വച്ചാണ് ഇൗ മഹദ്‌ കർമം നിർവഹിക്കുക. വിദ്യാരംഭത്തിന്റെ ഭാഗമായി അക്ഷരത്തിന്റെ രൂപത്തിൽ അപ്പമുണ്ടാക്കുകയാണ് മറ്റൊരു പ്രത്യേകത. അക്ഷര അപ്പങ്ങൾ ഉണ്ടാക്കി അവ ഒന്നൊന്നായി െെകയിലെടുത്ത് കോൽതേനിൽ മുക്കി കുട്ടികളുടെ വായിൽ വച്ചു കൊടുക്കും. മധുരിക്കുന്ന അക്ഷരങ്ങൾ അവർ രുചിയോടെ, നിറഞ്ഞ മനസ്സോടെ അകത്താക്കും. അറിവ് മധുരതരമാണെന്ന വിശ്വാസവും നറുതേനോളം രുചികരമാണെന്നതും കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കാനാണിത്.
വൈലോപ്പിള്ളി കവിതകളിലും ജൂത വിദ്യാരംഭത്തിന്റെ ധന്യമായ വരികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ബാലകർക്കു വിദ്യതാനെ മധുരിപ്പാ, നക്ഷരങ്ങൾ ഓലയപ്പം തീർത്തു കോൽത്തേൻ ചേർത്തുകൊടുത്തും.....' 1960-കളിൽ സ്വതന്ത്ര ഇസ്രായേലിലേക്ക്‌ കേരളത്തിലെ ജൂത സമൂഹം മടങ്ങിയതോടെ ജൂതകുലത്തിന്റെ അക്ഷരം അപ്പമാക്കിയുള്ള ഈ ആചാരവും ഇവിടെ ഇല്ലാതായി. ജൂത വിശ്വാസത്തിൽ അടിയുറച്ച് കേരളത്തിലെ പൊതു സമൂഹമായി ഇണങ്ങിച്ചേർന്നു കഴിഞ്ഞിരുന്ന ഇവരുടെ ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രം പറവൂരിലെയും ചേന്ദമംഗലത്തെയും ജൂതപ്പള്ളികളിൽ ഇപ്പോഴും കാണാം. അതിലൊന്ന് പള്ളികൾക്കകത്തുണ്ടായിരുന്ന പാഠശാലകളാണ്.
ധാരാളം വെളിച്ചം കടക്കുന്ന രീതിയിലാണ് പള്ളിക്കകത്തെ പാഠശാലകൾ. ജൂതഗ്രന്ഥങ്ങൾ ഉരുവിടുന്നതും തോറാചുരുൾ (വിശുദ്ധ ഗ്രന്ഥം) പകർത്തുന്നതുമൊക്കെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. വേദജ്ഞാനം പകരുക, വേദച്ചുരൾ പകർത്തുക എന്നിവ ഇവിടെ നടന്നിരുന്നു. പറവൂർ പള്ളിയുടെ പഠിപ്പുരയ്ക്കു മുകളിലായി ഉണ്ടായിരുന്ന പഠനകേന്ദ്രം ഇപ്പോഴും കാണാം. വെളിച്ചം ദൈവികശക്തിയും വഴികാട്ടിയുമാണെന്നു വിശ്വസിച്ചിരുന്ന ഇവർ പള്ളികളിൽ നിറയെ തൂക്കുവിളക്കുകൾ സ്ഥാപിച്ചിരുന്നു.
ജൂത മലയാളവും മറ്റൊരു പ്രത്യേകതയായിരുന്നു. പൊതു മലയാളത്തിൽ നിന്ന്‌ അൽപം വേറിട്ടു നിൽക്കുന്നതാണ് ഇത്. ഹീബ്രു, സംസ്‌കൃതം, മറ്റു ദ്രവീഡിയൻ ഭാഷകൾ എന്നിവയിൽ നിന്നുള്ള പദങ്ങളും ജൂത മലയാളത്തിൽ ഉപയോഗിച്ചിരുന്നു. പാഠശാലകളിൽ മലയാളം, ഇംഗ്ലീഷ്, ഹീബ്രു എന്നിവയുടെ വാക്കുകളുടെ അർത്ഥം എഴുതി പഠിപ്പിച്ചതായി കാണാം. പെൺപാട്ടുകളും കളിപ്പാട്ടുകളും ജൂത മലയാളത്തിലായിരുന്നു. ജൂത പഞ്ചാംഗവും ഇവർ ഉപയോഗിച്ചിരുന്നു.
ബാബിലോണിയൻ പഞ്ചാംഗവുമായി സാമ്യമുള്ളവയാണ് ജൂത പഞ്ചാംഗം. 28 ദിവസമാണ് ഒരു ചന്ദ്രമാസം. ഹീബ്രുവിലെ ഓരോ അക്കത്തിനും ഇതിൽ മൂല്യം നിർണയിച്ചിട്ടുണ്ട്. അതുപോലെ ആചാരങ്ങളിലെ മലയാളിത്തം മറ്റു പലതിനുമുണ്ട്. സിനഗോഗിനു കല്ലിടുമ്പോൾ കതിനവെടി പൊട്ടിക്കും. ഒപ്പം കുഴലൂത്തും കുരവയും നടത്തും. പള്ളിയിലേക്ക്‌ കടക്കുമ്പോൾ അസാറയിൽ പാദരക്ഷകൾ ഊരിവയ്ക്കും. വിവാഹത്തിന് വധുവിന് താലി അണിയിക്കുന്നതും കേരളീയ ജൂതരുടെ ആചാരമായിരുന്നു.


VIEW ON mathrubhumi.com