ശാർങ്‌ഗക്കാവിലമ്മയ്ക്ക് പ്രകൃതിയുടെ ആറാട്ട്

വെണ്മണി: ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിൽ പ്രകൃതി ഒരുക്കിയ ആറാട്ട് ഭക്തർക്ക് ദർശനപുണ്യമായി. അച്ചൻകോവിലാറിന്റെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയർന്ന് സ്വയംഭൂവിഗ്രഹം വെള്ളത്താൽ മൂടപ്പെടുന്ന അപൂർവകാഴ്ച ശാർങ്ഗക്കാവിലെ പ്രത്യേകതയാണ്.
ഇത് പ്രകൃതിയൊരുക്കുന്ന ആറാട്ടാണെന്നാണ് ഭക്തരുടെ വിശ്വാസം. വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോൾ കണ്ടുതൊഴുന്നതിന് ധാരാളം ഭക്തജനങ്ങൾ എത്താറുണ്ട്. അച്ചൻകോവിലാർ കരകവിഞ്ഞ് ക്ഷേത്രത്തിലൂടെ ഒഴുകുമ്പോഴും ഇവിടത്തെ പൂജകൾ മുടങ്ങാറില്ല. സ്വയംഭൂവിഗ്രഹത്തിന് മുകളിൽ വെള്ളത്തിലാണ് പൂജകൾ ചെയ്യുന്നത്.
വനസദൃശ്യമായ കാവിന്റെ മധ്യഭാഗത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശാർങ്ഗ മഹർഷി തപസ്സുചെയ്തിരുന്ന വനപ്രദേശമാണിതെന്നും അതിനാലാണ് ഈ ക്ഷേത്രസങ്കേതത്തിന് ശാർങ്ഗക്കാവ് എന്ന പേര് ലഭിച്ചതെന്നുമാണ് ഐതിഹ്യം. വലിയ കെട്ടിടങ്ങളോ ഗോപുരങ്ങളോ ചുറ്റമ്പലമോ ഇവിടെയില്ല.
ശാർങ്ഗക്കാവിലെ വാനരസമൂഹം ഒരു കൗതുകക്കാഴ്ചയാണ്. കൊളുത്തിവയ്ക്കുന്ന വിളക്കിലെ തിരികളും നിവേദ്യവും നിർഭയം തട്ടിയെടുത്തു കൊണ്ടുപോകുന്ന കുരങ്ങുകളെ ആരും ഉപദ്രവിക്കാറില്ല.


VIEW ON mathrubhumi.com


READ MORE SPIRITUALITY STORIES: