സ്വർഗത്തിന്റെ താക്കോൽ

By: ഹുസൈൻ രണ്ടത്താണി
മതങ്ങളെ മൂടിക്കെട്ടിയ അന്ധവിശ്വാസങ്ങളുടേയും, മാമൂലുകളുടേയും മാറാല നീക്കുമ്പോൾ ധർമനിഷ്ഠരായ നിരവധി വ്യക്തികളുടെ കർമബഹുലമായ ജീവിത സംഭവങ്ങൾ കാണാം. കാലാകാലങ്ങളിലായി വന്ന പ്രവാചകൻമാരുടേയും അവതാരപുരുഷൻമാരുടേയും ലക്ഷ്യം സദ്ഭാവനയുടേയും സമത്വത്തിന്റേയും സംസ്ഥാപനമായിരുന്നു.
മാനവികമായ ഈ ആശയങ്ങളെയാണ് പൊതുവിൽ ധർമം എന്നു നാം വിളിക്കുന്നത്. മതങ്ങൾ സൃഷ്ടിക്കപ്പെട്ടത് മനുഷ്യരെ ഒന്നിപ്പിക്കാനാണ്. പക്ഷേ മനുഷ്യർ മതങ്ങളെവെച്ച് പരസ്പരം പോരടിക്കുന്നു. മതമേതായാലും ഓരോന്നും ഒരേ ധർമത്തിന്റെ കൈവഴികളാണ്. എല്ലാ പ്രവാചകൻമാരും പ്രബോധനംചെയ്തത് ഒരേ ധർമം തന്നെയാണ്. എല്ലാവരേയും അംഗീകരിക്കുമ്പോൾ മാത്രമേ ഒരാൾ മുസ്‌ലിമാവൂ എന്ന വേദവചനത്തിന്റെ പൊരുൾ അതാണ്. നന്മ ആര് ചെയ്താലും അത് ധർമമാണ്. അതിന് ആർക്കും ദൈവത്തിങ്കൽ പ്രതിഫലവുമുണ്ട്. നന്മയുടെ മാനദണ്ഡം നിറമോ പിറവിയോ അല്ല; സത്കർമങ്ങൾ തന്നെയാണെന്നും വേദ വചനമുണ്ട്. ഋഷി പ്രോക്തരായ വ്യക്തികൾ അങ്ങനെയാണ് ദൈവത്തെ പ്രാപിച്ചത്.
മക്കയിൽനിന്ന് തുടങ്ങിയ മുഹമ്മദ് നബിയുടെ പ്രബോധനം അനുയായികൾ ഏറ്റെടുത്തതും കടലും കരയും താണ്ടി ലോകത്തിന്റെ വിവിധ ദേശങ്ങളിലെത്തിച്ചതും മാനവ സേവയിലൂടെയാണ്. വർഗ വർണ വിവേചനങ്ങൾമൂലം പരസ്പരം കലഹിച്ച ജനതതികളിൽ ഏകനായ അല്ലാഹുവിനെ പ്രതിഷ്ഠിച്ച് സമത്വവും സാഹോദര്യവും സൃഷ്ടിക്കാൻ ഈ മഹാ മാനുഷർ പാടുപെട്ടു. ഖലീഫമാരും. സൂഫികളും, മത പണ്ഡിതൻമാരും, അമീറുമാരും, സുൽത്താന്മാരുമുണ്ട് ഇക്കൂട്ടത്തിൽ. അവരുടെ മാതൃകാപരമായ ജീവിതം എന്നും നമുക്ക് പ്രചോദനമാണ്. തോമസ് കാർലൈൽ പറഞ്ഞതുപോലെ മഹാൻമാരാണ് ചരിത്രം സൃഷ്ടിക്കുന്നത്. മഹാൻമാർ സമൂഹത്തിനുവേണ്ടി ജീവിതം സമർപ്പിക്കുമ്പോൾ അത് ചരിത്രമായി മാറുന്നു. അവർ സ്വാർഥതയോട് വിട പറഞ്ഞ് സമൂഹത്തിനുവേണ്ടി ജീവിതം സമർപ്പിക്കുമ്പോൾ അവിടെ ചരിത്രം ജനിക്കുന്നു. പ്രവാചകന്റെ ജീവിതംതന്നെ സംഭവമായി മാറുന്നത് അവിടത്തെ കാരുണ്യവും പാവപ്പെട്ടവരോടുള്ള സ്നേഹവുമാണ്.
പ്രവാചകൻ തന്റെ സഹജരുമായി കുശലം പറയവേ, ഒരു ദിവസം ചോദിച്ചു: ഇന്നാരെങ്കിലും നോമ്പെടുത്തിട്ടുണ്ടോ? അന്ന് നോമ്പു കാലമല്ല. എന്നാലും ഹസ്രത് അബൂബക്കറിന് നോമ്പുണ്ട്. കൂട്ടത്തിൽനിന്ന് അബൂബക്കർ പറഞ്ഞു: 'ആചാര്യ, ഞാൻ നോമ്പുകാരനാണ്.' നബിയുടെ രണ്ടാമത്തെ ചോദ്യം: 'ആരെങ്കിലും ഇന്ന് പാവപ്പെട്ടവർക്ക് അന്നം നല്കിയിട്ടുണ്ടോ? ആരും മിണ്ടുന്നില്ല. ഒടുവിൽ ഹസ്രത് അബൂബക്കർ തന്നെ പറഞ്ഞു: 'ആചാര്യ, ഞാനെന്നും പാവങ്ങളെ അന്നമൂട്ടാറുണ്ട്.' പ്രവാചകന്റെ മൂന്നാമത്തെ ചോദ്യം: 'സത്യം പറയൂ, ഇന്നാരാണ് രോഗികളെ സന്ദർശിച്ചത്? സത്യം പറയാതിരിക്കാൻ ഹസ്രതിന് കഴിഞ്ഞില്ല. 'നബീ ഞാനിന്ന് രോഗികളെ സന്ദർശിച്ചാണ് വരുന്നത്.' ഉടനെ നബിയുടെ മറുപടി: ഈ മൂന്ന് കാര്യങ്ങളും ചെയ്തവർക്ക് സ്വർഗത്തിന്റെ താക്കോൽ കിട്ടും. സന്മാർഗത്തിന്റെ ഉറവിടം ഭക്തിയും സഹായവും സഹാനുഭൂതിയുമാണെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
റംസാന്‍ പ്രത്യേക പേജില്‍ പ്രസിദ്ധീകരിച്ചത്‌


VIEW ON mathrubhumi.com


READ MORE SPIRITUALITY STORIES: