ക്രാന്തദര്‍ശിയായ സംസ്‌കൃതി

ഏതൊരു വസ്തുതയ്ക്കും യുക്തിസഹജമായ ധീഷണപാടവം കണ്ടെത്താന്‍ ഭാരതീയ സംസ്‌ക്കാരത്തിന് കഴിഞ്ഞിട്ടുണ്ട്. ആധ്യാത്മികതയുടെ അടിത്തറയിലാണ് ഇത് കെട്ടിപ്പടുത്തിരിക്കുന്നത് എന്നതിനാല്‍ ഇതിനു നാശമില്ല എന്നതാണ് സത്യം. എന്നാല്‍ ഇന്ന് നല്ല കാര്യങ്ങള്‍ക്ക് എത്തിച്ചേരുന്ന ആളുകളുടെ എണ്ണം കുറവാണ് എന്നതാണ് നേരില്‍ കാണുന്ന വസ്തുത. ഇതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നതാണ് സത്യം. ലോകത്ത് മൂന്നു കാര്യങ്ങള്‍ ദുര്‍ലഭമായിരിക്കുമെന്ന് വിവേകചൂഡാമണിയിലുടെ ശ്രീ. ശങ്കാരചാര്യ സ്വാമികള്‍ വ്യക്തമാക്കുന്നു. കൃതിയിലെ രണ്ടാമതു ശ്ലോകത്തില്‍ ആചാര്യന്‍ പറയുന്നത്
ദുര്‍ലഭം ത്രയമേ വൈദത്
ദൈവാനുഗ്രഹ ഹേതുകം
മനുഷ്യത്വം, മുമുക്ഷ്വത്വം,
മഹാപുരുഷ സംശ്രയം
മൂന്നു കാര്യങ്ങള്‍ വല്ലപ്പോഴും മാത്രം ലഭിക്കുന്നതാണ്. ഒന്ന് മനുഷ്യനായി ജനിക്കാന്‍ കഴിയുക. രണ്ടാമത് മോക്ഷം അഥവാ മുമുക്ഷത്വത്തെ പ്രാപിക്കുക. മൂന്നാമതായി മഹാപുരുഷന്മാരുമായി സത്സംഗത്തില്‍ ഏര്‍പ്പെടാന്‍ കഴിയുക. അഥവാ നല്ല കാര്യങ്ങള്‍ ശ്രവിക്കുവാന്‍ കഴിയുക എന്നത്. ആധുനിക ലോകത്തിന്റെ അവസ്ഥകൂടി വിചിന്തനം ചെയ്ത പുരാണ ഋഷിശ്രേഷ്ഠന്‍ കൃതികളിലൂടെ അവ വരച്ചു കാട്ടുന്നുമുണ്ട്.
കുരുക്ഷേത്രത്തില്‍ പാണ്ഡവരും കൗരവരും തമ്മില്‍ ഏറ്റുമുട്ടിയാല്‍ സര്‍വ്വതും നശിക്കുമെന്നും, അത് കുരുവംശത്തിന്റെ അവസാനത്തിനു കാണമാകുമെന്നും, അതിനാല്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറണമെന്നുമുള്ള ശ്രീകൃഷ്ണന്റെ ഉപദേശം കേള്‍ക്കാന്‍ നൂറ് പേരുണ്ടായിരുന്ന കൗരവര്‍ തയ്യാറായില്ല. കൃഷ്ണന്റെ വാക്കു കേള്‍ക്കാന്‍ അല്പമെങ്കിലും മനസ്സുകാണിച്ചത് അഞ്ച്പേര്‍ മാത്രമുണ്ടായിരുന്ന പാണ്ഡവരായിരുന്നു. ഇതുതന്നെ വലിയൊരു തത്വത്തെയാണ് വെളിവാക്കുന്നത്. നല്ലതു കേള്‍ക്കാന്‍ കുറച്ചാളുകളും നല്ലത് കേള്‍ക്കാതിരിക്കാന്‍ കൂടുതല്‍ ആളുകളും. ലോകജനതയും ഇതുപോലെയാണ്.
വൈര്യം വൈര്യത്തിനാലൊട്ടും
ശമിക്കില്ല ജനാര്‍ദ്ദന
ഹവിസ്സാല്‍ അഗ്‌നിയെപ്പോലെ
വൈര്യം നിത്യം വളര്‍ന്നിടും
എന്ന ധര്‍മ്മപുത്രരുടെ ഉപദേശം കേട്ടാണ് സര്‍വ്വഗുരുവായ കൃഷ്ണന്‍ ദൂതിനായി ഹസ്തിനപുരിയിലേക്ക് പോകുന്നത്. യുദ്ധം നടക്കുമെന്ന് കൃഷ്ണന് മുന്‍വിധി ഉണ്ടായിരുന്നു. തന്റെ ദൂത് ലക്ഷ്യം കാണില്ല എന്നും കൃഷ്ണനറിയാം. എന്നിരുന്നാലും ലോകം പിന്നീട് തന്നെ പഴിക്കാതിരിക്കാന്‍ കൃഷ്ണന് ദൂതനായി പോകേണ്ടി വന്നു. അതിനു പ്രചോദനം നല്‍കിയത് പാണ്ഡവരില്‍ മൂത്തവനായ ധര്‍മ്മപുത്രരും. അതിന് അദ്ദേഹം പറഞ്ഞ ന്യായം ആധുനികകാലത്ത് ഏതൊരുവനും ഓര്‍ത്തിരിക്കേണ്ട തത്വമാണ്. വൈരാഗ്യം കോണ്ട് ഒരാള്‍ക്കും മറ്റൊരു വൈരാഗ്യത്തെ നശിപ്പിക്കാന്‍ കഴിയില്ല. അത് അഗ്‌നിയിലേക്ക് നെയ്യ് പകരുന്നതുപോലെയാണ്. ആളിക്കത്താന്‍ മാത്രമേ അത് ഉപകരിക്കൂ. ഈ ഉപദേശം ലോകനീതിയാണ്. ധര്‍മ്മത്തില്‍ ചരിക്കുന്ന വ്യക്തിക്ക് ധര്‍മ്മത്തിന്റെ പുത്രനെന്ന് വ്യാസന്‍ പേരിട്ടു വിളിച്ചത് വെറുതെയല്ല.
വനവാസകാലത്ത് കൊറ്റി വേഷധാരിയായി എത്തിയ യമധര്‍മ്മന്‍ ലോകത്തിലെ ഏറ്റവും വലിയ അത്ഭൂതം ഏത് എന്ന് ധര്‍മ്മപുത്രരോടു ചോദിച്ചപ്പോള്‍ അത് മരണമാണ് എന്ന് മറുപടി നല്‍കി ധര്‍മ്മപുത്രര്‍. ലോകത്ത് ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത് മനസ്സാണെന്നും എണ്ണത്തില്‍ കൂടുതലുള്ളത് ചിന്തയാണെന്നും പറഞ്ഞതും ധര്‍മ്മപുത്രര്‍ തന്നെയായിരുന്നു. ഈ വിധമുള്ള തത്വചിന്തപരതയാണ് ഭാരതീയ ദര്‍ശനത്തിന്റെ മുന്നോട്ടുള്ള പോക്കിന് വിത്തുപാകിയിരിക്കുന്നത്. വ്യക്തമായ ജീവിതബോധത്തേടുകൂടി, ഏതു സംഭവത്തിന്റേയും അടിസ്ഥാനം. ബാഹ്യതലത്തില്‍ മാത്രം വിശ്രാന്തമായിപോകാതെ അപഗ്രന്ഥന പാടവത്തോടുകൂടി തത്വനിരൂപണങ്ങളെ പകര്‍ന്നുനല്‍കുക എന്നതായിരുന്നു.
യുദ്ധവീരന്മാരുടെ പരാക്രമം വര്‍ണിക്കുകയായിരുന്നില്ല ഭാരതീയരായ പൂര്‍വ്വികാചാര്യന്മാരുടെ തൂലികയുടെ ലക്ഷ്യം. ഒരാളെ പൂര്‍ണ്ണമായും നല്ലവനായോ, ചീത്തയായോ അവര്‍ സൃഷ്ടിച്ചിട്ടില്ല. ഏതൊരു വ്യക്തിയിലും നന്മയുടെ അംശം കുടികൊള്ളുന്നു എന്നതായിരുന്നു ഭാരതീയന്റെ വിശ്വാസം. പ്രതികഥാപാത്രങ്ങളായി രാമായണ, മഹാഭാരത, ഭാഗവതാദി പുരാണങ്ങളില്‍ രാവണന്‍, കുംഭകര്‍ണ്ണന്‍, ദുര്യോധനന്‍, ദുശ്ശാസനന്‍, ശകുനി, ജരാസന്ധന്‍, ശിശുപാലന്‍ തുടങ്ങി നൂറുകണക്കിന് പേരെ അണിനിരത്തിയപ്പോള്‍ അവരുടെ ജീവിതത്തിനെല്ലാം ഉണ്ടായിരുന്ന നല്ലതിനെക്കൂടി വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. യുദ്ധവീരന്മാരുടെ പരാക്രമം വര്‍ണിക്കാനായിരുന്നു എങ്കില്‍ രാമരാവണയുദ്ധത്തില്‍ രാവണന്‍ മരിക്കുകയും രാമന്‍ വിജയിക്കുകയും ചെയ്യുന്നിടത്ത് വാല്‍മീകിക്ക് രാമായണം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ യുദ്ധത്തില്‍ വിജയിച്ച രാമന്റെ ജീവിതത്തില്‍ പിന്നീട് എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കാന്‍ ഉത്തരഭാഗം കൂടി എഴുതി ചേര്‍ത്തതിനുശേഷമാണ് വാല്‍മീകി രാമായണം എന്ന ഇതിഹാസം മടക്കുന്നത്.
മഹാഭാരതത്തില്‍ കുരുക്ഷേത്രയുദ്ധത്തില്‍ കൗരവര്‍ പരാജയപ്പെടുന്നിടത്ത് വ്യാസന്‍ മഹാഭാരതം അവസാനിപ്പിക്കുന്നില്ല. മറിച്ച് യുദ്ധത്തില്‍ വിജയിച്ച പാണ്ഡവരുടെ മരണം കൂടി രേഖപ്പെടുത്തുന്ന ഗാന്തിപര്‍വ്വം എന്ന ഭാഗം കൂടി എഴുതി ചേര്‍ത്താണ് മഹാഭാരതം എന്ന ഇതിഹാസം വേദവ്യാസന്‍ സമാപിപ്പിക്കുന്നത. ഇവിടെയല്ലാം ഒരു മുഖ്യമായ ലക്ഷ്യം ഇതിഹാസ കര്‍ത്താകള്‍ക്ക് ഉണ്ടായിരുന്നു എന്നു തീര്‍ച്ച. തത്വശാസ്ത്രങ്ങളുടെ പൂര്‍ണത ശാസ്ത്രജ്ഞാനത്തിന്റെ സമഗ്രത, ഉത്തമമായ ജീവിത വീക്ഷണം, ഉദാത്തമായ ആശയ സംഹിത എന്നിവ നിറഞ്ഞുനില്‍ക്കുന്നതാണ് ആര്‍ഷസൂക്തികള്‍. വിത്തവും കുലവുമായിരുന്നില്ല ജ്ഞാനത്തിന്റെ അടിസ്ഥാനമായി ഭാരതീയര്‍ കണ്ടിരുന്നത്. മറിച്ച് വരാനിരിക്കുന്ന ലോകത്തിന്റെ അവസ്ഥയെകുറിച്ച് മനസ്സിലാക്കാനുള്ള ക്രാന്തദര്‍ശിത്വമായിരുന്നു.
ആദികവി ഗുരുവായ വാല്‍മീകി മഹര്‍ഷിയുടെ തൂലികതുമ്പില്‍ നിന്ന് വാര്‍ന്നു വീണ ആദികാവ്യമനായ രാമയണം ജീവിത വീക്ഷണത്തിന്റേയും, ശാസ്ത്രീയാവബോധത്തിന്റേയും തത്വജ്ഞാനത്തിന്റേയും ആകെ തുകയായിരുന്നു എന്നതാണ് രാമായണത്തിന്റെ വൈശിഷ്ട്യം എന്ന് ചോദിച്ചാല്‍ ധര്‍മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്റെ കഥ പറയുന്ന കൃതിയാണ് രാമായണം എന്ന് ഒറ്റവാക്കില്‍ പറഞ്ഞേക്കാം. എന്നാല്‍, അതിനപ്പുറത്ത് ഒരു വലിയ തത്വശാസ്ത്രം രാമായണത്തില്‍ മഹാകവി ഓര്‍മിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വേദാന്ത തത്വം പറഞ്ഞിരിക്കുന്ന കൃതിയാണ് രാമായണം. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കുമെന്ന് തത്വശാസ്ത്രം. രാമായണത്തില്‍ നിരവധി കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുകൂടി ലോകത്തിലെ ഏറ്റവും വലിയ വേദാന്ത തത്വം പറയാന്‍ വാല്‍മീകി മഹര്‍ഷി രാമായണത്തില്‍ തിരഞ്ഞെടുത്തത് നിരക്ഷരകുക്ഷിയായ ഒരു കാട്ടാളന്റെ ഭാര്യയെയായിരുന്നു എന്നതാണ് വസ്തുത.
'താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്‍താന്‍ അനുഭവിച്ചീടുകെന്നേവരൂ'
എന്ന വരികള്‍ രാമായണത്തില്‍ പറയുന്നത് രത്നാകരന്‍ എന്ന കാട്ടാളന്റെ മക്കളെ പെറ്റുവളര്‍ത്തിയ അക്ഷരാഭ്യാസമില്ലാത്ത ഒരു കാട്ടാള സ്ത്രീയായിരുന്നു. ഇവിടെ ആദികവി ഗുരു വ്യക്തമായ ഒരു സൂചന സമൂഹത്തിന് നല്‍കുന്നു. ലോകയുക്തികള്‍ വെളിവാക്കാന്‍ ആവശ്യമായത്, തത്വരഹസ്യങ്ങളെ വെളിപ്പെടുത്താന്‍ വേണ്ടത് കുലമഹിമയോ ഗോത്ര മഹിമയോ വിത്തമോ അക്ഷരാഭ്യാസമോ അല്ല. മറിച്ച് അതിനെല്ലാം ഉപരിയായി ഒരുവന്‍ തന്റെ നിത്യജീവിതത്തില്‍ നിന്ന് നേടിയെടുക്കുന്ന ജ്ഞാനമാണ്.
ധര്‍മമൂര്‍ത്തിയായി വിരാജിക്കുന്ന രാമന്‍, അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും അഞ്ച് കര്‍മ്മേന്ദ്രിയങ്ങളേയും അടക്കിനിര്‍ത്താന്‍ ശക്തിയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ദശരഥമഹാരാജാവ്, രാമയണത്തിലെ ഏറ്റവും പ്രധാന ശ്ലോകം മകനായ ലക്ഷ്മണന് ഉപദശിച്ചുകൊടുക്കുന്ന അമ്മയായ സുമിത്ര, രാജാവിനെപ്പോലെ ഭരിക്കുകയും ഋഷിയെപോലെ ജീവിക്കുകയും ചെയ്ത രാജര്‍ഷിയായ ജനകന്‍, സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠന്‍, രാമനോടൊപ്പം പതിനാലുവര്‍ഷം വനത്തിലേക്ക് പോകാന്‍ തയ്യാറായ സീത, യാജ്ഞവല്‍ക്യന്‍, വിശ്വാമിത്രന്‍, ലക്ഷ്മണന്‍ , ഭരതന്‍, കൗസല്യ, കൈകേയി, ശത്രുഘ്നന്‍, ഊര്‍മ്മിള, ഹനുമാന്‍, ബാലി, സുഗ്രീവന്‍, എന്നിങ്ങനെ നൂറുകണക്കിന് കഥാപാത്രങ്ങള്‍ നിറഞ്ഞാടുന്ന രാമായമത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വേദാന്തദര്‍ശനം പറയിപ്പിക്കാന്‍ വാല്‍മീകി തിരഞ്ഞെടുത്തത് ഒരു കാട്ടാള സ്ത്രീയെയായിരുന്നു എന്നു കാണുമ്പോള്‍, എത്ര ഉദാത്തമായിരുന്നു രാമായണത്തെ ദര്‍ശനം എന്നു സ്പഷ്ടം. പ്രസ്തുത വാക്യര്‍ഥങ്ങളെ പറയാന്‍ വേണ്ടി മാത്രമാണ് കവി അത്തരമൊരു പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്.
കാട്ടളനെ സന്യാസിയാക്കിയ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ശോകത്തില്‍ നിന്ന് ശ്ലോകമുതിര്‍ത്ത ഗുരുവിന് ജന്മം നല്‍കിയ നാട്. ശ്ലോകാ ശ്ലോകത്വമാഗത എന്ന് പാരമ്പര്യമാണ് ഭാരതത്തിന്റേത്. ശോകത്തില്‍ നിന്ന് ശ്ലോകമുതിര്‍ത്ത ഗുരുവിന് ജന്മം നല്‍കിയ നാട്. വനവാസകാലത്ത് തന്റെ ആതിഥ്യം സ്വീകരിച്ച് ആശ്രമത്തിലെത്തിയ ശ്രീരാമചന്ദ്രനോട് വാല്‍മീകി മഹര്‍ഷി തന്റെ പൂര്‍വ വൃത്താന്തം വെളിപ്പെടുത്തുന്നു. രാമമന്ത്രത്തിന്റെ ശക്തികൊണ്ടാണ് താന്‍ സന്യാസിയായതെന്ന് പറയുമ്പോള്‍ പ്രസ്തുത കഥയ്ക്കു പിന്നില്‍ ചിന്താദീപ്തമായ വസ്തുതകളെ പകര്‍ത്തിവെയ്ക്കാന്‍ ഇതിഹാസകര്‍ത്താവിനു കഴിയുന്നുണ്ട്.
രത്നാകരന്‍ എന്ന കാട്ടാളന്‍ സപ്തര്‍ഷി മുഖ്യന്മാരായ അത്രി, ആംഗിരസ്, ഭൃഗു, വസിഷ്ഠന്‍, പുലഹന്‍, പുലസ്ത്യന്‍ കേതു എന്നിവരുടെ വസ്ത്രാദികള്‍ തട്ടിപ്പറിക്കാന്‍ എത്തുമ്പോള്‍, ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരായ സപ്തര്‍ഷിക്കള്‍ക്ക് ഒരുപക്ഷേ, രത്നാകരന്‍ എന്ന കാട്ടാളനെ ശപിച്ച് ഒരുപിടി ഭസ്മമാക്കാമായിരുന്നു. അതുമല്ലെങ്കില്‍ തങ്ങളുടെ കൈവശം ഉണ്ടായിരുന്നത് കാട്ടാളന് നല്‍കി വെറുംകൈയുമായി യാത്രയാകാമായിരുന്നു.പക്ഷേ, അവര്‍ അങ്ങനെ ചെയ്യാനല്ല ശ്രമിച്ചത്. മറിച്ച് അവന്റെ ജീവിത വിലക്ഷണത്തെ ചൂണ്ടിക്കാട്ടി ഒരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്. നീ ആര്‍ക്കുവേണ്ടിയാണോ ഈ കര്‍മങ്ങള്‍ ചെയ്യുന്നത്. അതിന്റെ ഫലം അവര്‍കൂടി അനുഭവിക്കുമോ എന്ന് ചോദിച്ചിട്ടുവരിക. നീ ഉത്തരവുമായി മടങ്ങിവരുന്നതുവരെ ഞങ്ങള്‍ ഇവിടെ കാത്തിരിക്കാം.
ഉഗ്രതപശ്ശക്തി കൈമുതലായുള്ള സന്യാസിമാര്‍ ശപിക്കുന്നതിനുപകരം കാട്ടാളനായ രത്നാകരനോട് ചോദ്യം ചോദിക്കുന്നു. എന്താണ് വൈചിത്ര്യത്തിന്റെ അടിസ്ഥാനം. ഇവിടെ വെച്ചൊരു വൈചിത്ര്യമല്ല മറിച്ച് യുക്തിബോധമാണ് വെളിവാക്കുന്നത്. ഒരു ശരീരം ഉണ്ടാകുന്നത് സാമാന്യമായി മൂന്നു അവസ്ഥകളുടെ യോഗമാണെന്നാണ് വേദാന്ത വീക്ഷണം.ദേഹം, മനസ്സ്, ബുദ്ധി എന്നിവ ബുദ്ധി അറിയാനും, മനസ്സ് മനനം ചെയ്യാനും ദേഹം കര്‍മ്മം ചെയ്യാനുമാണ്.
Content Highlights: kaurava, Pandava, Shankara Acharya